ന്യൂദല്‍ഹി: ശ്രീലങ്കയ്ക്കു കച്ചത്തീവ് ദ്വീപ് കൈമാറാന്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആഗ്രഹിച്ചിരുന്നതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. മുന്‍ വിദേശകാര്യമന്ത്രി സ്വരണ്‍ സിങ് 1974ല്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം ഉദ്ധരിച്ചാണു കോണ്‍ഗ്രസിനെ ജയശങ്കര്‍ വിമര്‍ശിച്ചത്.
‘പാക് ഉള്‍ക്കടലില്‍ സമുദ്രാതിര്‍ത്തി നിര്‍ണയിക്കുന്ന കരാര്‍ ഇരു രാജ്യങ്ങള്‍ക്കും ന്യായവും നീതിയുക്തവുമായി പരിഗണിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. അതേസമയം, ഈ കരാറില്‍ മത്സ്യബന്ധനത്തിനുള്ള അവകാശങ്ങള്‍, മുന്‍കാലങ്ങളില്‍ ഇരുപക്ഷവും ആസ്വദിച്ച തീര്‍ത്ഥാടനവും ജലഗതാഗതവും ഭാവിയില്‍ പൂര്‍ണമായും സംരക്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന് ബഹുമാനപ്പെട്ട അംഗങ്ങളെ ഓര്‍മിപ്പിക്കുന്നു.’ ജയശങ്കര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഭാരതവും ശ്രീലങ്കയും തമ്മില്‍ മറ്റൊരു കരാറുണ്ടാക്കിയെന്നു ജയശങ്കര്‍ ചൂണ്ടിക്കാട്ടി. ഈ കരാറില്‍ ചില കാര്യങ്ങള്‍ ഭാരതം നിര്‍ദേശിച്ചു.
രണ്ട് രാജ്യങ്ങളും പ്രത്യേക സാമ്പത്തിക മേഖലകള്‍ സ്ഥാപിക്കുന്നതോടെ, ഭാരതവും ശ്രീലങ്കയും അതതു മേഖലകളിലെ വിഭവങ്ങളില്‍ പരമാധികാരം വിനിയോഗിക്കും. ശ്രീലങ്കയുടെ ചരിത്രപ്രധാനമായ ജലാശയങ്ങളിലും കടലിലും പ്രത്യേക മേഖലയിലും ഭാരതം മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടില്ല. 1974ല്‍ ഉറപ്പുനല്‍കുന്നു, 1976 ആവുന്നതോടെ, ഈ ഉറപ്പ് നല്കുന്ന ഒരു കരാര്‍ അവസാനിക്കുന്നു. ഈ കരാറിന്റെ ഫലമായാണു കഴിഞ്ഞ 20 വര്‍ഷത്തിനിടെ 6184 ഭാരത മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക തടവിലാക്കിയത്. ഇക്കാലയളവില്‍ ഭാരതത്തിന്റെ 1175 മത്സ്യബന്ധന ബോട്ടുകളാണു ശ്രീലങ്ക പിടിച്ചെടുത്തത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിവിധ പാര്‍ട്ടികള്‍ കച്ചത്തീവ് വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് എനിക്കു നിരവധി തവണ കത്തെഴുതി. സ്റ്റാലിന് 21 പ്രാവശ്യം ഇതേ വിഷയത്തില്‍ മറുപടി നല്‍കിയതായും ജയശങ്കര്‍ പറഞ്ഞു. ചെറിയൊരു ദ്വീപിലെ നമ്മുടെ അവകാശവാദം ഒഴിവാക്കുകയാണെന്നു നെഹ്റു പറഞ്ഞിട്ടുണ്ട്. പാര്‍ലമെന്റില്‍ ഇത്തരം വിഷയങ്ങള്‍ വീണ്ടും വീണ്ടും ഉന്നയിക്കപ്പെടാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും വ്യക്തമാക്കി.
പണ്ഡിറ്റ് നെഹ്റുവിന് അതൊരു ചെറിയ ദ്വീപ് മാത്രമായിരുന്നു. കച്ചത്തീവിനെ ശല്യമായാണ് അദ്ദേഹം കണ്ടത്. അദ്ദേഹത്തെ സംബന്ധിച്ച്, എത്രയും നേരത്തേ അതു കൈമാറുന്നുവോ അത്രയും നല്ലതെന്നാണ് ചിന്തിച്ചതെന്നും ജയശങ്കര്‍ പറഞ്ഞു. യാതൊരു ഉത്തരാവാദിത്തവുമില്ലാതെയാണ് കോണ്‍ഗ്രസും ഡിഎംകെയും ഈ വിഷയത്തെ സമീപിച്ചത്. എങ്ങനെയാണ് ഇന്നത്തെ അവസ്ഥയെത്തിയതെന്ന് ജനങ്ങള്‍ അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബ്രീട്ടീഷ് കാലഘട്ടത്തില്‍ രാമനാഥപുരം രാജാവിന്റെ കീഴിലായിരുന്നു കച്ചത്തീവ്. ശ്രീലങ്കയ്ക്ക് അവകാശവാദം ഉന്നയിക്കാന്‍ യാതൊരുവിധ രേഖകളും കൈവശമുണ്ടായിരുന്നില്ല. എന്നാല്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകിന്റെ സമ്മര്‍ദത്തിന് ഇന്ദിരാഗാന്ധി വഴങ്ങുകയായിരുന്നുവെന്നും അതൊരു ചതിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലുള്‍പ്പെടെ കച്ചത്തീവ് പ്രശ്നം വന്‍ കൊടുങ്കാറ്റാണ് സൃഷ്ടിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രതിഫലമുണ്ടാകുമെന്ന ഭയപ്പാടിലാണ് കോണ്‍ഗ്രസും ഡിഎംകെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: