ചണ്ഡീഗഡ്: ഒരു ലക്ഷം കോടി രൂപയുടെ രാജ്യത്തുടനീളമുള്ള 112 ദേശീയ പാത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഇന്ന് ഗുരുഗ്രാമിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ഇതോടനുബന്ധിച്ച്ദ്വാരക എക്‌സ്‌പ്രസ് വേയുടെ ഹരിയാന ഭാഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
ഇത് യാഥാർത്ഥ്യമാകുന്നതോടെ ഗതാഗതം മെച്ചപ്പെടുത്താനും ദേശീയ പാത-48-ൽ ദൽഹിക്കും ഗുരുഗ്രാമിനുമിടയിലുള്ള തിരക്ക് കുറയ്‌ക്കാനും സഹായിക്കും.
എട്ടുവരിപ്പാതയുള്ള ദ്വാരക എക്‌സ്‌പ്രസ് വേയുടെ 19 കിലോമീറ്റർ നീളമുള്ള ഹരിയാന ഭാഗം ഏകദേശം 4,100 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിൽ 10.2 കിലോമീറ്റർ നീളമുള്ള ദൽഹി-ഹരിയാന അതിർത്തി മുതൽ ബസായി റെയിൽ-ഓവർ-ബ്രിഡ്ജ് (ആർഒബി) വരെയുള്ള രണ്ട് പാക്കേജുകൾ ഉൾപ്പെടുന്നു.
കൂടാതെ 8.7-കിലോമീറ്റർ നീളമുള്ള ബസായി ആർഒബി മുതൽ ഖേർക്കി ദൗള വരെയുമാണ് അടുത്ത പക്കേജ്. ഇത് ദൽഹിയിലെ ഐജിഐ വിമാനത്താവളത്തിലേക്കും ഗുരുഗ്രാം ബൈപാസിലേക്കും നേരിട്ട് കണക്റ്റിവിറ്റി നൽകും. ഇതിനു പുറമെ 9.6-കിലോമീറ്റർ നീളമുള്ള ആറുവരിപ്പാതയുള്ള അർബൻ എക്സ്റ്റൻഷൻ റോഡ്-II -പാക്കേജ് 3-നംഗ്ലോയ്-നജഫ്ഗഡ് റോഡ് മുതൽ ദൽഹിയിലെ സെക്ടർ 24 ദ്വാരക ഭാഗം വരെയുള്ളതും ഉത്തർപ്രദേശിൽ 4,600 കോടി രൂപ ചെലവിൽ വികസിപ്പിച്ച ലഖ്‌നൗ റിംഗ് റോഡിന്റെ മൂന്ന് പാക്കേജുകളും ആന്ധ്രാപ്രദേശിൽ ഏകദേശം 2,950 കോടി രൂപ ചെലവിൽ എൻഎച്ച്-16-ന്റെ ആനന്ദപുരം-പെൻഡുർത്തി-അനകപ്പള്ളി ഭാഗങ്ങളുടെ വികസനങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന മറ്റ് പ്രധാന പദ്ധതികളിൽ പെടുന്നു.
ഹിമാചൽ പ്രദേശിൽ ഏകദേശം 3,400 കോടി രൂപയുടെ എൻഎച്ച്-21-ന്റെ രണ്ട് പാക്കേജുകൾ ഉൾപ്പെടുന്നുണ്ട്. കിരാത്പൂർ-ടു-നേർചൗക്ക് ഭാഗവും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ കർണാടകയിൽ 2,750 കോടി രൂപയുടെ ഡോബാസ്പേട്ട്-ഹെസ്‌കോട്ട് സെക്ഷന്റെ രണ്ട് പാക്കേജുകൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. കൂടാതെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 20,500 കോടി രൂപയുടെ മറ്റ് 42 പദ്ധതികൾക്കും അദ്ദേഹം തുടക്കം കുറിക്കും.
കൂടാതെ രാജ്യത്തുടനീളമുള്ള വിവിധ ദേശീയ പാത പദ്ധതികൾക്കും മോദി തറക്കല്ലിടും. ആന്ധ്രാപ്രദേശിലെ 14,000 കോടി രൂപയുടെ ബെംഗളൂരു – കടപ്പ – വിജയവാഡ എക്‌സ്‌പ്രസ് വേയുടെ 14 പാക്കേജുകളാണ് തറക്കല്ലിടുന്ന പ്രധാന പദ്ധതികൾ. കർണാടകയിൽ 8,000 കോടി രൂപ വിലമതിക്കുന്ന എൻഎച്ച്-748 എ യുടെ ബെൽഗാം – ഹുങ്കുണ്ട് – റായ്ച്ചൂർ സെക്ഷന്റെ ആറ് പാക്കേജുകൾ, ഹരിയാനയിൽ 4,900 കോടി രൂപയുടെ ഷാംലി-അംബാല ഹൈവേയുടെ മൂന്ന് പാക്കേജുകൾ, പഞ്ചാബിൽ 3,800 കോടി രൂപ വിലമതിക്കുന്ന അമൃത്സർ-ബതിന്ദ ഇടനാഴിയുടെ രണ്ട് പാക്കേജുകളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ദേശീയ പാത ശൃംഖലയുടെ വളർച്ചയ്‌ക്കും സാമൂഹിക-സാമ്പത്തിക വളർച്ചയ്‌ക്കും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള മേഖലകളിൽ വ്യാപാര-വാണിജ്യ പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതികൾ ഗണ്യമായ സംഭാവന നൽകുമെന്നും പ്രസ്താവനയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: