തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖര്‍ വിജയിച്ചാല്‍ നഗരത്തില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംപി ഓഫീസ് നിലവില്‍ വരുമെന്നും മണ്ഡലങ്ങള്‍ തോറും ഇതിന്റെ സബ് ഓഫീസ് പ്രവര്‍ത്തിക്കുമെന്നും ബിജെപി തിരുവനന്തപുരം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാനും മുന്‍ അംബാസിഡറുമായ ഡോ. ടി.പി. ശ്രീനിവാസന്.
ഇതിലൂടെ ഇവിടെ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സഹായകമാകും. രാജീവ് ചന്ദ്രശേഖര്‍ ഇല്ലാത്ത സമയങ്ങളില്‍ ആവശ്യങ്ങളുമായി വരുന്നവര്‍ക്ക് അവിടെവച്ച് തന്നെ ഫോണില്‍ നേരിട്ട് സംസാരിക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ടി.പി. ശ്രീനിവാസന് പറഞ്ഞു.
കഴിഞ്ഞ 15 വര്‍ഷമായി വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാത്ത തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന് ചെയ്യാന്‍ സാധിക്കുന്നവ ഉള്‍പ്പെടുത്തിയാണ് ‘ഇതാണ് കാര്യം’ എന്ന വികസന രേഖ. ഇതിലൂടെ എവിടെയൊക്കെ എന്തൊക്കെ വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുകയെന്ന് ജനങ്ങള്‍ക്ക് മനസിലാക്കാനാകും. ഓരോ തവണയും ജനങ്ങള്‍ക്ക് വികസന പുരോഗതി രാജീവ് ചന്ദ്രശേഖറിനോട് നേരിട്ട് ചോദിക്കാനും അവസരമുണ്ടാകും. ഒരു മാസക്കാലം ജനങ്ങളോട് നേരിട്ട് സംവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇതാണ് കാര്യം എന്ന വികസനരേഖ തയ്യാറാക്കിയിരിക്കുന്നത്.
തിരുവനന്തപുരത്ത് എയിംസും സബര്‍ബന്‍ ട്രെയിനുമുള്പ്പെടെയുള്ളവ നടപ്പിലാക്കും. വികസനപ്രവര്‍ത്തനങ്ങള്‍ അടുത്ത അഞ്ചുകൊല്ലങ്ങള്‍ കൊണ്ട് കേന്ദ്ര-കേരള സര്‍ക്കാരുകളുടെയും മറ്റ് എന്‍ജിഒകളുടെയും സംഘടനകളുടെയും സഹകരണത്തിലൂടെയായിരിക്കും നടപ്പാക്കുക. മുടങ്ങിക്കിടക്കുന്ന പ്രോജക്ടുകളും പൂര്‍ത്തിയാക്കും. കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെടുത്തി ഇതിനാവശ്യമായ പണം കണ്ടെത്തും.
കഴിഞ്ഞ രണ്ടു മൂന്ന് തെരഞ്ഞെടുപ്പുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുള്ളയാളെന്ന നിലയില്‍ ഇത്തവണ രാജീവ് ചന്ദ്രശേഖറിന് അനുകൂലമാണെന്നും അദ്ദേഹത്തിന്റെ ഭരണപരിചയവും ടെക്നോളജി പരിചയവും പരിഗണിച്ച് ഇതുവരെ വോട്ടുചെയ്യാതിരുന്ന പലരും വോട്ടു ചെയ്യുമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. തീരദേശത്തും വളരെ അനുകൂല അന്തരീക്ഷമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: