അരി മുതല്‍ വെള്ളം വരെ മോദി വകയെന്നത് ബിജെപി നുണയെന്ന് സിപിഎം; രാഹുലിന്റെ കത്തുമായി കോണ്‍ഗ്രസും. തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ കൊഴുക്കുകയാണ്. എല്ലാം ഒരു പരിണാമത്തിന്റെ സിദ്ധാന്തം പോലെ. പണ്ടൊക്കെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍, ഏകദേശം ഒരു മാസം മുമ്പൊക്കെയാണ് ‘രാഷ്ട്രീയക്കാരുടെ വീടുകളിലേക്കുള്ള തിരിച്ചുവരവ്’ പണ്ട് ജയിപ്പിച്ചുവിട്ടപ്പോള് പോയതല്ലേ നിങ്ങളൊക്കെ, പിന്നെ ഈ വഴിക്കൊന്നും കണ്ടിട്ടില്ലല്ലോ എന്ന വീട്ടുകാരുടെ വക പതിവുകളിയാക്കലും ഉറപ്പ്. ഇപ്പോള്‍ രാഷ്ട്രീയം മാറി, രാഷ്ട്രീയക്കാരും മാറി. കിറ്റിനും ക്ഷേമത്തിനും പ്രാധാന്യം കല്‍പ്പിക്കാത്ത രാഷ്ട്രീയക്കാരെ ജനങ്ങളും വലിയ മൈന്‍ഡ് കൊടുക്കാതെ വന്നതോടെയാണ് രാഷ്ട്രീയക്കാരുടെ രീതികളും മാറ്റിയത്. ജനങ്ങളെ കാണാന്‍ വീടുകളിലേക്ക് പോകുകയെന്നതാണ് എല്ലാവര്ക്കും ലഭിച്ചിരിക്കുന്ന സന്ദേശം. അതിപ്പോള്‍ എത്ര തവണ വീടുകളിലേക്ക് ചെന്ന് സോപ്പിട്ടാലും കുഴപ്പമില്ലെന്നതാണ് നിര്‍ദ്ദേശം. ബിജെപിക്കാരും എല്‍ഡിഎഫുകാരും ഇന്‍ഡി സഖ്യക്കാരും പലകുറി വീടുകളില്‍ കയറി ഇറങ്ങുന്നു. അത് ഈ മാസം 25 വരെ തുടരുകയും ചെയ്യും.
എല്ലാ വീടുകളിലും ശുചിമുറി എന്ന ഒന്നാം മോദി സര്‍ക്കാരിന്റെ തീരുമാനമാണ് രണ്ടാം മോദി സര്‍ക്കാരിന് വഴിതെളിച്ചത്. നരേന്ദ്രമോദി സര്‍ക്കാര്‍ തന്നെയാണ് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പണമെത്തിച്ച് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുമായി നേരിട്ടുള്ള ഇടപാട് തുടങ്ങിവച്ചതും. കൊവിഡ് സമയത്ത് കരുതലായി പിണറായി സര്‍ക്കാര്‍ നല്കിയ കിറ്റുകളാണ് രണ്ടാം പിണറായി സര്‍ക്കാരിലേക്ക് വഴിതെളിച്ചതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷേ അതില്‍ സഞ്ചി മാത്രമേ പിണറായിയുടേതുള്ളൂ എന്നത് പരിണാമമില്ലാത്ത സത്യമാണ്. ഇങ്ങനെ ഭരണത്തുടര്‍ച്ച വേണമെങ്കില്‍ ക്ഷേമ സര്‍ക്കാരുകളായി തെലുങ്കാനയിലും ആന്ധ്രയിലും കര്ഷകന് 10000 രൂപവീതം നേരിട്ട് അക്കൗണ്ടിലേക്ക് നല്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ എല്ലാ വീട്ടമ്മമാര്‍ക്കും മാസം 20000 രൂപവീതം നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക പറഞ്ഞതും മറ്റൊന്നും കൊണ്ടല്ല. പദ്ധതി നടപ്പാക്കിയാല്‍ മാത്രം പോരാ അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണമെന്ന തിരിച്ചറിവും രാഷ്ട്രീയ നേതൃത്വത്തിന് ഉണ്ടായിരിക്കുന്നു. എന്തുകൊണ്ടാണ് പെട്ടെന്ന് ഇത്തരത്തിലൊരു ചിന്ത രാഷ്ട്രീയക്കാരിലുണ്ടായത്. ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസും മത്സരിച്ച് ഭവന സന്ദര്ശത്തിനിറങ്ങുമ്പോള് ഒരു വിശകലനം നടത്താന്‍ നിര്‍ബന്ധിതമാകുന്നു.
2024ല്‍ നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2022ല്‍ തന്നെ പാര്‍ട്ടികള്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ബിജെപിയാകട്ടെ 2021ല്‍ പണി തുടങ്ങി. രാജ്യം മുഴുവന്‍ അവരുടെ ബൂത്തുകള്‍ സജ്ജമാക്കി. കേരളത്തില്‍ ബൂത്തുകമ്മിറ്റിള് 12000ത്തില്‍ നിന്ന് 20000 ആയി ഉയര്‍ത്തി. സിപിഎമ്മും കരുതല്‍ നടപടികള്‍ കേരളത്തില്‍ നേരത്തേ തുടങ്ങിയിരുന്നു. കോണ്‍ഗ്രസ് വൈകിയാണെങ്കിലും ബ്ലോക്ക് മണ്ഡലതലത്തില്‍ പുനഃസംഘടനയ്ക്കുശേഷമാണ് പ്രവര്‍ത്തനം തുടങ്ങിയത്.
കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ വീടുകളിലെത്തി വിവരിച്ച് ബിജെപിയാണ് ആദ്യം ഭവനസന്ദര്‍ശന പദ്ധതിക്കു തുടക്കമിട്ടത്. അപകടം മണത്ത സിപിഎം മറു പ്രചരണവുമായി രംഗത്തിറങ്ങി. ഇതറിഞ്ഞ ബിജെപിയും ഒരു മാസത്തെ ഇടവേളയില്‍ രണ്ടാം ഭവന സന്ദര്ശനത്തിനിറങ്ങിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഏതെങ്കിലും പദ്ധതിയുടെ ഗുണം കിട്ടിയിട്ടുള്ളവര്‍ നരേന്ദ്രമോദിക്ക് നന്ദി പറയുന്ന ‘താങ്ക്സ് മോദി ക്യാംപയിനാണ്’ ഇത്തവണ പലേടത്തും നടക്കുന്നത്. എല്‍ഡിഎഫുകാര്‍ രംഗത്തില്ല. സിപിഐക്കാര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പ്രത്യേകിച്ചും. രാജീവിനുവേണ്ടി വോട്ടു ചോദിക്കാനും വയ്യ സിപിഐയെ ജയിപ്പിക്കാന്‍ പറയാനും പറ്റില്ല എന്ന അങ്കലാപ്പിലാണവര്‍. ഇതൊക്കെ ഒരു ഭാഗത്ത് നടക്കുമ്പോഴാണ് ഓര്‍ക്കാപ്പുറത്ത് ഒരു സ്ഫോടനവും മരണവും നടക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പാനൂരിലാണ് രാഷ്ട്രീയക്കാരെ മാത്രമല്ല നാടിനേയും നാട്ടുകാരേയും നടുക്കിയ സ്ഫോടനവും മരണവും നടന്നത്. രണ്ടുമൂന്നു പേരുടെ കൈപ്പത്തി അറ്റുപോയി. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരിക്കുണ്ട്. എല്ലാവരും ആശുപത്രിയിലാണ്. സ്ഫോടനം നടന്ന ഉടനെ രക്ഷാപ്രവര്‍ത്തനത്തിന് ആളെത്തിയത്രെ. എല്ലാവരെയും ആശുപത്രിയിലെത്തിച്ചതിനുശേഷമേ നാടിനെ നടുക്കിയ സ്ഫോടനത്തിന്റെ വിവരം പൊതുജനങ്ങളിലെത്തിയുള്ളൂ.
പ്രതികളെല്ലാം മാര്‍ക്സിസ്റ്റുകാരാണ്. മരണപ്പെട്ടതും മാര്‍ക്സിസ്റ്റുകാരാണ്. ആദ്യത്തെ പ്രതികരണം വന്നത് മാര്‍ക്സിസ്റ്റുകാരില്‍ നിന്നാണ്. പാര്‍ട്ടിക്കതില്‍ ഒരു ബന്ധവുമില്ലെന്നായിരുന്നു ആദ്യ പ്രതികരണം. ഡിവൈഎഫ്ഐക്കാരാണെന്ന ആരോപണം വന്നപ്പോള്‍ അവരോട് ചോദിക്കണമെന്ന വിശദീകരണം. ആശുപത്രിയിലെത്തിക്കാന്‍ പണിപ്പെട്ടവരാണ് പ്രതികളായതെന്ന ആക്ഷേപവും വന്നു. അതിനുശേഷമാണ് ബോംബുസ്ഫോടനത്തിന്റെ പരിണാമസിദ്ധാന്തം ശരിക്കും വെളിവായത്. സിപിഎമ്മും ഡിവൈഎഫ്ഐയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും സിപിഎമ്മിന്റെ പോഷക സംഘടനയല്ല ഡിവൈഎഫ്ഐ എന്നും വിശദീകരണം. പോരെ പൂരം. നാട്ടുകാരും പാര്‍ട്ടിക്കാരും ആകെ ഞെട്ടിയ സിദ്ധാന്തം. ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു മുഹമ്മദ് റിയാസ്. പാര് ട്ടിയുമായി ഒരു ബന്ധവുമില്ലാത്ത റിയാസ് മുഖ്യമന്ത്രിയുടെ മരുമകനും മന്ത്രിയുമായി.
എം.വി. ഗോവിന്ദന് മുതല്‍ ചിറ്റപ്പന് ജയരാജന് വരെ ഡിവൈഎഫ്ഐ ഭാരവാഹികളായിരുന്നവരാണ്. പി. ജയരാജനും എം.വി. ജയരാജനുമെല്ലാം ഇത്തരത്തില്‍ ബന്ധമുള്ളവരാണ്. പരിണാമസിദ്ധാന്ത പ്രകാരം ഇവര്‍ക്കാര്‍ക്കും പാര്‍ട്ടി ബന്ധം പാടുള്ളതല്ല. പക്ഷേ അത് പറഞ്ഞാല്‍ ആളുളൊക്കെ ആശയക്കുഴപ്പത്തിലാകും. ഇ.പി. ജയരാജന് പറയുന്നത് കച്ചവട ആവശ്യത്തിനാണ് ചെറുപ്പക്കാര്‍ ബോംബുണ്ടാക്കുന്നതെന്നാണ്. പാര്‍ട്ടിക്കാരല്ല ബോംബുണ്ടാക്കിയതെന്നൊന്നും അദ്ദേഹം പറഞ്ഞില്ല. പാനൂരിലെ ചെറുപ്പക്കാര്‍ക്ക് പണി ബോംബുണ്ടാക്കലാണ്. പണ്ട് പി. ജയരാജന്റെ മകന് ബോംബുണ്ടാക്കുമ്പോള്‍ പൊട്ടിത്തെറിച്ച് കൈയും തെറിച്ചതാണ്. ഇ.പി. ജയരാജന് നേരെ മൂന്ന് തവണ ബോംബെറിഞ്ഞിട്ടുണ്ടത്രേ.
വില്‍പ്പനക്കായി ബോംബുണ്ടാക്കിക്കൊണ്ടിരിക്കുന്നവര് തന്നെയാകുമോ ജയരാജനെ എറിയാനും ബോംബുണ്ടാക്കിക്കൊടുത്തത്? സംശയമാണ്. പണ്ട് സോഷ്യലിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ബോംബു ലഭിച്ചിരുന്നു. ഇതും ഇക്കൂട്ടര്‍ തന്നെ നിര്‍മ്മിച്ചു നല്‍കിയതായിരിക്കാം. ബോംബുണ്ടാക്കുന്നതില്‍ വൈദഗ്ധ്യമുണ്ടെങ്കില്‍ ഇവര്‍ക്കൊക്കെ ഒരു ലൈസന്‍സും ഫാക്ടറിയും ഉണ്ടാക്കിക്കൊടുത്താല്‍ തന്നെ ഒരു സംഭവമായിരിക്കില്ലെ? കേരളത്തിന്റെ പ്രത്യേകത പറയുമ്പോള്‍ അതുകൂടി നേട്ടമായി പറയാമല്ലോ. പ്രത്യയശാസ്ത്രം ഉപേക്ഷിച്ച സ്ഥിതിക്ക് ബോംബിന്റെ പരിണാമസിദ്ധാന്തമായി ഇത് അവതരിപ്പിക്കുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: