കൊല്‍ക്കത്ത: ബംഗാളിലെ റേഷന്‍ കുംഭകോണ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന് ഷെയ്ഖിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്.
ജനുവരി അഞ്ചിന് ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നതിന് അരമണിക്കൂര്‍ മുന്‍പ് ഷാജഹാന് ഷെയ്ഖ് രണ്ട് മൊബൈല്‍ ഫോണുകളില്‍ നിന്നായി 28 കോളുകളാണ് വിളിച്ചത്. ഇതിനെത്തുടര്‍ന്നാണ് മൂവായിരം പേരടങ്ങുന്ന ജനക്കൂട്ടം തടിച്ചുകൂടുകയും ഇ ഡി ഉദ്യോഗസ്ഥരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. ഇവരുടെ വാഹനങ്ങളും അക്രമികള്‍ അടിച്ചു തകര്‍ത്തു.
ഷാജഹാന് ഷെയ്ഖ് ഫോണില്‍ വിളിച്ചവരുടെ പേരുവിവരങ്ങള്‍ സിബിഐ ഉദ്യോഗസ്ഥര്‍ തയാറാക്കിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവരെയും വിളിച്ചുവരുത്തിയിട്ടുണ്ട്. പഞ്ചായത്ത് തല നേതാക്കള്‍ ഉള്‍പ്പെടെ സന്ദേശ്ഖാലി പ്രദേശത്തെ ഒരു ഡസനോളം ആളുകളെ നിസാം പാലസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. ഷാജഹാനുമായി എന്താണ് സംസാരിച്ചതെന്നറിയാന്‍ ഇവരെയെല്ലാം ചോദ്യം ചെയ്തുവരികയാണ്.
ഇ ഡി സംഘത്തെ ആക്രമിച്ച കേസില്‍ മൂന്ന് പേരെ തിങ്കളാഴ്ച സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സര്‍ബീരിയ അഗര്പാറ ഗ്രാമപഞ്ചായത്ത് തലവന്‍ സിയാവുദ്ദീന് മൊല്ല, ഷാജഹാന് ഷെയ്ഖിന്റെ സെക്യൂരിറ്റി ഗാര്‍ഡ് ദിദാര്‍ ബക്ഷ് മൊല്ല, ഫാറൂഖ് അകുഞ്ചി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തു. മൂന്ന് പേരും ഷാജഹാനുമായി അടുത്ത ബന്ധമുള്ളവരാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാനും ഷാജഹാന്റെ കസ്റ്റഡി സിഐഡിയില്‍ നിന്ന് സിബിഐക്ക് കൈമാറാനും മാര്‍ച്ച് അഞ്ചിന് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയെങ്കിലും കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കഴിഞ്ഞ ആഴ്ച സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: