ചിക്കാഗോ: അമേരിക്കയിലെ വിവിധ സാഹിത്യ സാംസ്ക്കാരിക സംഘടനകളുടെ ഭാരവാഹിയും സംഘാടകനുമായ രാധാകൃഷ്ണന് നായര്‍ ശതാഭിഷിക്തനായി. ഇതോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ വേറിട്ട രീതിയില്‍ ജന്മനാടായ കൊളപ്പുള്ളിയില്‍ കൊണ്ടാടി. അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതത്തോടെയാണ് ശതാഭിഷേക ചടങ്ങുകള്‍ ആരംഭിച്ചത്. രാധാകൃഷ്ണന് നായരുടെ കുടംബമായ കുണ്ടുതൊടി തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ ഭദ്രദീപം തെളിച്ചു.
രാധാകൃഷ്ണന് നായരെ സാഹിത്യകാരന് സി രാധാകൃഷ്ണന് പൊന്നാട ചാര്‍ത്തി ആദരിച്ചു. വര്‍ഷങ്ങളായി അമേരിക്കയില്‍ താമസിക്കുമ്പോഴും നാടിനേയും സംസ്ക്കാരത്തേയും ഒപ്പം ചേര്‍ത്തുനിര്‍ത്തിയ ആളാണ് രാധാകൃഷ്ണന് നായരെന്ന് സി രാധാകൃഷ്ണന് പറഞ്ഞു. നല്ലതുപോലെ മലയാളം പറയുകയും എഴുതുകയും ചെയ്യുന്ന അദ്ദേഹം അമേരിക്കയില്‍ പല സാഹിത്യ സമ്മേളനങ്ങളും സംഘടിപ്പിക്കുന്നതിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും സി രാധാകൃഷ്ണന് പറഞ്ഞു.
ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ കണ്ട കുണ്ടുതൊടി തറവാട്ടിലെ പത്തോളം പേരെയും പുടവ നല്കി ആദരിച്ചു. 90 വയസ്സുകഴിഞ്ഞ ഡ്രൈവര്‍ വാസുവേട്ടനും കുംടുംബാംഗം എന്ന നിലയില്‍ കണ്ട് ആദരവ് നല്‍കിയത് ശ്രദ്ധേയമായി.
അമേരിക്കയിലെ സാഹിത്യ സാംസ്ക്കാരിക രംഗത്ത് സജീവമായ രാധാകൃഷ്ണന് നായരുമായി അടുത്തു പ്രവര്‍ത്തിച്ചതിന്റെ അനുഭവം ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാര്‍ പങ്കുവെച്ചു. അമേരിക്കന്‍ മലയാളികളുടെ സാഹിത്യ മുഖമാണ് രാധാകൃഷ്ണന് നായരെന്ന് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്വന്ഷന് ചെയര്‍മാനായിരുന്ന രജ്ഞിത് പിള്ള പറഞ്ഞു.
കലാമണ്ഡലം വൈസ് ചാന്‍സലര്‍ ബി അനന്തകൃഷ്ണന്, ദേവസ്വം ബോര്‍ഡ് ചെയര്മാന് എം ആര് മുരളി എന്നിവരും രാധാകൃഷ്ണന് നായരെ ആദരിച്ചു.
തന്നെ ഇതുവരെ എത്തിച്ചത് ഗുരുക്കന്മാരുടെ ആശീര്‍വാദവും തൃപ്പുറ്റ ഭഗവതിയുടെ അനുഗ്രഹവുമാണെന്ന് മറുപടി പ്രസംഗത്തില്‍ രാധാകൃഷ്ണന് നായര്‍ പറഞ്ഞു. പതിറ്റാണ്ടായി പ്രവാസ ജീവിതം നയിക്കുമ്പോഴും ആദ്ധ്യാത്മിക ചിന്ത കൈമോശം വരാതിരിക്കുന്നതില്‍ തൃപ്പുറ്റ ഭഗവതി ക്ഷേത്രത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സോപാനസംഗീതവും കലാമണ്ഡലത്തിന്റെ നൃത്തവും മിഴാവ് തായമ്പകയും ചടങ്ങുകള്‍ക്ക് താളരാഗലയ ശോഭ പകര്‍ന്നു.
നാലു പതിറ്റാണ്ടായി ചിക്കാഗോയില്‍ താമസിക്കുന്ന രാധാകൃഷ്ണന് നായര്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സജീവ പ്രവര്‍ത്തകനും സംഘടനയുടെ മുഖപത്രത്തിന്റെ എഡിറ്ററുമായിരുന്നു. അമേരിക്കയിലെ വിവിധ സാഹിത്യ സമ്മേളനങ്ങളുടെ സംഘാടകനുമാണ്. എഴുത്തുകാരിയായ ലക്ഷ്മി നായരാണ് ഭാര്യ. ജയ് നായര്‍, സന്ധ്യ എന്നിവര്‍ മക്കളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: