തിരുവനന്തപുരം : മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് കെ എസ് ആര്‍ ടി സി താത്കാലിക ഡ്രൈവര്‍ യദുവുമായി ബസ് തടഞ്ഞിട്ട് വാക്കേറ്റം നടത്തിയതിനെ തുടര്‍ന്ന സി പി എമ്മിന്റെ നോട്ടപ്പുളളിയായിരിക്കുകയാണ് ഡ്രൈവര്‍. തന്റെ സ്വകാര്യ കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച മേയര്‍ പിന്നീട് യദു അശ്ലീല ആംഗ്യം കാട്ടിയതിനാണ് ബസ് തടഞ്ഞതെന്ന് നിലപാട് മാറ്റി.
ഏതായാലും സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെ സൈബറിടങ്ങളിലും ചാനലുകളിലും വളഞ്ഞിട്ടാക്രമിക്കുന്നതാണ് പിന്നീട് കണ്ടത്. കോര്‍പ്പറേഷന്‍ കൗണ്‍സിലിലും ബി ജെ പി ഉള്‍പ്പെടെ മേയറുടെ രാജി ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസുകാര്‍ തെരുവിലും പ്രതിഷേധിച്ചു. അധികാരത്തിന്റെ ഹുങ്കാണ് മേയറും ഭര്‍ത്താവും കാട്ടിയതെന്ന വാദത്തിനായിരുന്നു പ്രാമുഖ്യം.നില്‍ക്കളളിയില്ലാതായതോടെ ഡി വൈ എഫ് ഐ പ്രതിരോധത്തിനിറങ്ങി. ഇതോടെ പാര്‍ട്ടിയുടെ പതിവ് രീതിയായ എതിരാളിയെ വേട്ടയാടുക എന്ന ശൈലി സ്വീകരിച്ചു.ഇതിന്റെ ഭാഗമായി യദുവിന്റെ പൂര്‍വ ചതിത്രം തിരഞ്ഞ് തുടങ്ങി പാര്‍ട്ടി. യദുവിന്റെ പേരില്‍ മുമ്പ് സ്ത്രീക്ക് നേരെ അശ്ലീലം കാട്ടിയതിനും അടിപിടി കേസുകളുണ്ടെന്നും പാര്‍ട്ടി കണ്ടെത്തിയതാണ് അങ്ങനെയാണ്. എന്നാല്‍ ഇതൊക്കെ വൈരാഗ്യം വച്ച് ഉണ്ടാക്കിയതാണെന്നും തന്നെ കോടതി വെറുതെ വിട്ടിട്ടുളളതാണെന്നും യദു വ്യക്തമാക്കി.
ഈ പശ്ചാത്തലത്തിലാണ് നടി റോഷ്ന ആന്‍ റോയി സാമൂഹ്യമാധ്യമത്തിലൂടെ യദുവിനെതിരെ രംഗത്തെത്തിയത്. ഒരു വര്‍ഷത്തോളം മുമ്പ് യദുവില്‍ നിന്നും മോശം അനുഭവമുണ്ടായെന്നാണ് നടിയുടെ പരാതി. കഴിഞ്ഞ വര്‍ഷം ജൂണ്‍ 19 ന് എറണാകുളത്തേക്കുള്ള യാത്രാ മധ്യേ കുന്നംകുളത്തിനടുത്തു വച്ചു യദു ഓടിച്ചിരുന്ന കെഎസ്ആര്‍ടിസി ബസ് അമിതവേഗതയില്‍ വന്നുവെന്നും ചോദ്യം ചെയ്തപ്പോള്‍ അസഭ്യം വിളിച്ചുവെന്നുമായിരുന്നു റോഷ്നയുടെ ആരോപണം. ഇതോടെ കച്ചിത്തുരുമ്പ് കിട്ടിയ മേയര്‍ സാമൂഹ്യ മാധ്യമത്തിലൂടെ പ്രതികരിക്കുകയും ചെയ്തു.
ബസ് തടഞ്ഞതിന് മേയര്‍ക്കെതിരെ പരാതിയില്ലാത്ത കെ എസ് ആര്‍ ടി സി നടിയുടെ വെളിപ്പെടുത്തലോടെ സടകുടഞ്ഞെഴുന്നേറ്റു. വണ്ടിയോടിച്ചത് യദു തന്നെയെന്നാണ് കെ എസ് ആര്‍ ടി സി ആഭ്യന്തര വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ടിലുളളത്.ഗതാഗത മന്ത്രിക്കാണ് കെഎസ്ആര്‍ടിസി ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. കണ്ടക്ടറുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. സംഭവത്തില്‍ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്നാണറിയുന്നത്. എന്നാല്‍ നടി ഉന്നയിച്ച ആരോപണം സംബന്ധിച്ച് ഓര്‍മ്മയില്ലെന്നാണ് യദു പറയുന്നത്.
യദുവിന്റെ പൂര്‍വചരിത്രമൊക്കെ സി പി എം പ്രവര്‍ത്തകര്‍ ചികഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് ഇതില്‍ നിന്നൊക്കെ അനുമാനിക്കാനാകുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ ആകെ വിയര്‍ത്ത് നില്‍ക്കുന്ന മേയറെയും എം എല്‍ എയെയും എങ്ങനെയും വെളളപൂശിയെടുത്തേ പറ്റൂവെന്ന അവസ്ഥയാണ് നിലവിലുളളത്. നേരത്തേ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മേയറെ ന്യായീകരിച്ചിരുന്നു.
തിരുവനന്തപുരത്തുണ്ടായ തര്‍ക്കം സംബന്ധിച്ച് ,മേയറുടെ ഒപ്പം ഉണ്ടായിരുന്നയാള്‍ അച്ഛന്റെ വകയാണോ റോഡെന്ന് ചോദിച്ചെന്നും അപ്പോള്‍ താനും അതേനാണയത്തില്‍ മറുപടി നല്‍കിയെന്നും യദു വെളിപ്പെടുത്തുകയുണ്ടായി.പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നില്‍ റെഡ് സിഗ്നല്‍ ഉണ്ടായിരുന്നപ്പോള്‍ കാര്‍ പാര്‍ക്ക് ചെയ്തിട്ടാണ് അശ്ലീല ആംഗ്യം കാട്ടിയതിനെ ചോദ്യം ചെയ്തതെന്നാണ് മേയര്‍ പറഞ്ഞത്. എന്നാല്‍ പച്ച സിഗ്നല്‍ ഉളളതിനാല്‍ മറ്റ് വാഹനങ്ങള്‍ കടന്നുപോകുന്നതും മേയറുടെ കാര്‍ റോഡിന് മധ്യത്തില്‍ സീബ്ര ലൈനില്‍ ബസിന് കുറുകെ ഇട്ടിരിക്കുന്നതും ക്യാമറാ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
മേയര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവറെ രാത്രി തന്നെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും പരിശോധനയില്‍ യദു ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് തെളിയുകയും ചെയ്തു. എന്നാല്‍ ബസ് തടഞ്ഞ് ട്രിപ്പ് മുടക്കിയെന്ന് കാട്ടി ഡ്രൈവര്‍ മേയര്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും അത് കൗണ്ടര്‍ പെറ്റീഷനാണെന്ന് നിസാരവത്കരിച്ച് കേസെടുക്കാന്‍ പൊലീസ് കൂട്ടാക്കിയുമില്ല. തുടര്‍ന്ന് പൊലീസ് കമ്മീഷണര്‍ക്കും ഡി ജിപിക്കും ഒക്കെ പരാതി നല്‍കിയപ്പോഴാണ് അന്വേഷണത്തിനെങ്കിലും തയാറായത്. മനുഷ്യാവകാശ കമ്മീഷനും ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ദൃശ്യങ്ങള്‍ക്കായി ബസിലെ ക്യാമറ പരിശോധിക്കാനെത്തിയപ്പോഴേക്കും അതിലെ മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായിരുന്നു!.അശ്ലീല ആംഗ്യം കാട്ടിയിട്ടില്ലെന്ന ഡ്രൈവറുടെ വാദം തെളിയിക്കുന്നതിന് മെമ്മറി കാര്‍ഡ് നിര്‍ണായകമാണ്. തര്‍ക്കത്തിനിടെ മേയറുടെ ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എ ബസിനുളളില്‍ കയറിയതും സംശയകരമാണെന്ന് വാദമുയര്‍ന്നിട്ടുണ്ട്.
ഏതായാലും മേയര്‍ക്കും ഭര്‍ത്താവിനുമെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് യദു എന്നതാണ് ഒടുവിലത്തെ വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: