തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട വിമാനവും കണ്ണൂരിൽ നിന്ന് മസ്‌കറ്റിലേക്ക് പുലര്‍ച്ചെ പോകേണ്ട വിമാനവും കണ്ണൂരിൽ നിന്ന് ദമാമിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. ഇതോടെ പ്രതിഷേധവുമായി യാത്രക്കാരെത്തി.
നെടുമ്പാശ്ശേരിയിൽ നിന്ന് രാവിലെ 8.50ന് മസ്ക്കറ്റിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ് പ്രസ്സ് വിമാനം റദ്ദാക്കി. കരിപ്പൂരില്‍ റദ്ദാക്കിയത് മൂന്ന് സര്‍വീസുകളാണ്. അല്‍ ഐന്‍, ജിദ്ദ, ദോഹ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകളാണ് കരിപ്പൂരില്‍ നിന്ന് റദ്ദാക്കിയത്. രാവിലെ എട്ടിന് പുറപ്പെടേണ്ട അല്‍ ഐന്‍ സര്‍വീസ്, 08.50നുള്ള ജിദ്ദ, 09.30നുള്ള ദോഹ എന്നിവയാണ് റദ്ദാക്കിയ സര്‍വീസുകള്‍.
8.30ന് പുറപ്പെടേണ്ട തിരുവനന്തപുരം -മസ്‌ക്കറ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും റദ്ദാക്കിയിരുന്നു. കണ്ണൂരില്‍ നാല് സര്‍വീസുകളാണ് റദ്ദാക്കിയത്. ഷാര്‍ജ, അബുദബി, ദമാം, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് കണ്ണൂരില്‍ നിന്ന് റദ്ദാക്കിയത്. കരിപ്പൂരിൽ നിന്നുള്ള രണ്ട് സർവീസുകൾ കൂടി റദ്ദാക്കിയിട്ടുണ്ട്. സലാല, റിയാദ് വിമാനങ്ങളാണ് റദ്ദാക്കിയത്.
വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം തുടരുകയാണ്. ഇന്നലെ രാത്രിയും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം കൂട്ട അവധിയെടുത്തതോടെയാണ് എയര്‍ ഇന്ത്യയില്‍ സര്‍വ്വീസ് പ്രതിസന്ധിയിലായത്. 200 ലധികം ക്യാബിന്‍ ക്രൂ ജീവനക്കാര്‍ സിക്ക് ലീവ് എടുക്കുകയായിരുന്നു.
വരും ദിവസങ്ങളിലും എയർ ഇന്ത്യ സർവീസുകൾ തടസ്സപ്പെട്ടേക്കുമെന്ന് കാണിച്ച് കമ്പനി സിഇഒ അലോക് സിംഗ് ജീവനക്കാർക്ക് ഇ-മെയിൽ അയച്ചു. നിയന്ത്രിത ഷെഡ്യൂൾ ഏർപ്പെടുത്താൻ കമ്പനി നിർബന്ധിതമായെന്ന് അലോക് സിംഗ് അറിയിച്ചു. വരും ദിവസങ്ങളിലെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ്.ജീവനക്കാരുമായി ചർച്ചയ്‌ക്ക് സന്നദ്ധമാണെന്നും അലോക് സിംഗ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: