തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും ജനസാന്ദ്രതയുള്ള, 12.6 ഏക്കറില്‍ പരന്നുകിടക്കുന്ന രാജാജിനഗറിന് ചെങ്കല്‍ചൂളയെന്ന പഴയ പേരു മാറിയെങ്കിലും ഇവിടുത്തുകാരുടെ ജീവിതത്തില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. നാലര പതിറ്റാണ്ടായ വീടുകള്‍ പലതും നിലംപൊത്താറായ നിലയില്‍. കോണ്‍ക്രീറ്റ് ഇളകിവീണ് കമ്പികള്‍ പുറത്തുവന്നു. മൊത്തത്തില്‍ നിലംപൊത്തുമോയെന്ന ആശങ്കയിലാണ് രാജാജിനഗറിലെ താമസക്കാര്‍.
നഗരഹൃദയത്തിലാണെങ്കിലും അടിസ്ഥാനസൗകര്യ വികസനത്തില്‍ അര നൂറ്റാണ്ട് പിന്നിലാണ്. തലസ്ഥാനത്തെ മുഴുവന്‍ മാലിന്യവും വഹിച്ചുകൊണ്ട് ആമയിഴഞ്ചാന്‍ തോട് രാജാജിനഗറിന്റെ മധ്യത്തിലൂടെ ഒഴുകുന്നു. മാലിന്യം നിറഞ്ഞ ഇടവഴികള്‍, തകര്‍ച്ചയുടെ വക്കിലുള്ള വീടുകള്‍, കഷ്ടപ്പാടുകള്‍ മുഴുവന്‍ കട്ടപിടിച്ച് ദൈന്യതയാര്‍ന്ന ചുക്കിച്ചുളുങ്ങിയ മുഖങ്ങള്‍ ഇതെല്ലാമാണ് ഇവിടെ നമുക്ക് കാണാനാകുന്നത്.
രാജാജി നഗറില്‍ പുനരധിവാസം ലക്ഷ്യമിട്ട് 1977 ഒക്ടോബര്‍ 2 ന് സര്‍ക്കാര്‍ ആരംഭിച്ച ‘ചെങ്കല്‍ച്ചൂള ചേരി നിര്‍മ്മാര്‍ജന’ പദ്ധതിലൂടെ 12,000 രൂപ വീതം ചെലവില്‍ 700 ഫഌറ്റുകള്‍ ഹൗസിംഗ് ബോര്‍ഡ് വഴി നാല് ഘട്ടങ്ങളിലായി നിര്‍മ്മിച്ചുനല്‍കി. ഇവയെല്ലാം നിലംപൊത്താറായ നിലയിലാണ്. എഴുന്നൂറ് കുടുംബങ്ങളുണ്ടായിരുന്ന സ്ഥലത്ത് ഇന്ന് ആയിരത്തഞ്ഞുറോളം കുടുംബങ്ങളാണ് തിങ്ങിപ്പാര്‍ക്കുന്നത്.
രാജാജി നഗറില്‍ ഏതാണ്ടെല്ലാപേരും ഒരുകാലത്ത് സിപിഎമ്മിനുവേണ്ടി കൊടിപിടിച്ചവരാണ്. ഓരോ തെരഞ്ഞെടുപ്പിനും തൊട്ടുമുമ്പ് നേതാക്കള്‍ വാഗ്ദാനങ്ങളുമായെത്തും. അതുകഴിഞ്ഞാല്‍ തങ്ങളെ മറക്കും എന്നാണ് രാജാജി നഗര്‍ വാസികള്‍ പറയുന്നത്. വാഗ്ദാനങ്ങള്‍ ഓര്‍മിപ്പിച്ചതിന് നഗരസഭാ മേയര്‍ ആയിരിക്കവെ മന്ത്രി വി.ശിവന്‍കുട്ടി കോളനിവാസികളെ സ്റ്റേജില്‍ നിന്നുകൊണ്ട് ഭീഷണിപ്പെടുത്തിയ കാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 61.42 കോടി രൂപ വകയിരുത്തിയ നവീകരണ പദ്ധതി അധികം താമസിയാതെ ഉപേക്ഷിച്ചു. പകരം 160 ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചുനല്‍കുമെന്ന് പറഞ്ഞിരുന്നു. ഇപ്പോഴത് കേവലം മുപ്പത് ഫ്ലാറ്റുകള്‍ മാത്രമായി ചുരുങ്ങി. അതും നടപ്പാകാത്ത വാഗ്ദാനമായി തുടരുന്നു. കക്കൂസില്ലാത്ത കുടുംബങ്ങള്‍ക്ക് കക്കൂസ് നിര്‍മിച്ചു നല്‍കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയും അന്നത്തെ മേയര്‍ വി.കെ പ്രശാന്തും വാക്കുനല്‍കിയെങ്കിലും നടപ്പാക്കിയില്ല. വി.എസ്.ശിവകുമാറിന്റെ എംപി ഫണ്ടില്‍നിന്നും 1998-99 ല്‍ പൊതുകക്കൂസ് നിര്‍മിച്ചു നല്‍കി. ഇന്ന് അവയെല്ലാം വൃത്തിഹീനവും ഉപയോഗശൂന്യവുമായി ചപ്പുചവറുകള്‍ നിറഞ്ഞ് കിടക്കുന്നു. ചേരിയില്‍ പകുതിയോളം ഭാഗത്ത് കുടിവെള്ളം മുടങ്ങുന്നത് നിത്യസംഭവമാണെന്നും ഇതിന് പരിഹാരമുണ്ടാക്കാന്‍ ഇതുവരെ നഗരസഭയ്‌ക്കായിട്ടില്ലെന്നും രാജാജിനഗര്‍ വാസികള്‍ പരാതിപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: