ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) പോരാട്ടങ്ങളുടെ മൂന്നാം ദിവസമായ ഇന്നും രണ്ട് മത്സരങ്ങള്‍. ആദ്യകളിയില്‍ രാജസ്ഥാന് റോയല്‍സ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ നേരിടും. രണ്ടാം മത്സരത്തില്‍ മുന്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കളിക്കും.
വൈകീട്ട് മൂന്നരയ്ക്കാണ് മലയാളി താരം സഞ്ജു വി. സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സിന്റെ കളി. ഭാരത ഏകദിന ഉപനായകന്‍ കെ.എല്‍. രാഹുല്‍ നയിക്കുന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ആണ് എതിരാളികള്‍. പരിക്ക് കാരണം കഴിഞ്ഞ വര്‍ഷം തുടക്കത്തിലേ തന്നെ രാഹുലിന് ലീഗില്‍ നിന്ന് പിന്മാറേണ്ടിവന്നിരുന്നു. 2022 സീസണില്‍ രൂപംകൊണ്ട ടീമിന് കഴിഞ്ഞ രണ്ട് സീസണിലും കാര്യമായ നേട്ടം ഉണ്ടാക്കാനായിട്ടില്ല.
2022ലെ റണ്ണറപ്പുകളായ സഞ്ജുവിന്റെ രാജസ്ഥാന് കഴിഞ്ഞ സീസണില്‍ മുന്നിലേക്ക് വന്നില്ലെങ്കിലും ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. രാജസ്ഥാന്റെ തട്ടകമായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് കളി.
രാത്രി ഏഴരയ്ക്ക് നടക്കുന്ന രണ്ടാം മത്സരത്തിലാണ് മുന്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും കളിക്കാനിറങ്ങുക. 2022ല്‍ ഇറങ്ങിയ ആദ്യ സീസണില്‍ തന്നെ ടൈറ്റന്‍സിന് കിരീടം നേടിക്കൊടുത്ത നായകന് ഹാര്‍ദിക് പാണ്ഡ്യ ഇക്കുറി മുംബൈ ഇന്ത്യന്‍സ് നായകനാണ്. കഴിഞ്ഞ വര്‍ഷം ടീമിനെ റണ്ണറപ്പാക്കുകയും ചെയ്ത ശേഷമാണ് ഹാര്‍ദിക് ഇത്തവണ തന്റെ പഴയ ടീമായ മുംബൈയിലേക്ക് തിരിച്ചെത്തിയത്. താരത്തിന്റെ വരവോടെ മുംബൈയ്ക്ക് അഞ്ച് തവണ കിരീടം നേടിക്കൊടുത്ത നായകന് രോഹിത് ശര്‍മയെ നായക സ്ഥാനത്ത് നിന്ന് മാറ്റി. ഗുജറാത്ത് ടൈറ്റന്‍സിന്റെ പുതിയ നായകന് ഭാരത ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ആണ്.
ഈ രണ്ട് മത്സരങ്ങള്‍ കൂടി കഴിയുന്നതോടെ ഇത്തവണത്തെ ലീഗില്‍ എല്ലാ ടീമുകളുടെയും ഓരോ മത്സരങ്ങള്‍ പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: