കാറ്റലോണിയ: ഒരാഴ്ച്ച മുമ്പ് സ്വന്തം തട്ടകത്തിലേറ്റ മുറിവിന് കനത്ത തിരിച്ചടി നല്കി പാരിസ് സെന്റ് ജെര്മെയ്ന്(പിഎസ്ജി) യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ കടന്നു.
ബാഴ്സയുടെ മൈതാനത്ത് രണ്ടാംപാദ ക്വാര്‍ട്ടറില്‍ ആതിഥേയരെ 4-1ന് നാണംകെടുത്തിയായിരുന്നു പിഎസ്ജിയുടെ പ്രതികാരവും സെമി പ്രവേശവും. രണ്ട് പാദങ്ങളിലുമായി 6-4ന്റെ മേല്‍കൈയോടെയാണ് പിഎസ്ജി സെമി ഉറപ്പിച്ചത്. കഴിഞ്ഞയാഴ്ച്ച പിഎസ്ജിയുടെ ഹോംഗ്രൗണ്ടില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ 3-2ന് ബാഴ്സ വിജയിച്ചിരുന്നു.
രണ്ടാംപാദമത്സരം തുടങ്ങി 12 മിനിറ്റായപ്പോള്‍ മികച്ചൊരു നീക്കത്തിനൊടുവില്‍ റഫീഞ്ഞയിലൂടെ ആതിഥേയര്‍ മുന്നിലെത്തി. 29-ാം മിനിറ്റില്‍ ബാഴ്സയ്ക്ക് സെന്റര്‍ ബാക്ക് റൊനാള്‍ഡ് അറോഹോയെ നഷ്ടപ്പെട്ടത് വിനയായി. പിഎസ്ജി ഇടത് വിങ്ങര്‍ ബാര്‍കോളയെ പ്രതിരോധിച്ചതില്‍ ഉണ്ടായ ഗുരുതര പിഴവ് അറോഹോയ്ക്ക് പുറത്തേക്കുള്ള വഴി കാട്ടി.
ബാഴ്സ പത്ത് പേരായി ചുരുങ്ങിയ ശേഷമാണ് പിഎസ്ജി ഉണര്‍ന്നുകളിച്ചത്. 40-ാം മിനിറ്റില്‍ ഉസ്മാന് ഡെംബേലെയിലൂടെ അവര്‍ സമനില കണ്ടെത്തി. രണ്ടാം പകുതി തുറന്നപ്പോള്‍ വിതീഞ്ഞ പിഎസ്ജിയെ മുന്നിലെത്തിച്ചു. പിന്നെ ഒരു പെനല്‍റ്റിയും തകര്‍പ്പന്‍ ഒരു ഗോളും കൂടി സംഭാവന ചെയ്ത് ഇരട്ട ഗോളുമായി കിലിയന്‍ എംബപ്പെ ടീമിനെ സെമിയിലേക്ക് നയിച്ചു.
ജര്‍മന്‍ വമ്പന്മാരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടും സ്പാനിഷ് ടീം അത്ലറ്റിക്കോ മാഡ്രിഡും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടന്നത്. ഇന്നലെ നടന്ന രണ്ടാം പാദ ക്വാര്‍ട്ടറില്‍ ഒരു ഗോള്‍ കടവുമായാണ് ഡോര്‍ട്ട്മുണ്ട് ഇറങ്ങിയത്. ആദ്യ പകുതിയില്‍ എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിലെത്തി ജര്‍മന്‍ ടീം ആത്മവിശ്വാസം ഉയര്‍ത്തി. രണ്ടാം പകുതി തുടക്കത്തിലേ അത്ലറ്റിക്കോ നടത്തിയ ഗംഭീരനീക്കങ്ങള് ഗോളില്‍ കലാശിച്ചു. പ്രസിങ് ഗെയിമില്‍ ഹമ്മല്‍സിന്റെ ദാന ഗോള്‍ വഴി ആദ്യ തിരിച്ചടി നല്കി ഒപ്പമെത്തി. എയ്ഞ്ചല്‍ കൊറിയയിലൂടെ വീണ്ടും ഒരു ഗോള്‍ കൂടി മടക്കി അത്ലറ്റിക്കോ മത്സരം തിരിച്ചുപിടിച്ചു. ഡോര്‍ട്ട്മുണ്ടും പതറാതെ നിലകൊണ്ടു. മൂന്ന് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ കൂടി നേടി ഡോര്‍ട്ട്മുണ്ട് സ്വന്തം തട്ടകത്തില്‍ തലയുയര്‍ത്തിപിടിച്ച് ചാമ്പ്യന്‍സ് ലീഗ് സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. രണ്ട് പാദങ്ങളിലുമായി 5-4ന് ജയിച്ചാണ് ഡോര്‍ട്ട്മുണ്ടിന്റെ സെമി പ്രവേശം. രണ്ടാം പാദത്തില്‍ ഡോര്‍ട്ട്മുണ്ടിനായി ഹൂലിയന്‍ ബ്രാന്‍ഡ്(34-ാം മിനിറ്റ്), ഇയാന്‍ മാറ്റ്സെന്‍(39), നിക്ലാസ് ഫുള്‍ക്രൂഗ്(71), മാര്‍സെല്‍ സാബിറ്റ്സെര്‍(74) എന്നിവര്‍ ഗോളുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: