ആടുജീവിതം എന്ന നോവലിലെ പ്രധാന കഥാപാത്രമായ നജീബ് എന്നത് യഥാര്‍ത്ഥ ജീവിതത്തിലെ ഷുക്കൂര്‍ ആണെന്ന് ഇത്രകാലവും പറഞ്ഞ ബെന്യമിന്‍ കഴിഞ്ഞ ദിവസം ഇത് ഷുക്കൂറിന്റെ കഥയല്ല എന്ന പറഞ്ഞത് സാഹിത്യലോകത്തെ ഞെട്ടിച്ചു.സമൂഹമാധ്യമങ്ങളില്‍ ബെന്യാമിന്റെ ഈ തള്ളിപ്പറയലിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് വരുന്നു.
ആടുജീവിതം സിനിമ കൂടി പുറത്തുവന്നതോടെ നിരവധി യൂട്യൂബ് ചാനലുകള്‍ ഷുക്കൂറിനെയും ഭാര്യ സബേത്തിനെയും അഭിമുഖം നടത്തിയിരുന്നു. നജീബ് എന്ന കഥാപാത്രം ഷുക്കൂറാണെന്നും സയ്നു എന്ന കഥാപാത്രം സബേത്താണെന്നും ആണ് ഇത്രയും കാലം ബെന്യാമിന്‍ പറഞ്ഞത്. നജീബ് എന്നത് നിരവധി ഷുക്കൂര്‍മാരുടെ ജീവിതകഥകള്‍ കൂട്ടിയിണക്കിയ കഥാപാത്രമാണെന്നും ആണ് ബെന്യാമിന്‍ ഇപ്പോള്‍ പറയുന്നത്. എന്തുകൊണ്ടാണ് പൊടുന്നനെ ബെന്യാമിന്‍ ഷുക്കൂറിനെ തള്ളിപ്പറയുന്നത് എന്ന് വ്യക്തമല്ല.
ഷുക്കൂറിന് ബെന്യാമിന്‍ ഒരു കോടിയെങ്കിലും കൊടുക്കണം എന്ന പ്രസ്താവനയുമായി നടന്‍ ഹരീഷ് പേരടി രംഗത്തെത്തിയിരുന്നു. നാല് ദിവസത്തിനുള്ളില്‍ 50 കോടി രൂപയാണ് ആടുജീവിതം കളക്ഷന്‍ നേടിയത്.
“ഈ സാഹിത്യ സർക്കസ്സ് കമ്പനി ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരിക്കലും നടക്കാത്ത മനുഷ്യവിരുദ്ധവും മൃഗവിരുദ്ധവുമായ ഒരു കാര്യം വെച്ചാണ് വിൽപ്പനയുടെ ഈ ഊഞ്ഞാലാട്ടം നടത്തിയെതെന്ന് അറിയുമ്പോൾ ഈ നോവൽ വായിച്ച് സമയം കളഞ്ഞതിൽ ഞാൻ ലജ്ജിക്കുന്നു..ഷൂക്കൂർ ഇക്കാ നിങ്ങളുടെ ആദ്യത്തെ കഫീൽ ഒരു അറബിയായിരുന്നെങ്കിൽ ഇന്നത്തെ നിങ്ങളുടെ കഫീൽ ഒരു മലയാള സാഹിത്യകാരനാണ്..നിങ്ങളുടെ ആട് ജീവിതം ഇപ്പോഴും തുടരുകയാണെന്ന് പറയാൻ സങ്കടമുണ്ട്…ക്ഷമിക്കുക..”- ഹരീഷ് പേരടി ഫെയ്സ്ബുക്ക് കുറിപ്പില്‍ ബെന്യാമിനെ വിമര്‍ശിക്കുന്നു.
ആടുമായി ലൈംഗികബന്ധം
നോവലില്‍ നജീബ് എന്ന നായക കഥാപാത്രം ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും, മകനെപ്പോലെ വളര്‍ത്തിയ ആട്ടിന്‍കുട്ടിയുടെ പുരുഷത്വം ഛേദിക്കുന്നതും നോവലിസ്റ്റ് ബെന്യാമിന്‍ ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ ഇതുരണ്ടും സിനിമയില്‍ ഇല്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിന്, ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗം ചിത്രീകരിച്ചിരുന്നെങ്കിലും സെന്‍സര്‍ പ്രശ്‌നങ്ങള്‍ കാരണം ഒഴിവാക്കി എന്നായിരുന്നു ബെന്യാമിന്റെ മറുപടി. അതേസമയം യഥാര്‍ത്ഥ ജീവിതത്തിലെ നജീബ് അഥവാ ഷുക്കൂര്‍ താന്‍ ഇത്തരമൊരു പ്രവര്‍ത്തി ചെയ്തിട്ടില്ലെന്നു പറയുകയുണ്ടായി. ഇതിന് പിന്നാലെ ബെന്യാമിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഷുക്കൂറിനെ മനപൂര്‍വ്വം അപമാനിക്കുകയാണ് ബെന്യാമിന്‍ ചെയ്തതെന്നും നോവല്‍ വിറ്റുപോകാന്‍ ചെയ്ത കുതന്ത്രമാണെന്നുമെല്ലാം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
ക്രെഡിറ്റ് നല്‍കാതെ ചിലതെല്ലാം റോഡ് ടു മെക്കയില്‍ നിന്നും ബെന്യാമിന്‍ എടുത്തതായും വിമര്‍ശനം
മുഹമ്മദ് അസദ് രചിച്ച ‘റോഡ് ടു മെക്ക’ (Road to Mecca) എന്ന യാത്രാവിവരണത്തിന്റെ ചില വാചകങ്ങളെങ്കിലും അതേ പോലെ ബെന്യാമിന്‍ എടുത്തിട്ടുണ്ടെങ്കിലും അതിന് മുഹമ്മദ് അസദ് എന്ന എഴുത്തുകാരന് യാതൊരു ക്രെഡിറ്റും ബെന്യാമിന്‍ നല്‍കിയിട്ടില്ലെന്ന വിമര്‍ശനം വീണ്ടും ഉയരുകയാണ്. മനോരമയുടെ മുന്‍ ചീഫ് റിപ്പോര്‍ട്ടറായ രാമചന്ദ്രന്‍ ഈ ആരോപണം കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചു. വാസ്തവത്തില്‍ നജീബ് എന്ന കഥാപാത്രം പറഞ്ഞ കഥ കേട്ടെഴുതിയതുപോലെയുള്ള ഒരു കേട്ടെഴുത്ത് മാത്രമാണ് ബെന്യാമിന്റെ ആടുജീവിതമെന്നും രാമചന്ദ്രന്‍ വിമര്‍ശിച്ചു. മരുഭൂമിയില്‍ ഓന്ത്, പാമ്പ് എന്നിവയെക്കുറിച്ചെല്ലാം മുഹമ്മദ് അസദിന്റെ റോഡ് ടു മെക്കയില്‍ വിശദമായ വിവരണങ്ങളുണ്ട്. ഇതെല്ലാം ഏതാണ്ട് അതേ പോലെ ബെന്യാമീന്റെ നോവലില്‍ കാണാമെന്നും രാമചന്ദ്രന്‍ ആരോപിക്കുന്നു. ‘ഈ ഓന്ത് വെള്ളം കുടിക്കില്ലത്രെ’ – എന്ന മുഹമ്മദ് അസദിന്റെ നോവലിലെ വിവരണം അതുപോലെ തന്നെ ആടുജീവിതത്തില്‍ കാണാം. കാട്ടറബി തുണിനനച്ച് നജീബിന് വെള്ളം നല്‍കുന്ന ഭാഗത്തിന്റെ വിവരണവും റോഡ് ടു മെക്കയിലേതുപോലെയാണെന്ന് രാമചന്ദ്രന്‍ പറയുന്നു. റോഡ് ടു മെക്കയില്‍ നിന്നുള്ള ഇതുപോലെയുള്ള ഏതാനും ഭാഗങ്ങള്‍ ആടുജീവിതത്തിലും കാണാം.
പണ്ട് പുനത്തില്‍ കുഞ്ഞബ്ദുള്ള തന്റെ ‘കന്യാവനങ്ങള്‍’ എന്ന നോവലിന്റെ ഒരു അദ്ധ്യായം മുഴുവന്‍ സാക്ഷാല്‍ രവീന്ദ്രനാഥ ടാഗോറിന്റെ കൃതിയില്‍ നിന്നും മോഷ്ടിച്ചതാണ് എന്ന കണ്ടെത്തിയതിന് സമാനമാണ് ആടുജീവിതത്തിലെ പല വിവരണങ്ങള്‍ക്കും റോഡ് ടു മെക്കയിലെ വിവരണങ്ങളും നിരീക്ഷണങ്ങളുമായുള്ള സാമ്യം. ഒ.കെ. ജോണി എന്ന പത്രപ്രവര്‍ത്തകനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കന്യാവനങ്ങള്‍ക്ക് രവീന്ദ്രനാഥ ടാഗോറിന്റെ വരികളുമായുള്ള സാമ്യം കണ്ടെത്തിയത്. ഒരു കപ്പല്‍ യാത്രയുടെ വിവരണങ്ങള്‍ക്കാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള രവീന്ദ്രനാഥ ടാഗോറിന്റെ ഗദ്യത്തില്‍ നിന്നും കടംകൊണ്ടത്. ഇത് നിഷേധിക്കാന്‍ കഴിയാതെ വന്നതോടെ പുനത്തിലിന്റെ സാഹിത്യ ചോരണം സ്ഥിരീകരിക്കപ്പെടുകയായിരുന്നു.
ഷംസ് ബാലുശേരിയാണ് ഈ ആരോപണം ആദ്യം ഉയര്‍ത്തിയതെന്നും അന്ന് ബെന്യാമിനോട് ചില ഭാഗങ്ങള്‍ മാറ്റിയെഴുതിയാല്‍ കൊള്ളാം എന്ന് താന്‍ നേരിട്ട് പറഞ്ഞിരുന്നുവെന്നും രാമചന്ദ്രന്‍ പറയുന്നു. ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം പല പതിപ്പുകളില്‍ വ്യത്യാസങ്ങള്‍ കാണാമെന്നും ഇത് വിജയന്‍ ഓരോ പതിപ്പും ഇറക്കുമ്പോഴും നടത്തുന്ന മിനുക്കലിന്റെ ഭാഗമാണെന്നും രാമചന്ദ്രന്‍ പറയുന്നു. അതുപോലെ ബെന്യാമീനും ചെയ്തുകൂടേ എന്ന് നേരിട്ട് കണ്ടപ്പോള്‍ ഒരിയ്‌ക്കല്‍ ചോദിച്ചെന്നും ഇനിയിപ്പോള്‍ പഴയതിലേക്ക് തിരിച്ചുപോയി ഒന്നും ചെയ്യാന്‍ പറ്റില്ലെന്നായിരുന്നു ബെന്യമീന്‍ മറുപടി നല്‍കിയതെന്നും രാമചന്ദ്രന്‍ വിശദീകരിക്കുന്നു.
എം.എന്‍ കാരശ്ശേരി റോഡ് ടു മെക്ക മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ട് പുസ്തകങ്ങളും തമ്മില്‍ സാമ്യമില്ല എന്ന നിലപാടാണ് കാരശ്ശേരി എടുത്തിട്ടുള്ളത്. ബെന്യാമിന്റെ കയ്യില്‍ നജീബിന്റെ ഒറിജിനലായ കഥ കിടപ്പുണ്ട്. മരുഭൂമിയെക്കുറിച്ച് ഒന്നും അറിയാത്തതിനാലായിരിക്കാം റോഡ് ടു മെക്കയിലെ ചിലഭാഗങ്ങള്‍ ബെന്യാമന്‍ എടുത്തതെന്നും രാമചന്ദ്രന്‍ സൂചിപ്പിക്കുന്നു. ഷംസ് ബാലുശേരി ഇത്തരം ഒരു ആരോപണം ഉന്നയിച്ചപ്പോള്‍ ഒരു ബുള്‍സ് ഐയുടെ ചിത്രം ബെന്യാമിന്‍ പോസ്റ്റ് ചെയ്തതായി ഓര്‍ക്കുന്നതായും അതല്ലാതെ ഈ വിവാദത്തെക്കുറിച്ച് ബെന്യാമിനോ മാധ്യമങ്ങളോ ഇന്ന് വരെ സംസാരിച്ചിട്ടില്ലെന്നും രാമചന്ദ്രന്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: