പോണ്ടിച്ചേരി സര്‍വകലാശാല കാമ്പസില്‍ പെര്‍ഫോമിംഗ് ആര്‍ട്സ് വിഭാഗത്തിന്റെ വാര്‍ഷിക ആഘോഷത്തില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ അവതരിപ്പിച്ച സോമയാനം എന്ന നാടകത്തിനെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് പൊലീസ് കേസെടുത്തു. സംവിധായകന്, തിരക്കഥാകൃത്ത് എന്നിവര്‍ക്ക് എതിരെയാണ് എ.ബി.വി.പിയുടെ പരാതിയില്‍ കേസെടുത്തത്. മാര്‍ച്ച് 29 നാണ് നാടകം അവതരിപ്പിച്ചത്.
സീത രാവണന് ഗോമാംസം വിളമ്പുന്നതും തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് നൃത്തം ചെയ്യുന്നതും മറ്റും പ്രകോപനപരമായി നാടകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍വകലാശാല സമിതിയെയും നിയോഗിച്ചിട്ടുണ്ട്. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ പുറത്താക്കണമെന്നും വകുപ്പ് മേധാവിക്കെതിരെ അച്ചടക്കം നടപടിയെടുക്കണമെന്നും എ.ബി.വി.പി ആവശ്യപ്പെട്ടു.
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്താനും ഹൈന്ദവ വിശ്വാസങ്ങളുടെ പവിത്രതയെ വെല്ലുവിളിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് നാടകമെന്ന് എ.ബി.വി.പി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. അഭിപ്രായ സ്വാതന്ത്ര്യം ഉത്തരവാദിത്തത്തോടെ വിനിയോഗിക്കണം.
സീതയുടെ കഥാപാത്രത്തെ ‘ഗീത’ ആയി ചിത്രീകരിച്ചു, രാവണനെ ‘ഭാവന’ ആയും ചിത്രീകരിച്ചു. സീത രാവണന് ഗോമാംസം അര്‍പ്പിക്കുന്നതും സീതയെ തട്ടിക്കൊണ്ടുപോകുന്ന രംഗത്തില്‍, ‘ഞാന്‍ വിവാഹിതനാണ്, പക്ഷേ നമുക്ക് സുഹൃത്തുക്കളാകാം’ എന്ന് പറയുന്നതുമൊക്കെ പ്രകോപനപരമാണ്. മറ്റൊരു രംഗത്തില്‍, ‘കാഞ്ജനേയന്’ ആയി ചിത്രീകരിച്ച ഹനുമാനെ പരിഹാസ പാത്രമാക്കി. ഹനുമാന്റെ വാല് ശ്രീരാമനുമായുള്ള ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ആന്റിനയായും ചിത്രീകരിച്ചു.
ഇടതുപക്ഷ സംഘടനകള്‍ ബോധപൂര്‍വം ആസൂത്രണം ചെയ്തതാണ് നാടകം. രാമായണത്തിന്റെയും അതിലെ കഥാപാത്രങ്ങളുടെയും ഇത്തരത്തിലുള്ള അവതരണം ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസങ്ങളോടുള്ള അങ്ങേയറ്റം നിന്ദ്യമായ അനാദരവാണെന്ന് എ.ബി.വി.പി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: