ബെംഗളൂരു: സംസ്ഥാനത്ത് തിങ്കളാഴ്ച ആരംഭിച്ച എസ്എസ്എല്‍സി പരീക്ഷയില്‍ കോപ്പിയടിക്കാന്‍ വിദ്യാര്‍ഥികളെ സഹായിച്ച രണ്ട് അധ്യാപകര്‍ക്ക് സസ്പെന്ഷന്. യാദ്ഗിര്‍, വിജയപുര സര്‍ക്കാര്‍ സ്കൂളുകളിലാണ് സംഭവം.
സ്കൂളില്‍ സ്ഥാപിച്ച വെബ്കാസ്റ്റിംഗ് സൗകര്യം വഴിയാണ് ഇന്വിജിലേഷന് ഡ്യൂട്ടിയിലുള്ള രണ്ട് അധ്യാപകരെ കോപ്പിയടിക്കാന്‍ വിദ്യാര്‍ഥികളെ സഹായിച്ചത് കണ്ടെത്തിയത്. ഇവര്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
എസ്എസ്എല്‍സി പരീക്ഷയുടെ ആദ്യദിനം 13,468 വിദ്യാര്‍ഥികള്‍ ഹാജരായിരുന്നില്ല. പരീക്ഷക്കായി ആകെ രജിസ്റ്റര്‍ ചെയ്തത് 8,45,811 വിദ്യാര്‍ഥികളായിരുന്നു.
കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, ഉറുദു, ഇംഗ്ലീഷ്, ഇംഗ്ലീഷ് (എന്‍സിഇആര്‍ടി) ഉള്‍പ്പെടെയുള്ള ഒന്നാം ഭാഷാ വിഷയങ്ങളുടെ പരീക്ഷകളാണ് തിങ്കളാഴ്ച നടന്നത്. രജിസ്റ്റര്‍ ചെയ്ത മൊത്തം വിദ്യാര്‍ഥികളില്‍ 8,32,343 പേര് പരീക്ഷയെഴുതി. ആദ്യ ദിനം ഹാജര്‍ നിരക്ക് 98.41 ശതമാനം ആണ്. കോപിയടിച്ചതിനെ തുടര്‍ന്ന് വിജയപുര സര്‍ക്കാര്‍ സ്കൂളിലെ ഒരു വിദ്യാര്‍ഥിയെ ഡിബാര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: