Categories: Hockey

ഹോക്കി ടെസ്റ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം; ഭാരതം- ഓസ്‌ട്രേലിയ

Published by

പെര്‍ത്ത്: പാരിസ് ഒളിംപിക്‌സ് മുന്നൊരുക്കത്തിനായി ഭാരതം ഇന്ന് കരുത്തരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ. ഇരുടീമുകളും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് ആരംഭിക്കും. പെര്‍ത്തിലാണ് മത്സരം. അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ രണ്ടാമത്തേത് നാളെയാണ്.

എഫ്‌ഐഎച്ച് പ്രോ ലീഗില്‍ ഭാരതത്തിന് കനത്ത പ്രഹരമേല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ ഇവിടെ വന്ന് പോയത്. ഭൂവനേശ്വറിലെ കലിംഗയില്‍ നടന്ന ആദ്യ ഏറ്റുമുട്ടലില്‍ 6-4ന് കീഴ്‌പ്പെടുത്തി. രണ്ടാം മത്സരം 2-2 സമനിലയില്‍ പിരിഞ്ഞെങ്കിലും ഷൂട്ടൗട്ടില്‍ ഓസ്‌ട്രേലിയ 3-0ന്റെ വിജയം നേടി.

ലോക റാങ്കിങ്ങില്‍ ഭാരതത്തിന് പിന്നില്‍ അഞ്ചാം സ്ഥാനത്താണ് ഓസ്‌ട്രേലിയ. ഭാരതം നാലാമതും. കരുത്തര്‍ക്കെതിരെ പോരാടി ഫ്രാന്‍സിലെ വമ്പന്‍ മത്സരത്തിനായി പാകപ്പെടുന്നതിനായാണ് ക്രെയ്ഗ് ഫുള്‍ട്ടോണിന്റെ പരിശീലനത്തില്‍ ഭാരതം ഓസ്‌ട്രേലിയയിലെത്തിയിരിക്കുന്നത്. 27 അംഗടീമാണ് ഉള്ളത്. ഇതില്‍ നിന്നും പ്രകടനമികവിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന 16 പേരായിരിക്കും പാരിസിലേക്ക് പറക്കുക. ഹര്‍മന്‍പ്രീത് സിങ്ങ് നയിക്കുന്ന ടീമില്‍ ഹാര്‍ദിക് സിങ് ആണ് പ്രധാന താരം. ദിവസങ്ങള്‍ക്ക് മുമ്പ് വര്‍ഷത്തിലെ ഏറ്റവും മികച്ച ഭാരത ഹോക്കി പുരുഷതാരമായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് ഹാര്‍ദിക്.

പരമ്പരകൊണ്ടുള്ള മറ്റൊരു നേട്ടം പാരിസ് ഒൡപിക്‌സ് ഹോക്കിയില്‍ പൂള്‍ബിയില്‍ ഭാരതത്തിനൊപ്പമാണ് ഓസ്‌ട്രേലിയയും ഉള്‍പ്പെട്ടിരിക്കുന്നത്. ഇരുടീമുകള്‍ക്കും പോരായ്മകള്‍ പരിഹരിക്കാന്‍ ഇതിലും നല്ല അവസരം കിട്ടാനില്ല. ഒളിംപിക്‌സിന്റെ ഹോക്കി ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുളുടെയും അവസാന പോരാട്ടം ആഗസ്ത് രണ്ടിനാണ് നടക്കുക.

ഇന്ന് തുടങ്ങുന്ന പരമ്പര അടുത്ത ശനിയാഴ്ച നടക്കുന്ന അഞ്ചാം മത്സരത്തോടെ അവസാനിക്കും. ബുധനാഴ്‌ച്ചയാണ് മൂന്നാം മത്സരം. വെള്ളിയാഴ്‌ച്ച നാലമത്തേതും.

ഭാരത ടീം
ഗോള്‍കീപ്പര്‍മാര്‍: കൃഷന്‍ ബഹദൂര്‍ പഥക്, പി.ആര്‍. ശ്രീജേഷ്, സുരാജ് കര്‍ക്കേറ

പ്രതിരോധനിര: ഹര്‍മന്‍പ്രീത് സിങ്(ക്യാപ്റ്റന്‍), ജര്‍മന്‍പ്രീത് സിങ്, അമിത് റോഹിഡാസ്, ജുഗ്‌രാജ് സിങ്, സഞ്ചയ്, സുമിത്, ആമിര്‍ അലിമദ്ധ്യനിര: മന്‍പ്രീത് സിങ്, ഹാര്‍ദിക് സിങ്(വൈസ്-ക്യാപ്റ്റന്‍), വിവേക് സാഗര്‍ പ്രസാദ്, ഷംഷേര്‍ സിങ്, നിലാകാന്ത ശര്‍മ, രാജ്കുമാര്‍ പാല്‍, വിഷ്ണുകാന്ത് സിങ്

മുന്നേറ്റനിര: ആകാശ്ദീപ് സിങ്, മന്‍ദീപ് സിങ്, ലളിത് കുമാര്‍ ഉപാധ്യായ്, അഭിഷേക്, ദില്‍പ്രീത് സിങ്, സുഖ്ജീത് സിങ്, ഗുര്‍തന്ത് സിങ്, മുഹമ്മദ് റഹീല്‍ മൗസീന്‍, ബോബി സിങ് ധാമി, അരയ്ജീത്ത് സിങ് ഹുണ്ടാല്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts