ലോകത്തിലെ ഏറ്റവും ഡിമാന്റുള്ള ഇലക്ട്രിക് കാറായ ടെസ് ലയുടെ ഉടമസ്ഥനായ ഇലോണ്‍ മസ്ക് ഏപ്രില്‍ മാസത്തില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ ഇന്ത്യയില്‍ എത്തും. അദ്ദേഹം ടെസ് ല കാറിന്റെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിക്കാന്‍ പോവുകയാണ്. 25000 കോടി രൂപ മുതല്‍മുടക്കില്‍ തുടങ്ങുന്ന പ്ലാന്റിന്റെ പ്രഖ്യാപനം ഈ സന്ദര്‍ശനവേളയില്‍ ഉണ്ടായേക്കുമെന്നറിയുന്നു.
ഏപ്രില്‍ 20നോ ഏപ്രില്‍ 22നോ ഇന്ത്യയില്‍ എത്തുമെന്നാണ് ചില വാര്‍ത്തകള്‍ പ്രചരിക്കുന്നത്. പക്ഷെ തീയതി സ്ഥിരീകരിച്ചിട്ടില്ല. മോദി ഏറെ വര്‍ഷങ്ങളായി ഇച്ഛിക്കുന്ന ഒരു പദ്ധതിയായിരുന്നു ഇലോണ്‍ മസ്കിന്റെ കമ്പനിയായ ടെസ് ലയെ ഇന്ത്യയിലേക്ക് കൊണ്ടുവരിക എന്നത്. ഇന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങളാണ് ഫാക്ടറി സ്ഥാപിക്കാനായി അവസാനപട്ടികയില്‍ ഉള്ളത്. ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ ഒന്നിലാണ് ഫാക്ടറി സ്ഥാപിക്കുക. അതിന് മുന്നോടിയായി വിദേശത്ത് നിര്‍മ്മിക്കുന്ന ഇലക്ട്രിക് കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ 15ശതമാനം നികുതി ഇളവ് കേന്ദ്രസര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ചിരുന്നു. അടുത്ത മൂന്ന് വര്‍ഷത്തില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മമിക്കാന്‍ ഉദ്ദേശമുള്ള കമ്പനികള്‍ക്ക് മാത്രമാണ് ഈ ഇറക്കുമതി ഇളവുകള്‍ നല്‍കുക എന്നും മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ഇതോടെ ഇലോണ്‍ മസ്കിന്റെ ടെസ് ല, വിയറ്റ്നാമിന്റെ വിന്‍ഫാസ്റ്റ് എന്നീ കമ്പനികള്‍ ഇന്ത്യയില്‍ എത്തുമെന്ന് ഉറപ്പായിരുന്നു. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ വലത് ഭാഗത്ത് സ്റ്റിയറിംഗ് ഉള്ള ടെസ് ല കാറുകളുടെ നിര്‍മ്മാണവും ഇലോണ്‍ മസ്ക് തുടങ്ങിക്കഴിഞ്ഞു തല്ക്കാലം ഇറക്കുമതി ചെയ്യാനാണ് ഇവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: