ആലുവ: രണ്ട് വര്‍ഷം മുന്‍പ് കാന്‍സര്‍ ബാധിച്ച് കേരളത്തിലെത്തുമ്പോള്‍ ഉഗാണ്ട സ്വദേശി റുസിയ ഒരിക്കിറിസയ്ക്ക് തെല്ലും പ്രതീക്ഷയില്ലായിരുന്നു. മരണത്തെ മുഖാമുഖം കണ്ട അവസ്ഥയില്‍ നിന്നും, 2024 ലെ ഉഗാണ്ട പ്രസിഡന്റിന്റെ ഡയമണ്ട് ജൂബിലി അവാര്‍ഡ് ലഭിക്കുന്നതില്‍ വരെ എത്തിയ അവരുടെ പോരാട്ടം സിനിമാ കഥകളേയും വെല്ലുന്നതാണ്.
കാന്‍സര്‍ ബാധിച്ച് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ കേരളത്തിലെത്തിയ അവര്‍, തിരികെ രോഗം ഭേദമായി മടങ്ങിയത് വീല്‍ചെയറിന്റെ പോലും സഹായമില്ലാതെ.
സ്തനാര്‍ബുദത്തെ തുടര്‍ന്ന് 2022 ഒക്ടോബറിലാണ് റുസിയ ആലുവ രാജഗിരി ആശുപത്രിയില്‍ എത്തുന്നത്. കാന്‍സര്‍ കോശങ്ങള്‍ കരള്‍, നട്ടെല്ല് എന്നിവിടങ്ങളിലേക്ക് വ്യാപിച്ച് രോഗത്തിന്റെ നാലാം ഘട്ടത്തിലായിരുന്നു ആ സമയം റുസിയ. രാജഗിരി ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ.അരുണ്‍ ഫിലിപിന്റെ കീഴിലായിരുന്നു തുടര്‍ന്നുളള ചികിത്സ. രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ ടാര്‍ജറ്റഡ് തെറാപ്പിയെന്ന നൂതന ചികിത്സാ രീതി ആയിരുന്നു ഡോ.അരുണ്നിര്ദ്ദേശിച്ചത്.
നട്ടെല്ലിനെ കൂടി കാന്‍സര്‍ ബാധിച്ചതിനാല്‍ സീനിയര്‍ സ്പൈന്‍ സര്ജന് ഡോ. അമീര്‍ എസ് തെരുവത്തിന്റെ നേതൃത്വത്തില്‍ ആദ്യം ശസ്ത്രക്രിയ നടത്തിയ ശേഷം ടാര്‍ജറ്റഡ് തെറാപ്പി ആരംഭിച്ചു. ഒരു മാസം നീണ്ട ചികിത്സക്ക് ശേഷം ഡോക്ടര്‍മാരെ പോലും അമ്പരപ്പിച്ച് റുസിയ കാന്‍സറിനെ അതിജീവിച്ചു. നൂതന ചികിത്സക്ക് ഒപ്പം, റുസിയയുടെ പോരാട്ട വീര്യവും അതിജീവനത്തില്‍ നിര്‍ണായകമായിരുന്നു.
മുപ്പത്തിയേഴാമത്തെ വയസ്സില്‍ കാന്‍സര്‍ ബാധിച്ചിട്ടും, സ്വന്തം കമ്പനിയായ ഒരിബാഗ്സിനെ വിജയ വഴിയില്‍ നടത്താന്‍ റുസിയക്ക് കഴിഞ്ഞതും ഈ പോരാട്ടവീര്യം കൊണ്ട് തന്നെ. 32 വനിതകളടക്കം 42 തൊഴിലാളികള്‍ ഇന്ന് അവരുടെ കമ്പനിയുടെ ഭാഗമാണ്. ഉഗാണ്ടയില്‍ കാന്‍സര്‍ രോഗികള്‍ക്ക് പ്രചോദനം നല്‍കുന്നതിലും പ്രധാനിയാണ് ഇന്ന് റുസിയ.
ഉഗാണ്ടയിലെ യുവജനങ്ങള്‍ക്ക് ആവേശം പകരുന്ന ക്ലാസുകളും, മോട്ടിവേഷണല്‍ പ്രോഗ്രാമുകളുമായി തിരക്കിലാണ് ഇന്നവര്‍. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുളള നിരവധി പദ്ധതികളിലും സജീവമാണ് റുസിയ. ഇതിനെല്ലാം അവര്‍ നന്ദി പറയുന്നത് തനിക്ക് പുനര്ജന്മം നല്കിയ ഡോക്ടര്‍മാരോടാണ്. രാജ്യാന്തര അതിര്‍ത്തികള്‍ കടന്നും കേരളത്തിന്റെ ആരോഗ്യ മേഖലയുടെ മികവ് പ്രകീര്‍ത്തിക്കപ്പെടുന്നതില്‍ നമുക്കും അഭിമാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: