തിരുവനന്തപുരം : കാണാതായ ജെസ്ന മരിയ ജെയിംസ് വീട്ടില്നിന്ന് പോകുമ്പോള് 60,000 രൂപ കൈയ്യിലുണ്ടായിരുന്നെന്നും ഇതേക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ് സിജെഎം കോടതിയില് അധിക സത്യവാംഗ്മൂലം നല്കി. ജെസ്നയ്ക്ക് കോളേജ് യാത്രയ്ക്കും മറ്റു ചെലവുകള്ക്കും ദിവസേന മാതാപിതാക്കള് പണം നല്കിയിരുന്നു.
എന്നാല് ഇത്ര വലിയ തുക വീട്ടുകാര് നല്കിയതല്ല. സഹോദരി അവിചാരിതമായാണ് ജസ്നയുടെ കയ്യില് ഇത്രയും വലിയ തുക കണ്ടെത്തിയത്. ഈ പണത്തിന്റെ ഉറവിടം സിബിഐ അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങള് വീട്ടില്നിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവില് പൊലീസ് ഓഫിസര് ലിജുവുമാണെന്ന് സത്യവാംഗ്മൂലത്തില് പറയുന്നു. ജെസ്നയുടെ മൂന്ന് ഡയറികളും ഫോണും നോട്ട് ബുക്കുകളും പൊലീസ് വീട്ടില്നിന്ന് കൊണ്ടുപോയി. ഇതേക്കുറിച്ചൊന്നും സിബിഐ അന്തിമ റിപ്പോര്ട്ടില് പറഞ്ഞിട്ടില്ല. പിതാവിന്റെ ആന്ഡ്രോയിഡ് ഫോണില്നിന്ന് ചില പരിചയക്കാരെ ജെസ്ന വിളിച്ചിരുന്നു. പിന്നീട് ഈ നമ്പരുകള് ഡിലീറ്റ് ചെയ്തു. ഈ നമ്പരുകള് വീണ്ടെടുക്കേണ്ടുണ്ട്.
ലോട്ടറി വില്പ്പനക്കാരന് ജെസ്നയെ കണ്ടതായി പറഞ്ഞെങ്കിലും സിബിഐ ചോദ്യം ചെയ്തില്ല. ജെസ്നയുടെ സുഹൃത്തുക്കളെയും മുറിയില് കൂടെ താമസിച്ചവരെയും കൃത്യമായി ചോദ്യം ചെയ്തിരുന്നെങ്കില് കൂടുതല് വിവരങ്ങള് കിട്ടുമായിരുന്നു. ആറുമാസം കൂടി സിബിഐ ഈ കേസ് അന്വേഷിക്കണമെന്നും കുടുംബം പരാതിയായി ഉന്നയിച്ച കാര്യങ്ങളില് അന്വേഷണം നടത്തണമെന്നും അധിക സത്യവാങ്മൂലത്തില് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: