മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി രൂപം കൊണ്ട ബിജെപി-എന്‍സിപി (അജിത് പവാര്‍)- ശിവസേന (ഷിന്‍ഡേ) മുന്നണി ലോക് സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി വിഭജന ചര്‍ച്ചകള്‍ ഏകദേശം പൂര്‍ത്തിയാക്കി. മഹായുധി എന്ന പേരില്‍ അറിയപ്പെടുന്ന ഈ മുന്നണിയ്ക്ക് മുന്നോട്ട് പോകാനാവില്ലെന്ന ശത്രുക്കളുടെ വിമര്‍ശനങ്ങളെ കാറ്റില്‍പ്പറത്തിയാണ് മൂന്നു കൂട്ടരും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഏതാണ്ട് പൂര്‍ത്തീകരിച്ചത്.
ആകെ മഹാരാഷ്ട്രയില്‍ 48 സീറ്റുകളാണ് ഉള്ളത്. ഇതില്‍ ബിജെപി 31 സീറ്റുകളിലും ഏകനാഥ് ഷിന്‍ഡേ പക്ഷം ശിവസേന 13 സീറ്റുകളിലും അജിത് പവാര്‍ എന്‍സിപി പക്ഷം നാല് സീറ്റുകളിലും മത്സരിക്കാനാണ് ധാരണയായത്.
ബാരാമതി, ഷിരൂര്‍, പാര്ബനി, റായിഗഡ് എന്നീ ലോക്സഭാ സീറ്റുകളാണ് അജിത് പവാറിന്റെ എന്‍സിപി പക്ഷത്തിന് വിട്ടുകൊടുക്കുക. പവാര്‍ കുടുംബത്തിന്റെ പാരമ്പര്യ തട്ടകമായ ബാരാമതി സീറ്റ് വേണമെന്ന് ഏക് നാഥ് ഷിന്‍ഡേ പക്ഷം വാശിപിടിച്ചെങ്കിലും ഒടുവില്‍ അയഞ്ഞു. ബാരാമതിയില്‍ പിളര്‍പ്പിന് ശേഷം പവാര്‍ കുടുംബത്തിലെ അംഗങ്ങള്‍ തമ്മിലുള്ള വന്‍ പോരാട്ടം നടക്കും. ശരദ് പവാറിന്റെ മകള്‍ സുപ്രീയ സുലെ ആണ് സിറ്റിംഗ് എംപി. ഇവര്‍ക്കെതിരെ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മത്സരിക്കുമെന്നറിയുന്നു. അങ്ങിനെയെങ്കില്‍ അത് ശരദ് പവാര്‍ കുടുംബത്തിന്റെ പിളര്‍പ്പ് കൂറെക്കൂടി ആഴത്തിലാക്കും. ഇതാദ്യമായാണ് രണ്ട് പ്രധാന പവാര്‍ കുടുംബാംഗങ്ങള്‍ മുഖാമുഖം ഏറ്റുമുട്ടുന്നത്. അജിത് പവാറും മഹാരാഷ്ട്രയില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും പിന്നീട് വിട്ടുവീഴ്ച ചെയ്യുകയായിരുന്നു.
അതുപോലെ റായ് ഗഡിലും വന്മത്സരം നടക്കും. അജിത് പവാര്‍ അവിടെ എന്‍സിപിയുടെ മഹാരാഷ്ട്ര പ്രസിഡന്റും സിറ്റിംഗ് എംപിയുമായി സുനില്‍ തത്കറെയാണ് ഇറക്കുക. ഇവിടെ ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ആനന്ദ് ഗീതെ ആയിരിക്കും എതിരാളി.
2019ല്‍ എന്‍ഡിഎ നേടിയത് 48ല്‍ 41 സീറ്റുകള്‍
കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പായിരുന്നു മഹാരാഷ്ട്രയെ സംബന്ധിച്ചിടത്തോളം 2019ലേത്. ആകെ 25 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് വിജയിച്ചത് ഒരൊറ്റ സീറ്റില്‍ മാത്രം. മോദി തരംഗം അലയടിച്ച തെരഞ്ഞെടുപ്പായിരുന്നു അത്.
2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ ലളിതമായിരുന്നു. ബിജെപിയും ഉദ്ധവ്താക്കറെ ശിവസേനയും എന്‍ഡിഎയിലെ സഖ്യകക്ഷികളായിരുന്നു. അന്ന് യുപിഎയില്‍ കോണ്‍ഗ്രസും ശരദ് പവാറിന്ഞറെ എന്‍സിപിയും ആയിരുന്നു സഖ്യകക്ഷികള്‍. അന്ന് എന്‍ഡിഎ 48ല്‍ 41 സീറ്റുകള്‍ നേടി. 25 സീറ്റുകളില്‍ മത്സരിച്ച ബിജെപി 23 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ 23 സീറ്റുകളില്‍ മത്സരിച്ച ശിവസേന 18 സീറ്റുകള്‍ നേടി. യുപിഎക്ക് ആകെ അഞ്ച് സീറ്റുകളാണ് ലഭിച്ചത്. 19 സീറ്റുകളില്‍ മത്സരിച്ച എന്‍സിപി 4 സീറ്റുകളില്‍ വിജയിച്ചു. 25 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്.
2024ല്‍ ചിത്രം ആകെ മാറി മറിഞ്ഞിരിക്കുന്നു. എന്‍സിപി രണ്ടായി പിളര്‍ന്ന് ശരദ് പവാര്‍ പക്ഷവും അജിത് പവാര്‍ പക്ഷവും ആയി. അതുപോലെ ശിവസേനയും നെടുകെ പിളര്‍ന്ന് ഉദ്ധവ് താക്കറെ പക്ഷവും ഏക്നാഥ് ഷിന്‍ഡേ പക്ഷവും ആയി. ഇതില്‍ ബിജെപിയ്ക്കൊപ്പം നില്‍ക്കുന്നത് ഷിന്‍ഡേ ശിവസേനയും അജിത് പവാര്‍ എന്‍സിപിയും ആണ്. ഈ മുന്നണിയ്ക്ക് പേര് മഹായുധി എന്നാണ്. മറുപക്ഷത്ത് കോണ്‍ഗ്രസ് ശരദ് പവാര്‍ എന്‍സിപിയുമായും ഉദ്ധവ് താക്കറെയുമായും കൈകോര്‍ക്കുന്നു. ഈ മുന്നണിയുടെ പേര് മഹാ വികാസ് അഘാഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: