തിരുവല്ല: പത്തനംതിട്ട ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പരിപാടിയായ മുഖാമുഖത്തില്‍ ആളെക്കൂട്ടാന്‍ കുടുംബശ്രീ അംഗങ്ങള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് വാട്സ് ആപ്പ് സന്ദേശം. സിഡിഎസ് ചെയര്‍പേഴ്സണ്‍ കുടുംബശ്രീയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അയച്ച ശബ്ദസന്ദേശമാണ് പുറത്തുവന്നത്.
കഴിഞ്ഞദിവസം കുന്നന്താനം കമ്യൂണിറ്റി ഹാളിലായിരുന്നു മുഖാമുഖം പരിപാടി. ഇതിന് തലേന്നാണ് കുടുംബശ്രീ ഗ്രൂപ്പുകളില്‍ ശബ്ദസന്ദേശം എത്തിയത്. ഓരോ കുടുംബശ്രീയിലെയും അഞ്ച് അംഗങ്ങള്‍ വീതം നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് സിഡിഎസ് ചെയര്‍പേഴ്സണ്‍ രഞ്ജിനി അജിത്ത് ആണ് ശബ്ദസന്ദേശം അയച്ചത്. പ്രസിഡന്റും സെക്രട്ടറിയും അടക്കം പങ്കെടുക്കണമെന്നായിരുന്നു നിര്‍ദേശം.
കുടുംബശ്രീയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ആളാണ് തോമസ് ഐസക്കെന്നും അതുകൊണ്ടുതന്നെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്താല്‍ കുടുംബശ്രീയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ഐസക് മറുപടി നല്‍കുമെന്നും പറഞ്ഞായിരുന്നു സന്ദേശം. സംഭവം വിവാദമായതോടെ രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല സന്ദേശം അയച്ചതെന്ന വിചിത്രവാദവുമായി സിഡിഎസ് ചെയര്‍പേഴ്സണ്‍ രംഗത്തെത്തി.
അതേസമയം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്നും എന്‍ഡിഎയും യുഡിഎഫും ആരോപിച്ചു. പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് എല്‍ഡിഎഫ് നടത്തുന്നതെന്നും ജില്ലാഭരണകൂടം അതിന് കൂട്ടുനില്‍ക്കുകയാണെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: