പതിനെട്ടാമത് ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതികളായി. ഓരോ തെരഞ്ഞെടുപ്പിലും നല്ല രാഷ്ട്രീയ ബോധമുള്ളവര്‍ ഓര്‍മ്മിക്കുന്ന പേരാണ് ടി.എന്‍. ശേഷന്റേത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്ന ശേഷന്റെ വിശേഷങ്ങള്‍ പറയാതെ ഒരു തെരഞ്ഞെടുപ്പും കടന്നുപോകാറില്ല. വോട്ടര്‍മാരെ സ്വാധീനിക്കുന്നത് മൂന്നുനാല് കാര്യങ്ങളാണ്. ഒന്ന്: സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും നല്കുന്ന വാഗ്ദാനങ്ങളും അവകാശവാദങ്ങളും. രണ്ട്: മാദ്ധ്യമ പ്രചാരണം. മൂന്ന്: വിദഗ്ദ്ധരുടെ പ്രവചനങ്ങളെ-സാദ്ധ്യതാ അഭിപ്രായങ്ങള്‍. നാല്: പാര്‍ട്ടികള്‍ ഉണ്ടാക്കുന്ന പൊതു ധാരണയും വികാരവും.
ഇതില്‍ പാര്‍ട്ടികള്‍ ഉണ്ടാക്കുന്ന ധാരണയാണ് തെരഞ്ഞെടുപ്പിലെ ആര്‍ഭാടത്തിന്റെ വഴി. ടി.എന്‍. ശേഷന് കൊണ്ടുവന്ന തെരഞ്ഞെടുപ്പ് നടപടി പരിഷ്കരണങ്ങള്‍ ആ ആര്ഭാടമുള്പ്പെടെ ഒട്ടേറെ അനാവശ്യ ആചാരങ്ങള്‍ തെരഞ്ഞെടുപ്പില്‍ കുറച്ചു. എന്നാല്‍, തെരഞ്ഞെടുപ്പിന് ഭരണകൂടത്തിന്റെ ധനവിതരണം (സ്റ്റേറ്റ് ഫണ്ടഡ് ഇലക്ഷന്) എന്ന ശേഷന്റെ ആശയം ഒരു പാര്‍ട്ടിയും അനുകൂലിച്ചില്ല. അതുകൊണ്ടാണ് ഇലക്ടറല്‍ ബോണ്ടുപോലുള്ള ആശയങ്ങളും പദ്ധതികളും വരുന്നത്. അതാണ് വിവാദങ്ങളിലേക്ക് നയിക്കുന്നത്.
ഇലക്ടറല്‍ ബോണ്ട് ഒരു പരിധിവരെ തെരഞ്ഞെടുപ്പിലെന്നല്ല, രാഷ്ട്രീയ പ്രവര്‍ത്തന മേഖലയിലെ പണത്തിന്റെ അവിശുദ്ധ ഇടപെടല്‍ അവസാനിപ്പിക്കാന്‍ സഹായകമായേനെ. പക്ഷേ, പഴുതുകള്‍ എവിടെയുമുണ്ടല്ലോ. ഒരേ നിയമപുസ്തകം വായിച്ചുപഠിച്ചാണല്ലോ വാദിക്കും പ്രതിക്കും വേണ്ടി കോടതികളില്‍ അഭിഭാഷകര്‍ വാദിക്കുകയും ജഡ്ജ് വിധിക്കുകയും ചെയ്യുന്നത്. ഇലക്ടറല്‍ ബോണ്ട് വഴി, എല്ലാ പാര്‍ട്ടികളും ഗുണഫലം അനുഭവിച്ചിട്ടുണ്ട്. ഇല്ലെന്നു പറയുന്നത് അഭിമാനമല്ല, അപമാനമാണെന്ന അവസ്ഥകൂടിയുണ്ട് ഇക്കാര്യത്തില്‍. ക്രിക്കറ്റ് കളിക്കാരെ ലേലം വിളിക്കുന്ന വേളയില്‍ ആരും ലേലംകൊള്ളാതെ പോകുന്ന കളിക്കാരുടെ കാര്യംപോലെയാണത്. അവരില്‍ വിശ്വാസമില്ലാത്തവര്‍ എങ്ങനെ അവര്‍ക്കുവേണ്ടി മുതല്‍ മുടക്കും എന്നു ചോദിക്കാന്‍ ഇടവന്നാല്‍ മാനക്കേട് ആര്‍ക്കാണ്? അതേപോലെയാണ് ബോണ്ടിന്റെ കാര്യത്തിലും. പക്ഷേ, ബോണ്ടിലില്ലാത്ത പാര്‍ട്ടികള്‍, സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയാണ്. അവരുടെ പണമിടപാടിലെ സുതാര്യത എത്രമാത്രമാണ് എന്നതൊക്കെ ചോദ്യമാണ്. അതാണ് കൂടുതല്‍ അപകടകരമായ കാര്യം.
ഇലക്ടറല്‍ ബോണ്ട് ഈ തെരഞ്ഞെടുപ്പില്‍ വിഷയമാകും. ചര്‍ച്ചകളില്‍ നുണപ്രചരിപ്പിക്കാന്‍ മടിയില്ലാത്തവര്‍ക്ക് അവസരമാകും. ഓര്‍മ്മിക്കാന്‍ പഴയൊരു ഡയറിയെക്കുറിച്ച് പറയാം- ജെയിന് ഹവാലാ ഡയറി. 1996 ലെ പൊതു തെരഞ്ഞെടുപ്പിനുമുമ്പ് പൊട്ടിപ്പുറപ്പെട്ട വമ്പന്‍ വാര്‍ത്തയായിരുന്നു ജെയിന് ഹവാലാ ഡയറിക്കുറിപ്പുകള്‍. രാജ്യത്തെ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടിനേതാക്കളുടെ പേരും ജെയിന് എന്ന, വമ്പന്‍ വ്യവസായ സാമ്രാജ്യത്തിന്റെ ഉടമകളില്‍നിന്ന് പണംപറ്റിയെന്ന് തെളിയിക്കാന്‍ സഹായകമായ ഡയറിക്കുറിപ്പായിരുന്നു അത്. അന്ന് കോണ്‍ഗ്രസ് പി.വി. നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കി ഭരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളുടെ പേരുമുണ്ടായിരുന്നു ഡയറിയില്‍. അവരൊക്കെ പാര്‍ട്ടിയിലെ റാവുവിന്റെ എതിരാളികളായിരുന്നു. മുഖ്യപ്രതിപക്ഷമായിരുന്ന ബിജെപിയിലെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, മദന്‍ ലാല്‍ ഖുരാന തുടങ്ങിയവരുടെ പേരും വന്നു. അവസാനം ഡയറിതന്നെ വ്യാജമാണെന്നായിരുന്നു കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. കോടതി ഇടപെട്ടതിനാല്‍ സത്യം പുറത്തുവന്ന് നിരപരാധികള്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ടു.
ജെയിന് ഡയറിക്ക് ശേഷം ബിജെപി ഒരു സുധീരമായ തീരുമാനമെടുത്തു. ബാങ്കുവഴിയല്ലാതെ സംഭാവന സ്വീകരിക്കില്ല. ചെക്കുവഴിയേ പണം കൈപ്പറ്റൂ. അതൊരു സുധീരമായ തീരുമാനമായിരുന്നു. പാര്‍ട്ടി അദ്ധ്യക്ഷനായി അദ്വാനി തുടരുന്ന കാലത്തായിരുന്ന തീരുമാനം. സ്വാതന്ത്ര്യത്തിന്റെ അമ്പതാം വര്‍ഷത്തില്‍, സദ്ഭരണം, സുതാര്യ ഭരണം എന്ന സുരാജ്യ സങ്കല്‍പ്പത്തിലെ പാര്‍ട്ടി തീരുമാനം. മറ്റുപാര്‍ട്ടികള്‍ ആ രീതി പിന്തുടരുമെന്ന് പാര്‍ട്ടി കരുതി. പക്ഷേ, മറ്റുപാര്‍ട്ടികള്‍ക്ക് സാമ്പത്തിക സ്രോതസ്സുകളായ വ്യവസായ ലോകത്തില്‍ പിടിമുറുക്കാനും മേല്‍ക്കൈ നേടിക്കൊടുക്കാനുമേ അത് വഴിവെച്ചുള്ളു. പക്ഷേ ബിജെപി നിലപാടും നയവും മാറ്റിയില്ല. ജനാധിപത്യ സംവിധാനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിലെ ചെലവിന് പണം ആവശ്യമാണ്, അത് കൊടുക്കാന്‍ വ്യവസായ-സമ്പദ് മേഖല ഉണ്ട് എന്നുവന്നപ്പോഴാണ് ഇലക്ടറല്‍ ബോണ്ടുപോലെയുള്ള സുതാര്യ സംഭാവനാ സംവിധാനം കൊണ്ടു വന്നത്. ആ സംവിധാനത്തിനമാണിപ്പോള് കോടതിയുടെ പരിശോധനയില്‍ ഇരിക്കുന്നത്.
കോടതിയുടെ ഇപ്പോഴത്തെ ഇടപെടലില്‍ അന്തിമതീര്‍പ്പ് തെരഞ്ഞെടുപ്പിന് മുമ്പുണ്ടായില്ലെങ്കില്‍ ഈ വിഷയം രാഷ്ട്രീയമായി ഒരുപക്ഷത്തിന്, സ്വാഭാവികമായും സര്‍ക്കാര്‍ പക്ഷത്തിന്, എതിരായി വിനിയോഗിക്കാന്‍ മറുപക്ഷത്തിന് അവസരമൊരുക്കും. കോടതിയുടെ അത്തരത്തില്‍ ഒരു നടപടി മുമ്പ് ഭരണകക്ഷിക്ക് ദോഷകരമായിട്ടുണ്ട്. അന്നും ഭരണത്തില്‍ ബിജെപി സര്‍ക്കാരായിരുന്നു, അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രി. ‘ശവപ്പെട്ടിക്കുംഭകോണ’മെന്ന് കുപ്രസിദ്ധമായ അഴിമതി വ്യാജ ആരോപണങ്ങള്‍ക്ക് അന്ന് പ്രതിപക്ഷത്തെ സഹായിക്കുന്നതായിരുന്നു കോടതി നടപടി. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തോല്‍വി പിണയാന്‍ ഒരുകാരണമായി അത്. അഴിമതിക്കെതിരേയുള്ള ഭരണ നടപടികളിലൂടെ ജനപിന്തുണ നേടിയ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരേ ഉയര്‍ന്ന ചെറുസംശയം പോലും ജനതയ്ക്ക് സഹിക്കാനാവാഞ്ഞതായി. അഴിമതി അത്രമേല്‍ ജനങ്ങള്‍ വെറുക്കുന്ന വിഷയമാണ്. അത്തരമൊരു സാഹചര്യം പക്ഷേ ഇലക്ടറല്‍ ബോണ്ടുവിഷയത്തില്‍ ഉണ്ടാകില്ല. കാരണം, എസ്ബിഐക്ക്, അവര്‍ പുറപ്പെടുവിച്ച ബോണ്ടുകള്‍ ആരുവാങ്ങി, എന്നതു സംബന്ധിച്ച അതിസൂക്ഷ്മ വിവരങ്ങള്‍ കോടതിക്ക് കൊടുക്കാന്‍ സമയം വേണ്ടതുണ്ട് എന്നതേയുള്ളു തടസം. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ പോകെ ഉണ്ടായിട്ടുള്ള ഭരണപരമായ നടത്തിപ്പുതടസമേ ബാങ്കിനുള്ളു.
എന്നാല്‍ അതിനിടെ, ബോണ്ടിന്റെ പേരില്‍ ബിജെപിയെ കുറ്റപ്പെടുത്തി, മോദി സര്‍ക്കാരിന്റെ അഴിമതിക്ക് തെളിവായി വിഷയം അവതരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അതിന് ‘കോണ്‍ഗ്രസിലെ സിപിഎംകാരനായ’ ജയ്റാം രമേഷും ‘സിപിഎമ്മിലെ കോണ്ഗ്രസ്കാരിയെന്നോ സീതാറാം യെച്ചൂരിയുടെ എതിരാളിയെന്നോ വിളിക്കാവുന്ന’ ബൃന്ദാ കാരാട്ടും മറ്റുമാണ് മുന്നില്‍. 10 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചിട്ട് ഒരു അഴിമതിയാരോപണവും ഉന്നയിക്കാന്‍ കഴിയാത്ത സദ്ഭരണ മാണ് നരേന്ദ്ര മോദിയുടേത്. അതിനാല്‍ത്തന്നെ അഴിമതിയുണ്ടെന്ന ചെറിയ സംശയം ഉയര്‍ത്തിയാല്‍, അതുമതി ജനമനസ്സിനെ തിരിച്ചുവിടാന്‍ എന്നാണ് അവരുടെ ദുസ്സാഹസം. പക്ഷേ, അഴിമതിയില്‍ നീന്തിത്തുടിച്ചതിനും മുങ്ങിക്കുളിച്ചതിനും ജനം ശിക്ഷിച്ച രണ്ട് പാര്‍ട്ടികളാണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളുമെന്ന നരേന്ദ്ര മോദിയുടെ കേരള പ്രസംഗത്തിലെ വിശദീകരണം (പത്തനംതിട്ട), വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: ലല്ലു പ്രസാദ് യാദവ് ഉണ്ടാക്കിക്കൊടുത്ത ‘കുടുംബമില്ലാത്തവന്‍’ എന്ന ആക്ഷേപം ആയുധമാക്കിയ മോദിക്ക് അഴിമതിയെക്കുറിച്ചു പറയാന്‍ ഇവര്‍ അവസരം നല്കിയിരിക്കുന്നു.
ഇനി തെരഞ്ഞെടുപ്പു കളത്തിലാണ് കാര്യങ്ങള്‍. പ്രചാരണം എന്തായാലും ജനമനസ്സ് എന്ത്? എന്നതാണ് പ്രധാനം. 10 വര്‍ഷത്തെ ഫലം തിരിച്ചറിഞ്ഞ ജനാവലി തീരുമാനം ഏറെക്കുറേ എടുത്തുകഴിഞ്ഞു. അത് മോദിയുടെ ഭരണത്തുടര്‍ച്ചയാണ്. പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിക്ക് നേരിട്ട് വോട്ടുകുത്തുന്ന തെരഞ്ഞെടുപ്പ് സംവിധാനത്തിലാണെങ്കില്‍ അതുമതി. പക്ഷേ, ഓരോ മണ്ഡലത്തിലും മോദിയെ പിന്തുണയ്ക്കുന്നവര്‍ വിജയിക്കേണ്ടതുണ്ട്. അതിന് മണ്ഡലങ്ങളിലെ ജനമനസ്സറിയണം, പാകപ്പെടുത്തണം.
ബിജെപി നേതാവ് എല്‍.കെ. അദ്വാനി, അദ്ദേഹത്തിന്റെ ആത്മകഥയായ ‘മൈ കണ്ട്രി, മൈ ലൈഫില്‍’ 1977 ലെ, അടിയന്തരാവസ്ഥക്കാലത്തെ, തെരഞ്ഞെടുപ്പുപ്രചാരണത്തിലെ ഒരനുഭവം വിവരിക്കുന്നുണ്ട്: ഞാന്‍ അമേഠിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കാന്‍ ചെന്നു. പ്രധാന ചന്തയിലൂടെ കടന്നുപോകുമ്പോള്‍ എല്ലാ കടകളിലും കോണ്‍ഗ്രസിന്റെ പതാകകള്‍ മാത്രം. ഞാന്‍ ഒരു കടയില്‍ കയറി ഉടമയോട് സംസാരിച്ചു. ഞാന്‍ ചോദിച്ചു- ഇവിടെ ആരു ജയിക്കും? മറുപടി വന്നു, ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി, സംശയമില്ല.
ഞാന്‍ അതിശയിച്ചു! കോണ്‍ഗ്രസ് തോല്ക്കാനിടയില്ല, എല്ലാ കടകളിലും കോണ്‍ഗ്രസിന്റെ ‘ഝണ്ഡ'(കൊടി) ആണല്ലോ എന്നുചോദിച്ചു. അദ്ദേഹം പറഞ്ഞു: ഭായ്സാബ്, താങ്കള്‍ ‘ഝണ്ഡ’യേ കണ്ടുള്ളു. അതുകെട്ടിയിരിക്കുന്ന ‘ദണ്ഡ’ (വടി) കണ്ടില്ല. ഞങ്ങള്‍ക്ക് വടി പേടിയാണ്. അതിനാലാണ് കൊടി പൊക്കിയിരിക്കുന്നത്… തുടര്‍ന്ന് അദ്വാനി എഴുതുന്നു: ” അതിവേഗം ഞാന്‍ ജനാധിപത്യത്തിലെ വലിയൊരു രാഷ്ട്രീയ പാഠം പഠിച്ചു. സാധാരണക്കാരുടെ രാഷ്ട്രീയ ധാരണാശക്തിയേയും പ്രതിബദ്ധതയേയും കുറച്ചുകാണരുത്. അവര്‍ നിരക്ഷരരോ ജാതി, മത പരിഗണനകള്‍ ഉള്ളവരോ ഒക്കെയാകാം. പക്ഷേ ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങിയ വലിയ വിഷയങ്ങള്‍ വരുമ്പോള്‍ അവര്‍ ഒറ്റ ശക്തിയാണ്…
പത്തുവര്‍ഷം, അഴിമതിയില്ലാത്ത ഭരണം, വികസനക്കുതിപ്പിന്റെ കാലം, പറഞ്ഞത് ചെയ്യുന്ന ഭരണകാലം, ജനങ്ങള്‍ ചിന്തിച്ചുറപ്പിച്ചുകഴിഞ്ഞു. അത് കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ സംഭവിക്കുമെന്നാണ് നിരീക്ഷണം. നാനൂറിലേറെ എന്ന ലക്ഷ്യം ഏറെ സുചിന്തിതമായ കണക്കാണെന്നുവേണം ധരിക്കാന്‍.
പിന്കുറിപ്പ്:
ഗായകന് ജാസി ഗിഫ്റ്റിനെ തെരഞ്ഞെടുപ്പുകാലത്ത് ഒരു ‘വില്‍പ്പന വസ്തു’വാക്കാന് ചിലര്‍ ശ്രമിച്ചതുപോലെ തോന്നല്‍. എഴുത്തുകാരന് ജയമോഹന് ‘വധശ്രമ’വും ഫലിച്ചില്ല. ചുള്ളിക്കാടിന്റെ ‘ചുട്ടികുത്തിക്കൂത്തിനും’ കൊഴുപ്പിക്കാനായില്ല. ഇലക്ടറല്‍ ബോണ്ടിനൊപ്പം സിപിഎമ്മിന്റെ ചങ്ങാതി സാന്റിയാഗോ മാര്‍ട്ടിനും വന്നത് ചതിയായി. ടി.എന്‍. പ്രതാപനും ഇ.പി. ജയരാജനുമാണ് വലത്-ഇടത് മുന്നണികളുടെ വിധിയെഴുത്തുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: