കൊല്‍ക്കത്ത: ബംഗാളിലെ സന്ദേശ്ഖാലി ഉള്‍പ്പെടുന്ന ഹസിര്ഹട്ടില് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി രേഖ പത്രയെ ‘ശക്തിസ്വരുപ’യെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്ത്രീകള്‍ക്ക് ശ്രദ്ധേയമായ മാതൃകയാണെന്നും മോദി പറഞ്ഞു. സന്ദേശ്ഖാലിയിലെ സമരനായിക രേഖ പത്രയെ കഴിഞ്ഞദിവസമാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണില്‍ വിളിച്ച് രേഖ പത്രയെ അഭിനന്ദിച്ചത്. ബിജെപിയുടെ ജനപിന്തുണ ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള പ്രചാരണ പരിപാടികളെക്കുറിച്ചും തയാറെടുപ്പുകളെ സംബന്ധിച്ച് പ്രധാനമന്ത്രി രേഖ പത്രയോട് സംസാരിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസുകാരുടെ പീഡനത്തിനിരയായ സ്ത്രീകളെ സംഘടിപ്പിച്ച് നീതിക്കായി നടത്തുന്ന പോരാട്ടത്തെ മോദി അഭിനന്ദിച്ചു. തെരഞ്ഞെടുപ്പ് പോരിലും രേഖ പത്ര വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. രേഖയെ മത്സരിപ്പിക്കുന്ന ബിജെപിയുടെ തീരുമാനം ശരിയാണ്. എല്ലാവരേയും, തെറ്റ് ചെയ്തവരെപ്പോലും പരിഗണിക്കുന്ന ചുരുക്കം ചിലര്‍ മാത്രമേയുള്ളൂ. നിങ്ങള്‍ക്ക് വളരെ വലിയ ഹൃദയമുണ്ട്. രാജ്യം നിങ്ങളില്‍ അഭിമാനിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ സ്ത്രീകള്‍ക്ക് ശ്രദ്ധേയമായ ഒരു മാതൃകയാണ് രേഖ പത്രയെന്നും മോദി പറഞ്ഞു.
മത്സരിക്കാന്‍ അവസരം ഒരുക്കിയതില്‍ രേഖ പത്ര പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. 2011 മുതല്‍ സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ ദുരിതമനുഭവിക്കുകയാണ്. സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഇവിടുത്തെ ജനങ്ങളുടെ അഭിമാനം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഈ പോരാട്ടം. സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ ഒപ്പമുണ്ട്. അവരാണ് ശക്തിയും ഊര്‍ജവും, പത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: