ദേവേന്ദ്ര ജജാരിയ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രാജസ്ഥാനിലെ ചുരു ഇന്ന് വിധിയെഴുതുമ്പോള്‍ ദേവേന്ദ്രയുടെ ഉന്നം തെറ്റാത്ത വാക്കുകളില്‍ ആ ആത്മവിശ്വാസം ജ്വലിക്കുന്നു. എട്ടാം വയസില്‍ വൈദ്യുതാഘാതമേറ്റ് ഇടത് കൈ നഷ്ടമായ ദേവന്ദ്ര രാജ്യത്തിന്റെ അഭിമാനമായി വളര്‍ന്നത് ഇതേ ആത്മവിശ്വാസത്തിന്റെ കരം പിടിച്ചാണ്. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പകര്‍ന്ന വിശ്വാസത്തില്‍ മുറുകെ പിടിച്ച് ചുരുവിന്റെ ജീവിതഗതി മാറ്റാനുള്ള സ്ഥാനാര്‍ത്ഥിയായിരിക്കുകയാണ് ദേവേന്ദ്ര.
പാരാലിമ്പിക്സില്‍ രണ്ട് സ്വര്‍ണം നേടിയ ആദ്യ ഭാരതീയന് എന്ന നിലയിലാണ് ദേവേന്ദ്ര ജജാരിയ രാജ്യത്തിന്റെ ശ്രദ്ധ നേടുന്നത്. ജാവലിനായിരുന്നു ഇനം. അച്ഛന് രാംസിങ്ങിന് കാന്‍സര്‍ പിടിപെട്ട കാലത്ത് കായികരംഗം വിടാന്‍ തീരുമാനിച്ചതാണ് ഒരിക്കല്‍ ദേവേന്ദ്ര. അച്ഛന്റെ ഉപദേശം മറിച്ചായിരുന്നു. 2020ലെ ദേശീയ തല മത്സരത്തില്‍ മെഡല്‍ നേടുന്നത് കാണാന്‍ നില്‍ക്കാതെ അച്ഛന് ദേവേന്ദ്രയെ വിട്ടുപോയിരുന്നു.
ദേശീയ കബടി താരം കൂടിയായ ഭാര്യ മഞ്ജു പകര്‍ന്ന ആവേശം, കോച്ച് രിപുദമന്സിങ്ങിന്റെ പ്രേരണ… ദേവേന്ദ്രയുടെ വളര്‍ച്ച പിന്നെ വേഗത്തിലായിരുന്നു. 2004 ഏഥന്‍സിലും 2016 റിയോ പാരാലിമ്പിക്സിലും എഫ്46 ദിവ്യാംഗ വിഭാഗത്തില്‍ ജജാരിയ സ്വര്‍ണം നേടി. ടോക്കിയോ പാരാലിമ്പിക്സില്‍ വെള്ളിയും ഐപിസി ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും സ്വന്തമാക്കി. പദ്മശ്രീയും പദ്മഭൂഷണും മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്നയും സമ്മാനിച്ച് രാജ്യം ആദരിച്ചു.
ചുരുവില്‍ സ്ഥാനാര്‍ത്ഥിയായി ബിജെപി ദേവേന്ദ്രയെ പ്രഖ്യാപിച്ചത് ഭിന്നശേഷി സമൂഹത്തിനുള്ള അംഗീകാരമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്. എന്നാല്‍ ദേവേന്ദ്ര പറയുന്നത് മറിച്ചാണ്. ഇത് സഹതാപമല്ല. രാജ്യത്തെ സേവിക്കാനുള്ള അവസരമാണ്. പാരാലിമ്പിക്സില്‍ രാജ്യം നേരിടുന്ന വളര്‍ച്ചയ്ക്ക് പിന്നില്‍ മോദി സര്‍ക്കാരിന്റെ കരുതലുണ്ട്. എന്റെ ആദ്യ പാരാലിമ്പിക്സില്‍ ഞാന്‍ സ്വര്‍ണം നേടിയിട്ടുണ്ട്. ചുരുവില്‍ എന്റെ ആദ്യമത്സരമാണ്. സ്വര്‍ണം പോലെയുള്ള വിജയം മോദിജിക്ക് നല്‍കുക എന്റെ ദൗത്യവുമാണ്. ജനങ്ങള്‍ക്ക് എന്നെ അറിയാം. അതിനേക്കാള്‍ അവര്‍ക്ക് മോദിജിയെയും അറിയാം.
മോദിജി ചുരുവില്‍ ജയിക്കും. കഴിഞ്ഞ തവണയും മോദി തരംഗത്തിലാണ് ചുരുവില്‍ രാഹുല്‍ കസ്വാന് ജയിച്ചത്. ഇക്കുറി കോണ്‍ഗ്രസിലേക്ക് കളം മാറിയ കസ്വാനാണ് മണ്ഡലത്തിലെ എതിരാളി. 2014ല്‍ മണ്ഡലത്തില്‍ ആദ്യമായി ബിജെപി ജയിക്കുമ്പോള്‍ ഭൂരിപക്ഷം വെറും 12000 വോട്ടായിരുന്നു. 2019ല്‍ അത് 3.34 ലക്ഷമായി ഉയര്‍ന്നു. ഇക്കുറി അഞ്ച് ലക്ഷത്തിലേക്ക് ഉയരും. മോദിജിക്ക് ചുരു നല്കുന്ന ഗ്യാരന്റിയാണത്, ദേവേന്ദ്ര പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: