കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: ഐടി, ടൂറിസം മേഖലകളില്‍ തിരുവനന്തപുരത്തിന് അനന്തസാധ്യകളുണ്ടെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
തിരുവനന്തപുരത്തെ യുവാക്കളുടെ മികച്ച വിദ്യാഭ്യാസത്തിലൂടെയും നൈപുണ്യ വികസനത്തിലൂടെയും മെച്ചപ്പെട്ട കൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായിരിക്കും തന്റെ ഊന്നലെന്നും ജന്മഭൂമിയില്‍ നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞു.
പുതുതലമുറ ഐടി, ഡിജിറ്റല്‍ വികസനമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഡിജിറ്റല്‍ രംഗത്ത് വന്‍ കുതിച്ചുചാട്ടം ഭാരതം നടത്തിക്കഴിഞ്ഞു. ലോകരാജ്യങ്ങളെ പോലും അദ്ഭുതപ്പെടുത്തിക്കൊണ്ടാണ് ഇത്തരത്തില്‍ ഭാരതം മാറിയത്. മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് ഈ രംഗത്ത് പുതി മൂന്നേറ്റങ്ങള്‍ സാധ്യമാക്കും. അപ്പോള്‍ തിരുവനന്തപുരത്തെ യുവാക്കളും അതിനനുസരിച്ച് നൈപുണ്യം നേടേണ്ടതുണ്ട്. എല്ലാരംഗത്തും ഈ നൈപുണ്യം വികസനം നല്‍കുമെന്ന പ്രഖ്യാപനം നടപ്പിലാക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
കേരളത്തില്‍ നടക്കുന്നത് പടം മാറ്റിവയ്‌ക്കല്‍ വികസനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കുന്നു. എന്നാല്‍ തങ്ങളാണ് വികസനം നടത്തിയതെന്ന് വരുത്തിതീര്‍ക്കാന്‍ കേന്ദ്രപദ്ധതികളുടെ പേരുമാറ്റി മുഖ്യമന്ത്രിയുടെ ചിത്രം വച്ച് പദ്ധതികള്‍ നടപ്പിലാക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കഴിഞ്ഞ പത്തു വര്‍ഷമായി തിരുവനന്തപുരത്ത് യാതൊരു വികസനവും നടക്കുന്നില്ല. വികസനം മുരടിപ്പിച്ച തലസ്ഥാനമാക്കി മാറ്റി വിശ്വപൗരനായ നിലവിലെ എംപി. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ഭാരതം സാമ്പത്തികമായി വളരെയധികം മുന്നേറിയിരുന്നു. അതിനു ശേഷം വന്ന യുപിഎ സര്‍ക്കാര്‍ വീണ്ടും പിന്നോട്ട് അടിച്ചു. നിലവില്‍ ലോകത്തെ നിയന്ത്രിക്കുന്ന സ്ഥാനത്തേക്ക് ഭാരതം എത്തിക്കഴിഞ്ഞു. അതിന് ഉദാഹരണമാണ് റഷ്യ യുക്രൈന്‍ യുദ്ധസമയത്ത് യുദ്ധം നിര്‍ത്തിവയ്പിച്ച് ഭാരതത്തിലുള്ളവരെ തിരികെ നാട്ടില്‍ എത്തിക്കാന്‍ സാധിച്ചത്.
ഐടി രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണ് ഭാരതത്തില്‍ നടക്കുന്നത്. പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണത്തിലും വിവിധ പദ്ധതികളുടെ നിര്‍വ്വഹണത്തിലൂടെയും അടുത്ത രണ്ട് വര്‍ഷത്തിനകം ലോക സമ്പദ് വ്യവസ്ഥയില്‍ മൂന്നാം സ്ഥാനത്തേക്ക് ഭാരതം മാറും. വിദേശത്ത് നിന്നും മൊബൈല്‍ ഫോണ്‍ ഇറക്കുമതി ചെയ്തിരുന്ന രാജ്യത്ത് അതേ കമ്പനികളുടെ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യാന്‍ സാധിച്ചു. സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി കേരളത്തിന് പോകേണ്ടി വന്നത് സാമ്പത്തിക വിനിയോഗത്തിലുള്ള കൃത്യവിലോപമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
. ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്‍ പൊന്നാട അണിയിച്ച് കേന്ദ്രമന്ത്രിയെ സ്വീകരിച്ചു. യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ്, ഓണ്‍ലൈന്‍ എഡിറ്റര്‍ പി.ശ്രീകുമാര്‍, ഡെസ്‌ക് ഇന്‍ ചാര്‍ജ് ആര്‍.പ്രദീപ് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: