തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പ്രചരണം തിരുവനന്തപുരത്തെ ബിജെപി ഇതര ജനവിഭാഗങ്ങള്‍ ഉള്‍പ്പെടെ സ്വീകരിച്ചതോടെ പരിഭ്രാന്തരായ എല്‍ഡിഎഫ് നേതൃത്വം തെറ്റായ പരാതികളുമായി മുന്നോട്ട് പോവുകയാണെന്ന് എന്‍ഡിഎ പാര്‍ലമെന്റ് മണ്ഡലം കണ്‍വീനര്‍ അഡ്വ:വി.വി.രാജേഷ് പറഞ്ഞു.
പൂജപ്പുര എല്‍ബിഎസില്‍ കഴിഞ്ഞ ദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന് 10.30 നും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ 11 മണിയ്ക്കും വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഒരേസ്ഥാപനത്തില്‍ ഒരേ ദിവസം നടന്ന രണ്ട് പരിപാടികളില്‍ ഒന്ന് മാത്രം എങ്ങനെയാണ് തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുന്നതെന്ന് രാജേഷ് ചോദിച്ചു. 5 വര്‍ഷം കൊണ്ട് തിരുവനന്തപുരത്തെ 5 ലക്ഷം യുവാക്കളെ തൊഴില്‍ നൈപുണ്യമുള്ളവരാക്കിമാറ്റുമെന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനം തലസ്ഥാനത്തെ യുവജനങ്ങളും മാതാപിതാക്കളും ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു.
വിദ്യാഭ്യാസ മേഖലയില്‍ മാത്രമല്ല ദുരിതമനുഭവിയ്ക്കുന്ന പൊഴിയൂരുള്പ്പെടെയുള്ള തീരദേശമേഖലയിലെയും പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്ന തരത്തിലുള്ള രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടല്‍ ന്യൂനപക്ഷ, മത്സ്യത്തൊഴിലാളി മേഖലകളിലുണ്ടാക്കിയ മാറ്റം എല്‍ഡിഎഫിനെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.
സമ്പൂര്‍ണ്ണ പരാജയമായ യുഡിഎഫ് എം പി യെ ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും പോലും കൈയൊഴിഞ്ഞ സാഹചര്യത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ സ്വാധീനിയ്ക്കുവാനുള്ള എല്‍ഡിഎഫ് പരിശ്രമത്തിന്റെ ഭാഗമായാണ് എന്‍ഡിഎ സ്ഥാനാര്ത്ഥിയെക്കെതിരെ തെറ്റായ പ്രചരണം നടത്തുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സിഎഎ കേസുകള്‍ പിന്‍വലിക്കുവാനും, പ്രസ്തുത കേസുകള്‍ എത്രയും വേഗത്തില്‍ കോടതികളില്‍ എത്തിയ്ക്കുവാനും സര്‍ക്കുലര്‍ പുറപ്പെടുവിച്ച സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിയ്ക്കുമെന്നും വിവി രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: