തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ മുഖ്യപ്രതി പി. സതീഷ്കുമാറില്‍ നിന്ന് പണം കൈപ്പറ്റിയതായി സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു. ഇന്നലെ കൊച്ചി ഇ ഡി ഓഫീസില്‍ എട്ടര മണിക്കൂര്‍ ചോദ്യം ചെയ്യലിലാണ് ബിജു പണം വാങ്ങിയതു സമ്മതിച്ചത്. ഇത് മൂന്നാം തവണയാണ് ബിജുവിനെ ചോദ്യം ചെയ്തത്. ആദ്യ രണ്ടു തവണയും ബിജു ഇതു നിഷേധിച്ചിരുന്നു.
ഇന്നലെ സതീഷ്കുമാറിന്റെ സഹോദരന്റെ അക്കൗണ്ടില്‍ നിന്നു ബിജുവിന് പണം കൈമാറിയ രേഖകള്‍ സഹിതമാണ് ഇ ഡി ചോദിച്ചത്. ഇതോടെ, പണം വാങ്ങിയതായി ബിജു സമ്മതിച്ചു. എന്നാല്‍ ഇതു കടമാണെന്നും കാറിന്റെ ആര്‍സി ബുക്ക് പണയംവച്ചെന്നുമാണ് ബിജു പറഞ്ഞത്.
കേസിലെ മുഖ്യപ്രതി പി. സതീഷ്കുമാറില്‍ നിന്നു ബിജു അഞ്ചു ലക്ഷം രൂപ വാങ്ങിയെന്നു വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും കേസിലെ മറ്റൊരു പ്രതിയുമായ പി.ആര്. അരവിന്ദാക്ഷന് പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പു വാങ്ങിയ പണം ഇതുവരെ തിരിച്ചു കൊടുത്തില്ലെന്നും ബിജു പറഞ്ഞു. കരുവന്നൂര്‍ തട്ടിപ്പ് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണക്കമ്മിറ്റിയംഗമായിരുന്നു ബിജു. മുഖ്യപ്രതിയില്‍ നിന്നുതന്നെ അന്വേഷണക്കമ്മിറ്റിയംഗം പണം വാങ്ങിയെന്നു തെളിഞ്ഞതോടെ സിപിഎം കൂടുതല്‍ പ്രതിരോധത്തിലായി.
പാര്‍ട്ടിയുടെ കൂടുതല്‍ രഹസ്യ അക്കൗണ്ടുകള്‍ സംബന്ധിച്ച പരിശോധന ആദായ നികുതി വകുപ്പു തുടരുകയാണ്. ജില്ലയില്‍ വെളിപ്പെടുത്താത്ത 81 അക്കൗണ്ടുകള്‍ സിപിഎമ്മിനുണ്ട്. അതിനു പുറമേ പ്രാദേശിക കമ്മിറ്റികളുടെ പേരില്‍ ഒട്ടേറെ ഭൂമി വാങ്ങിയിട്ടുമുണ്ട്. ഇവയുടെ വിശദ വിവരങ്ങളും കണക്കുകളും 22നു ഹാജരാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനോടു നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: