കല്‍പ്പറ്റ: സിദ്ധാര്‍ത്ഥന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്കു വിടാനുള്ള തീരുമാനം പിണറായി സര്‍ക്കാര്‍ കൈക്കൊള്ളുന്നത് മരണം നടന്ന് 19 ദിവസം കഴിഞ്ഞ്. ലഭ്യമായ പല തെളിവുകളും ഇതിനകം നശിപ്പിച്ചു കഴിഞ്ഞു. പോലീസ് അന്വേഷണവും തീരുമാനം വൈകിക്കലും പ്രതികള്‍ക്ക് അനുകൂലമാക്കാന്‍ ഇട നല്കി.
സിദ്ധാര്ത്ഥന് മരിച്ച ദിവസം മുതല്‍ ദുരൂഹതകള്‍ ഏറെയാണ്. കാമ്പസ് അധികൃതര്‍ മരണ വിവരം പോലീസിനെ അറിയിക്കാന്‍ വൈകിയതു മുതല്‍ അതു തുടങ്ങുന്നു. കൃത്യമായ ആള്‍ക്കൂട്ട വിചാരണ നടന്നെന്ന് തെളിവുകള്‍ നിരവധിയുണ്ടായിട്ടും ആദ്യം മുതല്‍ റാഗിങ് എന്ന നിലയിലായിരുന്നു വിശദീകരണവും അന്വേഷണവും. അന്വേഷണം വഴിതിരിച്ചു വിടാന്‍ നടന്ന ഇടപെടലുകള്‍ ശക്തമായിരുന്നു. എസ്എഫ്ഐക്കാര്‍ സിദ്ധാര്‍ത്ഥനെ ആക്രമിച്ചു കൊലപ്പെടുത്തിയതാണെന്നറിഞ്ഞിട്ടും രാഷ്ട്രീയ ഇടപെടലുകളുടെ ബലത്തില്‍ ആദ്യമേ പ്രതികളെ സസ്പെന്‍ഡ് ചെയ്യാന്‍ മാത്രമാണ് കാമ്പസ് അധികൃതര്‍ ശ്രമിച്ചത്.
ഇടതുപക്ഷ അനുകൂലികളായ അദ്ധ്യാപകരും ജീവനക്കാരുമാണ് കോളജില്‍. സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭരണമാണ് അവിടെ. അതുകൊണ്ടുതന്നെയാണ് സംഭവം കൊലപാതകമായിരിക്കേ, തെളിവുകള്‍ നശിപ്പിച്ച ശേഷം കേസ് സിബിഐക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൊലപാതകം നടന്ന മുറിയും ആത്മഹത്യ ചെയ്ത സ്ഥലവും പോലീസ് നാലു ദിവസത്തോളം സീല്‍ ചെയ്തിരുന്നില്ല. പോലീസ് തെളിവെടുപ്പിനു വരുന്നതിനു മുമ്പ് കൊലപാതകം നടന്നെന്നു സംശയിക്കുന്ന 21-ാം നമ്പര്‍ മുറി ഇവര്‍ കഴുകി വൃത്തിയാക്കി. ഫോറന്‍സിക് പരിശോധനയ്ക്കു മുമ്പേ മറ്റു പല തെളിവുകളും നശിപ്പിച്ചു.
കോളജ് അധികൃതര്‍ പറയുന്ന പ്രകാരം സിദ്ധാര്ത്ഥന് തൂങ്ങി മരിക്കാന്‍ ഉപയോഗിച്ചെന്നു കരുതുന്ന മുണ്ട് പോസ്റ്റുമോര്‍ട്ടം സമയത്ത് ഡോക്ടര്‍ക്കു പോലീസ് നല്‍കിയിരുന്നില്ല. ഇതും കേസില്‍ തെളിവു നശിപ്പിച്ച് പ്രതികളെ സഹായിക്കാനായിരുന്നു. മരിക്കാന്‍ ഉപയോഗിച്ച വസ്തുവിന്റെ ഫോറന്‍സിക് പരിശോധനയില്‍ ആത്മഹത്യയോ കൊലപാതകമോയെന്ന് കണ്ടെത്താനാകും. ഇത്തരത്തില്‍ ലഭിക്കാവുന്ന പ്രധാനപ്പെട്ട എല്ലാ തെളിവുകളും നശിപ്പിച്ചു.
സിദ്ധാര്‍ത്ഥനെ കൊന്നതാണെന്ന് ഉറപ്പിച്ചു പറഞ്ഞ വിദ്യാര്‍ത്ഥിനിയുടെയും ജീവനക്കാരന്റെയും മൊഴി രേഖപ്പെടുത്തിയില്ല. തെളിവെടുപ്പു സമയത്ത് സിദ്ധാര്‍ത്ഥനെ മര്‍ദിക്കാന്‍ ഉപയോഗിച്ച രണ്ടു ബെല്‍റ്റുകളും പോലീസ് കണ്ടെത്തിയില്ല. ഇത്തരത്തില്‍ പ്രതികള്‍ക്കു രക്ഷപ്പെടാനുള്ള പഴുതുകളെല്ലാം തന്നെ പോലീസ് തുറന്നുവച്ച ശേഷമാണ് കേസ് സിബിഐക്കു വിടുന്നത്.
കേസില്‍പ്പെട്ട രണ്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്, കോഴിക്കോട് സ്വദേശി നസീഫ്, ആലപ്പുഴ സ്വദേശി അഖില്‍ എന്നിവര്‍. ഇവരും ഗൂഢാലോചനയിലും മര്‍ദനത്തിലും നേരിട്ടു പങ്കാളികളാണ്. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ ഇരുപതായി. അതിനിടെ ഒന്നും പുറത്തു പറയരുതെന്ന് ഡീനും അസി. വാര്‍ഡനും വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയതും വെളിപ്പെട്ടിട്ടുണ്ട്.
യുജിസി നിര്‍ദേശ പ്രകാരം കൊലപാതകം അന്വേഷിച്ച ആന്റി റാഗിങ് സമിതിയാണ് ഇതു കണ്ടെത്തി അന്വേഷണ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരിക്കുന്നത്. തെളിവെടുപ്പിനു വിദ്യാര്‍ത്ഥിനികള്‍ ഹാജരായിരുന്നില്ലെന്നും സമിതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: