ന്യൂദല്‍ഹി: ഏപ്രിലില്‍ രേഖപ്പെടുത്തിയ ഇന്ത്യയുടെ സംയോജിത പര്‍ച്ചേസിങ് മാനേജേഴ്സ് സൂചിക(പിഎംഐ-Purchasing Managers Index) 58.8 കഴിഞ്ഞ 40 മാസങ്ങളില്‍ നേടിയ മികച്ച മുന്നേറ്റം തന്നെയെന്ന് വിലയിരുത്തല്‍. മാര്‍ച്ചിനെ അപേക്ഷിച്ച് പിഎംഐ സൂചിക അല്‍പം കുറഞ്ഞിട്ടുണ്ട്. മാര്‍ച്ചില്‍ 59.1ഉം ഫെബ്രുവരിയില്‍ 60.6 ഉം ഉണ്ടായിരുന്ന പിഎംഐ സൂചികയാണ് ഏപ്രിലില്‍ 58.8 ലേക്ക് താഴ്ന്നത്. എങ്കിലും ഈ കണക്ക് കഴിഞ്ഞ മൂന്നര വര്‍ഷങ്ങളില്‍ നേടിയ മികച്ച വളര്‍ച്ചതന്നെയാണെന്ന് വിലയിരുത്തുന്നു. കാരണം പിഎംഐ സൂചികയുടെ ദീര്‍ഘകാല ശരാശരി 52.1 മാത്രമാണ്. ഇത് ഇന്ത്യയ്‌ക്ക് പ്രതീക്ഷ പകരുന്ന ഘടകം തന്നെയാണ്. മാത്രമല്ല, ഇന്ത്യയുടെ ഉല്‍പാദന-സേവന രംഗം ചുരുങ്ങുന്നു എന്ന് കാണിക്കുന്നതിന്റെ അളവ് 50 ആണ്. അതിനേക്കാള്‍ എത്രയോ ഉയര്‍ന്ന കണക്കാണ് ഏപ്രില്‍ രേഖപ്പെടുത്തിയ 58.8 .
എച്ച് എസ്ബിസി പിഎംഐ സൂചിക അനുസരിച്ച് ആദ്യ സാമ്പത്തികപാദത്തില്‍ ഇന്ത്യയുടെ ഉല്‍പാദനരംഗം മികച്ച ഫോമിലാണ്. അതുപോലെ കഴിഞ്ഞ 40 മാസങ്ങളില്‍ വെച്ച് മികച്ച പ്രവര്‍ത്തന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. കാരണം മികച്ച ഡിമാന്‍റ്, ബിസിനസില്‍ ഉണ്ടായ മികച്ച മുന്നേറ്റം, ഉല്‍പാദനം കൂട്ടിയത്- ഇതെല്ലാം മികച്ച സാഹചര്യമാണ്. അതുപോലെ 19 വര്‍ഷം മുന്‍പ് പിഎംഐ ഡേറ്റയ്‌ക്കുള്ള വിവരം ശേഖരിച്ചുതുടങ്ങുന്ന കാലത്തെ അപേക്ഷിച്ച് ഉല്‍പാദനത്തിനുള്ള അസംസ്കൃത വിഭവങ്ങള്‍ വന്‍തോതിലാണ് കമ്പനികള്‍ ശേഖരിച്ചിരിക്കുന്നത്. അലൂമിനിയം, പേപ്പര്‍ ഉല്‍പന്നങ്ങള്‍, സ്റ്റീല്‍,പ്ലാസ്റ്റിക്സ് എന്നിവയുടെ വില ഉയര്‍ന്നിട്ടുണ്ട്.
“ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭിക്കുന്ന പുതിയ ഓര്‍ഡറുകള്‍, ഉല്‍പാദനരംഗം കഴിഞ്ഞ 40 മാസങ്ങളില്‍ വെച്ച് മികച്ച രണ്ടാമത്തെ വേഗം കൈവരിച്ചുണ്ടായ വളര്‍ച്ച, കമ്പനികള്‍ അല്‍പം സാവധാനത്തിലാണെങ്കിലും വീണ്ടും ജീവനക്കാരെ നിയമിക്കാന്‍ തുടങ്ങിയത്- ഇതെല്ലാം ഇന്ത്യന്‍ സമ്പദ് ഘടനയ്‌ക്കുള്ള പ്രതീക്ഷയുടെ വെള്ളിവെളിച്ചങ്ങളാണ്.”-എച്ച് എസ് ബിസി ചീഫ് ഇക്കണോമിസ്റ്റ് പ്രഞ്ജുള്‍ ഭണ്ഡാരി പറയുന്നു. തൊഴില്‍രംഗത്ത് നേരിയ തോതിലേ മുന്നേറ്റം ഉണ്ടായുള്ളൂവെങ്കിലും സെപ്തംബര്‍ 2023ന് ശേഷം ഇത് വന്‍വളര്‍ച്ച തന്നെയാണ്.
എന്താണ് പര്‍ച്ചേസ് മാനേജേഴ്സ് സൂചിക അഥവാ പിഎംഐ?
ഉല്‍പാദന-സേവന രംഗങ്ങളിലെ സാമ്പത്തിക പ്രവണതകളുടെ ദിശ നോക്കി വിപണി വികസിക്കുകയാണോ ചുരുങ്ങുകയാണോ എന്ന് പ്രവചിക്കുന്ന സൂചികയാണ് പിഎംഐ (പര്‍ച്ചേസിങ് മാനേജേഴ്സ് സൂചിക(പിഎംഐ-Purchasing Managers Index) . നിലവിലുള്ളതും വരാനിരിക്കുന്നതുമായ വ്യവസായത്തിന്റെ പോക്കിനെക്കുറിച്ച് കമ്പനികാര്യങ്ങളില്‍ തീരുമാനമെടുക്കുന്നവര്‍ക്കും വ്യവസായരംഗം വിശകലനം ചെയ്യുന്നവര്‍ക്കും നിക്ഷേപകര്‍ക്കും കൃത്യമായി സൂചന നല്‍കുന്ന ഒന്നാണ് പിഎംഐ സൂചിക. 19 സുപ്രധാന വ്യാവസായിക ഉല്‍പന്നങ്ങളുടെ വിതരണശൃംഖലകള്‍ കൈകാര്യം ചെയ്യുന്ന മാനേജര്‍മാരില്‍ നിന്നും മാസാമാസം ശേഖരിക്കുന്ന കണക്കുകള്‍ ഉപയോഗപ്പെടുത്തിയാണ് പിഎംഐ സൂചിക തയ്യാറാക്കുന്നത്. യുഎസിലെല്ലാം സാമ്പത്തികനില സൂചിപ്പിക്കുന്ന സുപ്രധാന വഴികാട്ടിയായ ഒന്നായാണ് പിഎംഐയെ കാണുന്നത്. പുതിയ ഓര്‍ഡറുകള്‍, ഇന്‍വെന്‍ററിയുടെ നില, ഉല്‍പാദനം, സപ്ലൈയര്‍ക്ക് നല്‍കിയ ചരക്ക് കൈമാറ്റം, തൊഴില്‍ എന്നീ അഞ്ച് മേഖലകളില്‍ സര്‍വ്വേ എടുത്തശേഷമാണ് പിഎംഐ തയ്യാറാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: