മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരത്തിലെ റയല്‍ മാഡ്രിഡ്-മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടം ത്രില്ലര്‍ സമനിലയില്‍ കലാശിച്ചു. അടിയും തിരിച്ചടിയുമായി മുന്നേറിയ ആദ്യപാദ മത്സരം അവാസനിച്ചത് ഇരുടീമുകളും മൂന്ന് വീതം ഗോളുകള്‍ നേടിക്കൊണ്ട്. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ സിറ്റിയാണ് ആദ്യം സ്കോര്‍ ചെയ്തത്.
കളി തുടങ്ങി സെക്കന്‍ഡുകള്‍ക്കുള്ളില്‍ പന്തുമായി റയല്‍ ഗോള്‍മുഖത്തേക്ക് കുതിച്ച സിറ്റി താരം ജാക്ക് ഗ്രീലിഷിനെ തടയുന്നതില്‍ റയല്‍ പ്രതിരോധത്തിലെ ചൗമേനിക്ക് പിഴച്ചു. ബോക്സിന് പുറത്ത് ഇടത് മൂലയില്‍ ലഭിച്ച ഫ്രീക്കിക്ക് തൊടുത്ത ബെര്‍ണാണ്ടോ സില്‍വ മികച്ചൊരു ഇടംകാലന്‍ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ സിറ്റി മുന്നിലെത്തി.
പത്ത് മിനിറ്റിനകം റയല്‍ തിരിച്ചടിച്ചു. നായകന് കര്‍വാഹല്‍ നല്കിയ പന്തുമായി മദ്ധ്യനിരയില്‍ നിന്നും മുന്നേറിയ എഡ്വാര്‍ഡോ കമാവിംഗ ഗോള്‍ ലക്ഷ്യമാക്കി തൊടുത്ത ലോങ് റേഞ്ചര്‍ സിറ്റി പ്രതിരോധ താരം റൂബന്‍ ഡയസിന്റെ കാലില്‍ തട്ടി വ്യതിചലിച്ചു. ഗോളി സ്റ്റെപാന് ഓര്‍ട്ടേഗയ്ക്ക് ഒന്നും ചെയ്യാനായില്ല. രണ്ട് മിനിറ്റിനകം റയലിന് ലഭിച്ചൊരു കൗണ്ടര്‍ അറ്റാക്കില്‍ പന്തുമായി കുതിച്ച റോഡ്രിഗോയുടെ അതിമനോഹരമായ ഫിനിഷിങ്ങില്‍ സിറ്റി വലയില്‍ രണ്ടാമതും പന്തെത്തി. കളി ആദ്യ പകുതി പിരിയുമ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍നേടി റയല്‍ ആധിപത്യം പുലര്‍ത്തി.
രണ്ടാം പകുതിയില്‍ മുന്നേറിക്കൊണ്ടിരുന്ന കളി 66 മിനിറ്റിലെത്തിയപ്പോള്‍ സിറ്റിയുടെ മുന്നേറ്റത്തിനൊടുവില്‍ ഫില്‍ ഫോഡന് തൊടുത്ത ലോങ് റേഞ്ചര്‍ റയല്‍ വലയില്‍ കയറി. അഞ്ച് മിനിറ്റിനകം സിറ്റി നടത്തിയ മറ്റൊരു മുന്നേറ്റത്തിനൊടുവില്‍ ക്രൊയേഷ്യന്‍ താരം ജോസ്കോ ഗ്വാര്‍ഡിയോള്‍ സിറ്റിയെ വീണ്ടും മുന്നിലെത്തിച്ചു. അധികം താമസിയാതെ റയല്‍ പകരം ഗോള്‍ കണ്ടെത്തി സ്വന്തം തട്ടകത്തില്‍ മാനം കാത്തു. വിനിഷ്യസ് ജൂനിയര്‍ നല്കിയ ക്രോസിലേക്ക് വാല്‍വെര്‍ദേ തൊടുത്ത വോളി ഷോട്ടില്‍ പന്ത് വലയില്‍ കയറി. മത്സരം 3-3 സമനിലയിലായി. ക്വാര്‍ട്ടര്‍ പോരില്‍ ഇരുവരും തമ്മിലുള്ള രണ്ടാംപാദ മത്സരം അടുത്തയാഴ്ച നടക്കും. സിറ്റിയുടെ തട്ടകമായ എത്തിഹാദില്‍ നടക്കുന്ന മത്സരം നിര്‍ണായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: