അമരാവതി: ആന്ധ്രാപ്രദേശിലെ എൻഡിഎ പങ്കാളികളുടെ ആദ്യ സംയുക്ത പൊതുയോഗത്തിന് പ്രധാനമന്ത്രി കരുത്തേകും. മഹത്തായ റാലിയായ ‘പ്രജാഗലം’ (പൊതുജനങ്ങളുടെ ശബ്ദം) പരിപാടിയിലാണ് പ്രവർത്തകരെ മോദി അഭിസംബോധന ചെയ്യുക. പത്ത് വർഷത്തിന് ശേഷമാണ് ഇത്തരത്തിൽ സംസ്ഥാനത്ത് സഖ്യം ഒരു പൊതുറാലി സംഘടിപ്പിക്കുന്നത്.
മോദിക്കൊപ്പം ടിഡിപി മേധാവി എൻ. ചന്ദ്രബാബു നായിഡുവും ജനസേനാ മേധാവി പവൻ കല്യാണും പൊതുയോഗത്തിൽ പങ്കെടുക്കും. 2024 ലെ തിരഞ്ഞെടുപ്പിനുള്ള റാലിയിൽ മൂന്ന് നേതാക്കളും വേദി പങ്കിടുന്നത് ഇതാദ്യമാണ്.
ടിഡിപി പങ്കുവെച്ച ഷെഡ്യൂൾ അനുസരിച്ച് ദൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ പുറപ്പെട്ട് വൈകുന്നേരം 4.10 ന് മോദി ഗന്നവാരം വിമാനത്താവളത്തിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. തുടർന്ന് ഗണ്ണവാരം വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ പൽനാട് ജില്ലയിലെത്തുന്ന പ്രധാനമന്ത്രി വൈകിട്ട് അഞ്ച് മണിയോടെ ബോപ്പുടി ഗ്രാമത്തിലെ യോഗ വേദിയിൽ എത്തും. വൈകുന്നേരം 5 മുതൽ 6 വരെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കും, അതിനുശേഷം അദ്ദേഹം ഹൈദരാബാദിലേക്ക് പോകും.
ആന്ധ്രാപ്രദേശിൽ സഖ്യത്തിന്റെ തേരോട്ടം എങ്ങനെ !
മെയ് 13 ന് നടക്കാനിരിക്കുന്ന നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ആന്ധ്രാപ്രദേശിലെ ആദ്യ എൻഡിഎ തിരഞ്ഞെടുപ്പ് യോഗമാണ് പ്രജാഗലം എന്ന് പേരിട്ടിരിക്കുന്നത്.
ആന്ധ്രാപ്രദേശിന്റെ സുവർണ്ണ ഭാവിക്ക് വേണ്ടി ക്രൂരമായ രാഷ്‌ട്രീയത്തെ തുരത്തുകയാണ് പ്രജാഗലം ലക്ഷ്യമിടുന്നതെന്ന് ജനസേന പറഞ്ഞു. ടിഡിപിയും ജനസേനയും ബിജെപിയും തങ്ങളുടെ അണികളെ വൻതോതിൽ യോഗത്തിനായി അണിനിരത്തുന്നുണ്ട്. യോഗത്തിന് ഒരുക്കമായി മോദി, നായിഡു, കല്യാണ് എന്നിവരുടെ ചിത്രങ്ങളടങ്ങിയ പ്രത്യേക ലോഗോ ടിഡിപി പുറത്തിറക്കിയിട്ടുണ്ട്.
മാർച്ച് 11 ന് നായിഡുവിന്റെ ആന്ധ്രാപ്രദേശിലെ ഉണ്ടവല്ലിയിലെ വസതിയിൽ നടന്ന മാരത്തൺ ചർച്ചയെ തുടർന്നാണ് എൻഡിഎ പങ്കാളികൾ ലോക്‌സഭാ, സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കുള്ള സീറ്റ് വിഭജന ഫോർമുലയ്‌ക്ക് അന്തിമ രൂപം നൽകിയത്. 17 പാർലമെൻ്ററി സീറ്റുകളിലും 144 സംസ്ഥാന സീറ്റുകളിലും സഖ്യം മത്സരിക്കുന്നത്.
പവൻ കല്യാണിന്റെ ജനസേന രണ്ട് ലോക്‌സഭാ സീറ്റുകളിലും 21 നിയമസഭാ സീറ്റുകളിലും മത്സരിക്കും.നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 128 സ്ഥാനാർത്ഥികളുടെ പേരുകൾ നായിഡു പ്രഖ്യാപിച്ചു. 16 പേർ കൂടി വരാനുണ്ട്, അത് എപ്പോൾ വേണമെങ്കിലും പ്രഖ്യാപിച്ചേക്കാമെന്നാണ് വിവരം.
പവൻ കല്യാൺ നിയമസഭാ തിരഞ്ഞെടുപ്പിൽ പിതപുരം മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. അതേ സമയം ജനസേന ഇതുവരെ ഏഴ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എന്നാൽ തെരഞ്ഞെടുപ്പിനുള്ള തങ്ങളുടെ സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല.
പ്രധാനമന്ത്രി മോദിയുടെ ചലനാത്മകവും ദീർഘവീക്ഷണമുള്ളതുമായ നേതൃത്വത്തിൽ ബിജെപിയും ജനസേനയും ടിഡിപിയും ആന്ധ്രാപ്രദേശിൽ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒരുമിച്ച് മത്സരിക്കാൻ തീരുമാനിച്ചതായി നായിഡു ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു.
ആന്ധ്രപ്രദേശിന്റെ പുരോഗതിക്കും വികസനത്തിനും നമ്മുടെ സംസ്ഥാനത്തെ ജനങ്ങളുടെ ഉന്നമനത്തിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ രാജ്യത്തിന്റെ വികസനത്തിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, ഇന്ത്യ ഒരു ആഗോള നേതാവായി ഉയരാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
ഇതിനു പുറമെ സീറ്റ് പങ്കിടൽ ചർച്ചകളിൽ സംസ്ഥാനത്തിന്റെയും ഭാവിയുടെയും താൽപ്പര്യങ്ങൾ ഏറ്റവും മുൻഗണന നൽകാനും പ്രധാന പ്രേരക ഘടകമാക്കാനും എൻഡിഎ പങ്കാളികൾ സമ്മതിച്ചതായി നായിഡു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: