തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് വീണ്ടും തടസപ്പെട്ടു. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് രാവിലെ മുതല്‍ പൊതുകേന്ദ്രത്തില്‍ മസ്റ്ററിങ്ങിനെത്തിയ വയോധികരടക്കം ദുരിതത്തിലായി. പ്രതിഷേധമുയര്‍ന്നതോടെ മഞ്ഞക്കാര്‍ഡുകാര്‍ക്കു മാത്രം മസ്റ്ററിങ്ങിനു നിര്‍ദേശം നല്കി ഭക്ഷ്യവകുപ്പ് തലയൂരി. മാര്‍ച്ചിനുള്ളില്‍ ഇതു പൂര്‍ത്തിയായില്ലെങ്കില്‍ റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യമെത്തുന്നത് തടസപ്പെടും.
മാര്‍ച്ച് ഒന്നിന് ആരംഭിച്ച നടപടി മാര്‍ച്ച് മൂന്നിനും തടസപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഈ 15, 16, 17 തീയതികളില്‍ റേഷന്‍ വിതരണം നിര്‍ത്തി മസ്റ്ററിങ്ങിനു തീരുമാനിച്ചത്. റേഷന്‍ കടകള്‍ക്കു സമീപത്തുള്ള കേന്ദ്രങ്ങളില്‍ മസ്റ്ററിങ് നടത്തുമെന്നാണ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞത്. മന്ത്രിയുടെ വാക്കു വിശ്വസിച്ചാണ് കാര്‍ഡ് ഉടമകള്‍ എത്തിയത്. രാവിലെ മുതല്‍ മസ്റ്ററിങ് കേന്ദ്രങ്ങളില്‍ നല്ല തിരക്കായിരുന്നു. എന്നാല്‍ തുടക്കത്തില്‍ത്തന്നെ തടസപ്പെട്ടു. കൃത്യമായ നിര്‍ദേശം സര്‍ക്കാര്‍ നല്കാത്തതിനാല്‍ മണിക്കൂറുകളോളം ആളുകള്‍ വരിയില്‍ നിന്നു വിഷമിച്ചു.
പ്രതിഷേധമുയര്‍ന്നതോടെ മഞ്ഞക്കാര്‍ഡുകാര്‍ക്കു മാത്രമായി മസ്റ്ററിങ് ഏര്‍പ്പെടുത്തി. ഇന്നും മഞ്ഞക്കാര്‍ഡുകാര്‍ക്കു മാത്രമാകും മസ്റ്ററിങ്. ഞായറാഴ്ച യോഗം ചേര്‍ന്ന ശേഷം പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിങ് തീരുമാനിക്കും.
സെര്‍വര്‍ തകരാറിലാണെന്നും ഒരുമിച്ച് ഇത്രയും പേരുടെ വിവരങ്ങള്‍ ശേഖരിക്കാനാകില്ലെന്നുമാണ് മന്ത്രിയുടെ ന്യായീകരണം. മൂന്നു മാസം മുമ്പ് റേഷന്‍ വിതരണം തടസപ്പെട്ടിരുന്നു. അന്നും വെബ്‌സൈറ്റ് തകരാറാണെന്നായിരുന്നു മന്ത്രി പറഞ്ഞത്. അന്ന് സാങ്കേതിക വിദഗ്ധരുടെ യോഗം ചേര്‍ന്ന് സെര്‍വറിന്റെ ശേഷി വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതടക്കം പരിഹരിച്ചെന്നാണ് മന്ത്രി അന്ന് അവകാശപ്പെട്ടത്.
ഈ 31നു മുമ്പ് മസ്റ്ററിങ് പൂര്‍ത്തിയായില്ലെങ്കില്‍ റേഷന്‍ സാധനങ്ങള്‍ നല്കാനാകില്ലെന്ന് കേന്ദ്ര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലൊന്നും മസ്റ്ററിങ് തടസപ്പെട്ടിട്ടില്ല. അതിനാല്‍ എത്രയും വേഗം മസ്റ്ററിങ് പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഒന്നരക്കോടിയോളം പേരുടെ റേഷന്‍ അനിശ്ചിതത്വത്തിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: