വിശ്വാസവോട്ട് നേടാനാകാതെ വി.പി.സിങ് വീണു. 1989 ഡിസംബര്‍ രണ്ടിന് അധികാരത്തിലേറി, 1990 നവംബര്‍ 10ന് രാജിവച്ചു. ഒരു വര്‍ഷം തികച്ചില്ല. ഒക്ടോബര്‍ 23 നാണ് അദ്വാനിയുടെ അയോദ്ധ്യാ രഥയാത്ര തടഞ്ഞുകൊണ്ട് ബിഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതും നിര്‍ദേശം കൊടുത്തതും. പ്രധാനമന്ത്രി വി.പി. സിങ്ങുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തിയാണ് ലാലു അത് ചെയ്തത്. ബിഹാര്‍ സമസ്തിപ്പൂരിലെ സര്‍ക്യൂട്ട് ഹൗസില്‍ ആയിരുന്നു അറസ്റ്റ്. അവിടെനിന്ന് മസാഞ്ചോര്‍ ഇന്സ്പെക്ഷന് ബംഗ്ലാവിലേക്ക് മാറ്റി ജയിലാക്കി. നവംബര്‍ ഏഴിനായിരുന്നു വി.പി. സിങ്ങിന്റെ വിശ്വാസവോട്ട് തേടല്‍. പാര്‍ലമെന്റില്‍, ആ വിഷയത്തില്‍ സംസാരിക്കാന്‍ അദ്വാനിയെ ‘ജയിലില്‍’ നിന്ന് ദല്‍ഹിയില്‍ കൊണ്ടുവന്നു. അദ്വാനി പ്രസംഗിച്ചു. തന്റെ പാര്‍ലമെന്റ് പ്രസംഗത്തില്‍ അവിസ്മരണീയവും ഏറ്റവും പ്രീയപ്പെട്ടതില്‍ ഒന്നുമാണ് അന്നത്തെ പ്രസംഗമെന്ന് അദ്വാനി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്നത്തെ ഝാര്‍ഖണ്ഡിലാണ് അന്ന് ബിഹാറിലായിരുന്ന ധന്‍ബാദ്. അദ്വാനിയുടെ രഥം കസ്റ്റഡിയിലെടുക്കാനും അദ്വാനിയെ അറസ്റ്റ് ചെയ്യാനും ലാലുപ്രസാദ് നിര്‍ദേശം നല്‍കിയത് അവിടത്തെ പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ അഫ്സല് അമാനുള്ള ഖാനിനായിരുന്നു. പാര്‍ലമെന്റംഗവും ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി’യുടെ കണ്‍വീനറുമായിരുന്ന സയിദ് ഷഹാബുദ്ദീന്റെ മരുമകനായിരുന്നു അമാനുള്ളാഖാന്‍. ലാലു ആസൂത്രിതമായാണ് ഖാനെക്കൊണ്ട് അദ്വാനിയെ അറസ്റ്റ് ചെയ്യിക്കാന്‍ ശ്രമിച്ചത്. ഒരു വര്‍ഗീയ സംഘര്‍ഷത്തിന്റെ സാധ്യതയാണ് ലാലു കണ്ടത്. പക്ഷേ അമാനുള്ള അറസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ചു. ഒക്ടോബര്‍ 23ന് പാറ്റ്നയില്‍ കടന്ന രഥയാത്രയ്ക്ക് വന്‍ ജനാവലി സ്വീകരണം നല്കി. അദ്വാനിയുടെ പ്രസിദ്ധമായ ആ പ്രസംഗ ഭാഗം, ‘മന്ദിര്‍ വഹീം ബനായേംഗേ’ മുഴക്കി ജനക്കൂട്ടം ആഘോഷിച്ചു. അന്ന് സമസ്തിപ്പൂരില്‍ യാത്ര തടഞ്ഞ്, അറസ്റ്റ് തീരുമാനിച്ചു. 24ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തു. ആര്.കെ. സിങ് എന്ന ഐഎഎസ് ഓഫീസറായിരുന്നു അദ്വാനിയെ അറസ്റ്റ് ചെയ്തത്. പിന്നീട് അദ്ദേഹം കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി, കോണ്‍ഗ്രസ് മന്ത്രി പി. ചിദംബരത്തിനൊപ്പം പ്രവര്‍ത്തിച്ചു. വിരമിച്ചപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നു. നരേന്ദ്രമോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. അറസ്റ്റ് ചെയ്ത്, 35 കിലോമീറ്റര്‍ അകലെ മസാഞ്ചോര്‍ ഇന്സ്പെക്ഷന് ബംഗ്ലാവിലെ ജയിലിലാക്കി, അവിടേക്ക് ഹെലികോപ്ടറില്‍ എത്തിച്ച് പ്രത്യേക ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു അദ്വാനിയെ. അവിടെനിന്നാണ് പാര്‍ലമെന്റില്‍ പ്രഖ്യാപിക്കാനെത്തിയത്.
വി.പി. സിങ്ങിന്റെ മുന്നണി പരാജയമായി. ഇടക്കാല തെരഞ്ഞെടുപ്പിനു പകരം മറ്റൊരു പരീക്ഷണം എന്ന ആശയമുദിച്ചു. ബിജെപിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്ന കോണ്‍ഗ്രസ് നേതൃത്വം അവസരം കാത്തിരിക്കുകയായിരുന്നു. ചന്ദ്രശേഖറെ ജനതാദളില്‍നിന്ന് അടര്ത്തിമാറ്റിയാല് അടുത്ത തെരഞ്ഞെടുപ്പില്‍ വിജയം എളുപ്പമാകുമെന്ന് അവര്‍ ചിന്തിച്ചു. അധികാരം നഷ്ടമായതോടെ രാജീവ് ഗാന്ധിയും രാഷ്ട്രീയം പഠിച്ചു. പിണങ്ങിനിന്ന സ്വന്തം പാര്‍ട്ടിനേതാക്കളുടെ ഉപദേശം കേട്ടു. ആര്.കെ. ധവാന്, ബല്‍റാം ഝാക്കര്‍, ശരദ് പവാര്‍ തുടങ്ങിയവരെ വിശ്വാസത്തിലെടുത്തു. ജനതാദളിനെ പിളര്‍ത്തുകയായിരുന്നു മുഖ്യലക്ഷ്യം. ചരണ്‍ സിങ്ങിനെ പ്രധാനമന്ത്രിയാക്കിയ അമ്മ ഇന്ദിരയുടെ തന്ത്രം അത്തരത്തിലൊന്നായിരുന്നല്ലോ. ചന്ദ്രശേഖര്‍ വലയില്‍ വീണു. ജനതാദളില്‍നിന്ന് 60 എംപിമാര്‍ പിളര്‍ന്നു പിരിഞ്ഞു. കോണ്‍ഗ്രസിന്റെ 211 എംപിമാരുടെ പിന്തുണ. ജനതാദള്‍(എസ്) എന്ന പാര്‍ട്ടിക്ക് കൂറുമാറ്റ നിരോധന നിയമം മറികടക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നു. പക്ഷേ, രാജീവിന്റെ പരിമിതമായ പരിചയമാണോ ഉപദേശകരായി ഒപ്പമുണ്ടായിരുന്ന മുതിര്‍ന്നവരുടെ കഴിവായിരുന്നോ എന്നത് തര്‍ക്ക വിഷയമാണ്, രാജീവ് ഗുജറാത്തിനെയും യുപിയെയും ആശ്രയിച്ചു. അതും മികച്ച രാഷ്ട്രീയ നീക്കമായിരുന്നു. ഗുജറാത്തില്‍ ചന്ദ്രശേഖറിനോട് ആഭിമുഖ്യമുണ്ടായിരുന്ന ചിമന് ഭായ് പട്ടേല്‍ സര്‍ക്കാര്‍ ബിജെപിയുടെ അവിശ്വാസ പ്രമേയം അഭിമുഖീകരിക്കുന്ന വേളയായിരുന്നു. ചിമന് ഭായിക്ക് പിന്തുണ കൊടുക്കാന്‍ രാജീവ് ഗുജറാത്ത് കോണ്‍ഗ്രസിന് നിര്‍ദേശം നല്കി. അതൊരു നല്ല സൂചനയായി. ചന്ദ്രശേഖറിന്റെ സര്‍ക്കാരിന് നിലനില്‍പ്പുണ്ടാകുമെന്ന തോന്നല്‍ വന്നു. കൂടുതല്‍ പേര് ജനതാദളില്‍ നിന്ന് ജനതാദള്‍ (എസി)ന് ഒപ്പം കൂടാന്‍ തയാറായി. അതോടെ ചിമന്‍ഭായി, ആര്.കെ. ധവാന്, ശരദ് പവാര്‍ (അന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി) എന്നിവര്‍ ദല്‍ഹിയില്‍ത്തങ്ങി കരുനീക്കങ്ങള്‍ നടത്തി.
ഈയവസരത്തിലാണ് യുപി മുഖ്യമന്ത്രി മുലായം സിങ്ങിന്റെ നിയന്ത്രണത്തിലാണ് 12 ജനതാദള്‍ എംപിമാരെന്ന് തിരിച്ചറിഞ്ഞത്. എന്‍.ഡി. തിവാരി ആ യുപി ദൗത്യം ഏറ്റെടുത്തു. മുലായത്തിന് കൊടുക്കാവുന്ന മുഴുവന്‍ ഉറപ്പും നല്കി, ചന്ദ്രശേഖറിന്റെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസുകാരനായ തിവാരി രാത്രി പകലാക്കി. വി.പി. സിങ് മന്ത്രിസഭയിലെ ടെലികോം മന്ത്രിയായിരുന്ന ജ്ഞാനേശ്വര്‍ മിശ്രയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം എംപിമാര്‍ ചന്ദ്രശേഖറിനൊപ്പം ചേര്‍ന്നു. അപ്പോഴും പ്രധാനമന്ത്രിയാകാന്‍ പോകുന്നയാളിന്റെ പാര്‍ട്ടിക്ക് 58 എംപിമാരേ ഉണ്ടായിരുന്നുള്ളൂ.
സ്വാഭാവികമായും വി.പി. സിങ്ങിന്റെ മന്ത്രിസഭയിലെ ഉപപ്രധാനമന്ത്രിയായിരുന്ന ദേവീലാലിന് പ്രധാനമന്ത്രി പദത്തിലേക്ക് സ്ഥാനക്കയറ്റം പലരും പ്രതീക്ഷിച്ചു. അങ്ങനെ സംസാരങ്ങളും ഉണ്ടായി. പക്ഷേ മുലായത്തിന്റെ പിന്തുണ കിട്ടാന്‍ അതിന് തടസമായി. ദേവീലാലിനെ മുലായത്തിന് പിടിക്കില്ലായിരുന്നു. ഒടുവില്‍ ചന്ദ്രശേഖറായിരിക്കും പ്രധാനമന്ത്രിയെന്ന ഉറപ്പിലാണ് മുലായം സര്‍ക്കാരിന് പിന്തുണ നല്‍കിയത്. രാഷ്ട്രപതി ആര്. വെങ്കിട്ടരാമന് ചന്ദ്രശേഖറിന് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ദേവീലാല്‍ ഉപപ്രധാനമന്ത്രിയുമായി.
വാസ്തവത്തില്‍ ചന്ദ്രശേഖറിന്റെ സര്‍ക്കാരിനെ ‘കോണ്‍ഗ്രസ് ഭരണം’ എന്ന് വിശേഷിപ്പിക്കുന്നതാവും ശരി. സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആഘോഷം മുതല്‍ അത് കാണാമായിരുന്നു. ഖദര്‍ ധാരികള്‍ ഇന്ദിരയുടെയും രാജീവിന്റെയും ചിത്രങ്ങളും ബാനറുകളും പിടിച്ച് മുദ്രാവാക്യം വിളിച്ചു. ചന്ദ്രശേഖര്‍ സര്‍ക്കാരിന്റെ കാലം 1991 നവംബര്‍ 10 മുതല്‍ 1991 ജൂണ്‍ 4 വരെയായിരുന്നു; 223 ദിവസം മാത്രം. ഇടക്കാല തെരഞ്ഞെടുപ്പ് ഒഴിവാക്കി, കോണ്‍ഗ്രസിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക, ജനതാദളിനെ തകര്‍ക്കുക എന്ന ലക്ഷ്യമായിരുന്നു രാജീവിനും കൂട്ടര്‍ക്കും. ബിജെപി ശ്രീരാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ ഉണ്ടാക്കിയെടുത്ത അനുകൂല അന്തരീക്ഷവും ഒന്നു തണുപ്പിക്കുക ലക്ഷ്യമായിരുന്നു. വിചിത്രമായ ഒരു മുന്നണി പരീക്ഷണം കൂടി അങ്ങനെ പരാജയപ്പെട്ടു: രാജീവിനെ നിരീക്ഷിക്കാന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ ചാരപ്പോലീസിനെ നിയോഗിച്ചുവെന്ന കാരണം പറഞ്ഞ്, കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചു; ചന്ദ്രശേഖറും വീണു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: