ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ക്ലാസിക്ക് പോരാട്ടം സമനിലയില്‍ കലാശിച്ചു. മുന്‍നിര ടീമുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്സണലും തമ്മില്‍ നടന്ന സൂപ്പര്‍ പോരാട്ടമാണ് ഗോള്‍രഹിത സമനിലയില്‍ കലാശിച്ചത്. ഇതോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള ആഴ്സണലിന്റെ പോരാട്ടം വിഫലമായി. നിലവില്‍ ലിവര്‍പൂളാണ് ഒന്നാം സ്ഥാനത്ത്.
29 കളികളില്‍ നിന്ന് 67 പോയിന്റാണ് അവര്‍ക്കുള്ളത്. ആഴ്സണലിന് 65 പോയിന്റും മൂന്നാമതുള്ള സിറ്റിക്ക് 64 പോയിന്റുമാണുള്ളത്. സിറ്റിക്കെതിരെ വിജയിച്ചിരുന്നെങ്കില്‍ മികച്ച ഗോള്‍ ശരാശരിയില്‍ ആഴ്സണലിന് ഒന്നാം സ്ഥാനത്തെത്താമായിരുന്നു.
എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അടിയും തിരിച്ചടിയുമായി ഇരുടീമുകളും കളം നിറഞ്ഞു. കളിയില്‍ ആധിപത്യം മാഞ്ചസ്റ്റര്‍ സിറ്റിക്കായിരുന്നു. കളിയുില് 73 ശതമാനം പന്ത് കൈവശംവച്ചത് സിറ്റിയുടെ സൂപ്പര്‍ താരനിരയായിരുന്നു. എന്നാല്‍ ഡി ബ്രൂയന്, ഫില്‍ ഫോഡന്, എര്‍ലിങ് ഹാളണ്ട് അടക്കമുള്ള താരനിര മാഞ്ചസ്റ്റര്‍ സിറ്റിക്കായി അണിനിരന്നിട്ടും ഒരിക്കല്‍ പോലും ഗണ്ണേഴ്സ് ഗോളിയെ കീഴടക്കാനായില്ല. അവര്‍ ആകെ പായിച്ച 12 ഷോട്ടുകളില്‍ ഒരെണ്ണം മാത്രമാണ് ഓണ്‍ ടാര്‍ഗറ്റിലേക്ക് പോയത്. എന്നാല്‍ ആഴസണല്‍ ഗോളിയെ കീഴടക്കാനുള്ള കരുത്ത് ആ ഷോട്ടിനുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: