ന്യൂദല്‍ഹി: ഭാവിയില്‍ ഭാരതമാകും ആഗോള വളര്‍ച്ചയെ മുന്നോട്ട് നയിക്കുകയെന്ന് ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൃഷ്ണമൂര്‍ത്തി വി. സുബ്രഹ്മണ്യം. എഎന്‍ഐക്ക് നല്കിയ അഭിമുഖത്തിലാണ് ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചത്.
കൊവിഡിന് ശേഷം ഭാരതം ഏഴ് ശതമാനത്തിലധികം സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുന്നതിന് സാക്ഷ്യം വഹിച്ചു. നിലവിലെ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഭാരതം എട്ട് ശതമാനം വളര്‍ച്ച കൈവരിക്കും. നിലവിലെ ആഗോള സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച നേട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോള വളര്‍ച്ചയ്ക്കായി ഭാരതം അതിന്റെ പരമാവധി സംഭാവന ചെയ്യുന്നുണ്ട്. ഈ പത്തു വര്‍ഷത്തില്‍ ഏഴ് ശതമാനത്തിന് മുകളില്‍ തന്നെ ഭാരതത്തിന്റെ വളര്‍ച്ച തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 സപ്തംബറില്‍, സര്‍ക്കാരിന്റെ ഭാഗമായിരുന്ന സമയത്ത് കൊവിഡിന് ശേഷം ഭാരതം ഏഴ് ശതമാനത്തിലധികം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് പറഞ്ഞിരുന്നു. അതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
2024ലെ ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.8 ശതമാനമായിരിക്കുമെന്ന് ഐഎംഎഫ് പരിഷ്കരിച്ചിട്ടുണ്ട്. അത് മൊത്തത്തിലുള്ള വളര്‍ച്ചയില്‍ പ്രതിഫലിക്കും. ഭാരതത്തിന്റെ നിലവിലെ വളര്‍ച്ച പരിശോധിക്കുമ്പോള്‍, കൊവിഡിന് ശേഷം ഏഴ് ശതമാനത്തിലധികവും പിന്നീട് 9.2 ശതമാനവും രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ 8.2, 8.1, 8.4 എന്നിങ്ങനെയായിരുന്നു വളര്‍ച്ച രേഖപ്പെടുത്തിയത്. അവസാന പാദത്തില്‍ ഏറ്റവും കുറഞ്ഞത് 7.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയാല്‍ പോലും കഴിഞ്ഞ വര്‍ഷം ശരാശരി എട്ട് ശതമാനം വളര്‍ച്ചയാണ് ഭരതത്തിലുണ്ടാവുക.
ഭാരതത്തിന്റെ ഉത്പാദന ക്ഷമതയിലും കാര്യമായ മാറ്റമുണ്ടായി. പെന്‍ വേള്‍ഡ് ടേബിളിന്റെ കണക്കുകള്‍ പ്രകാരം 2014ന് മുമ്പ് വരെ ഭാരതത്തിന്റെ വാര്‍ഷിക ഉത്പാദന ക്ഷമത 1.3 ശതമാനമായിരുന്നു. 2014ന് ശേഷമിത് 2.7 ശതമാനമായി. ഇരട്ടിയിലധികം. ഭാരതത്തിന്റെ വളര്‍ച്ചാ നിരക്ക് സുസ്ഥിരമായി നിലനില്ക്കുന്നതിനും ഉയര്‍ന്ന നിലയില്‍ മുന്നോട്ട് പോകുന്നതിലും ഉത്പാദന ക്ഷമതയിലുണ്ടായ വര്‍ധന വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്, അദ്ദേഹം വിശദീകരിച്ചു. ഭാരത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ കാര്യത്തില്‍ യാതൊരാശങ്കയും വേണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: