പത്തനംതിട്ട: മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്നത് എത്ര വട്ടം പറഞ്ഞിട്ടും കാര്യമില്ല. പുതിയ വാര്‍ത്ത വന്നിരിക്കുന്നത് പത്തനംതിട്ട കോഴഞ്ചേരിയിലെ തടിയൂരില്‍ നിന്നാണ്.
മദ്യപിച്ചെത്തി പള്ളിയില്‍ പ്രശ്നമുണ്ടാക്കിയ വരനെ വിവാഹ വേഷത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വധു പിന്മാറിയതോടെ വിവാഹവും മുടങ്ങി.
വിവാഹ ചടങ്ങുകള്‍ക്കായി പള്ളിമുറ്റത്തെത്തിയ 32കാരനായ വരന് പാടുപെട്ടാണ് കാറില്‍ നിന്നിറങ്ങിയത്. വിവാഹത്തിന് കാര്‍മികത്വം വഹിക്കാന്‍ എത്തിയ വൈദികനോട് പോലും ഇയാള്‍ വളരെ മോശമായി സംസാരിച്ചു. പിന്നീട് വിഷയം കൂടുതല്‍ വഷളായി. ഇതോടെ വധുവിന്റെ വീട്ടുകാരുടെ മനസുമാറി.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴും വരന് പ്രശ്നമുണ്ടാക്കുകയായിരുന്നു. ഇതോടെ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പ് ചുമത്തി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. വൈദ്യപരിശോധനയിലും വരന് മദ്യപിച്ചിരുന്നതായി തെളിഞ്ഞു.
വിദേശത്തായിരുന്ന യുവാവ് വിവാഹത്തിനായിട്ടായിരുന്നു നാട്ടിലെത്തിയത്. ഇയാള്‍ രാവിലെ മുതല്‍ മദ്യപാനം തുടങ്ങിയിരുന്നതായി അടുത്ത ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞു. ഒടുവില്‍ വധുവിന്റെ വീട്ടുകാര്‍ക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: