മുംബൈ: കൊട്ടക് മഹീന്ദ്ര ബാങ്കിനെ ചില സേവനങ്ങൾ നൽകുന്നതിൽ നിന്ന് വിലക്കി ആർ.ബി.ഐ. ഓൺലൈനിൽ പുതിയ ഉപഭോക്താക്കളെ ചേർക്കാനോ പുതിയ ക്രെഡിറ്റ് കാർഡുകൾ അനുവദിക്കാനോ ബാങ്കിന് ഇന് കഴയില്ല. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം നിലവിലുള്ള ഉപഭോക്താക്കൾക്ക് ഈ സേവനങ്ങൾ തുടർന്നും നൽകാമെന്നും ആർ.ബി.ഐ അറിയിച്ചു.
ഉപഭോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിലും ഐടി സേവനങ്ങൾ നൽകുന്നതിലും ബാങ്കിന് ഗുരുതര വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആർ.ബി.ഐ വിലക്കേർപ്പെടുത്തിയത്. ചോർച്ച തടയാനടക്കമുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതിൽ ബാങ്ക് സമയബന്ധിതമായി നടപടിയെടുത്തില്ലെന്നും റിസർവ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സുരക്ഷയ്‌ക്ക് വേണ്ട അടിസ്ഥാന സംവിധാനങ്ങളുടെ ന്യൂനതയും ആർ.ബി.ഐ ചൂണ്ടിക്കാട്ടുന്നു.
2022-23 കാലഘട്ടത്തിൽ ആർ.ബി.ഐ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ സുരക്ഷാ പിഴവുകൾ പരിഹരിക്കുന്നതിൽ ബാങ്ക് വരുത്തിയ വീഴ്ച ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചത് .1949-ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ സെക്ഷന്‍ 35 എ പ്രകാരമാണ് നടപടി.
കൊടക് ബാങ്ക് ഓഹരിവിലയില്‍ തകര്‍ച്ച
കൊടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരി വിലയില്‍ വ്യാഴാഴ്ച വന്‍തകര്‍ച്ച. ആര്‍ ബിഐ ബാങ്കിന് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് 10 ശതമാനത്തില്‍ അധികമാണ് ഓഹരി വില ഇടിഞ്ഞത്. 1842 രൂപയുണ്ടായിരുന്ന ഓഹരി 197 രൂപ നഷ്ടത്തില്‍ 1645 രൂപയിലേക്ക് വീണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: