ഡോ.രാജഗോപാല്‍.പി.കെ. അഷ്ടമുടി
ലിംഗസമത്വവും സ്ത്രീശാക്തീകരണവുമാണ് സഹസ്രാബ്ദ വികസന ലക്ഷ്യങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ യുണൈറ്റഡ് നേഷന്‍സ് ഓര്ഗനൈസേഷന് 2012 മുതല്‍ ഒക്ടോബര്‍11 പെണ്‍കുട്ടികള്‍ക്കുള്ള അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ചു. എല്ലാ വര്‍ഷവും ഈ ദിനം ആചരിക്കാനും പെണ്‍കുട്ടികളിലേക്കും അവരുടെ പ്രശ്നങ്ങളിലേക്കും ശ്രദ്ധ ആകര്‍ഷിക്കാനും യുഎന്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും വന്‍ പിന്തുണ ലോക രാഷ്ട്രങ്ങളില്‍ നിന്നും നേടാനായി എന്നത് ശ്രദ്ധേയമാണ്. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന ലിംഗ അസമത്വങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും ഈ പ്രവര്‍ത്തനം ലക്ഷ്യമിടുന്നു.
1995-ല്‍, ബീജിംഗില്‍ നടന്ന സ്ത്രീകളെക്കുറിച്ചുള്ള ലോക കോണ്‍ഫറന്‍സില്‍, ബീജിംഗ് പ്ലാറ്റ്ഫോം ഫോര്‍ ആക്ഷന്‍, പെണ്‍കുട്ടികള്‍ക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കാനും പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചു. കൂടാതെ, കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച യുഎന്‍ കണ്വെന്ഷന്, സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള കണ്വെന്ഷന് സ്ത്രീകളുടെയും കുട്ടികളുടെയും വളര്‍ച്ചയ്ക്കും വികാസത്തിനും വേണ്ടിയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങള്‍ക്ക് അടിവരയിടുന്നു. മേല്‍പ്പറഞ്ഞ എല്ലാ അന്താരാഷ്ട്ര സംവിധാനങ്ങളിലും ഒപ്പുവച്ച രാജ്യമാണ് ഇന്ത്യ. ലോകമെമ്പാടും സ്ത്രീകളും കുട്ടികളും ഇപ്പോഴും ലിംഗ അടിസ്ഥാനത്തില്‍ വിവേചനം നേരിടുന്നു എന്നത് ഒരു യാഥാര്‍ഥ്യം തന്നെയാണ്. ഗാര്‍ഹികവും ലൈംഗികവുമായ അതിക്രമങ്ങള്‍, കുറഞ്ഞ വേതനം, വിദ്യാഭ്യാസത്തിനുള്ള ലഭ്യതക്കുറവ്, അപര്യാപ്തമായ ആരോഗ്യ സംരക്ഷണം എന്നിങ്ങനെ സ്ത്രീകളെയും പെണ്‍കുട്ടികളെയും ആനുപാതികമായി ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ ഇന്നും നിലനില്ക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അടുത്ത കാലത്ത് ഏറിവരുന്നു എന്നത് ആശങ്ക ഉളവാക്കുന്നതാണ്.
1977-ല്‍ യുഎന്‍ ജനറല്‍ അസംബ്ലി സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ലോകസമാധാനത്തിനും വേണ്ടി മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചു. ലിംഗാധിഷ്ഠിതമായ അക്രമത്തെ ചെറുക്കാനും വേതനത്തിലെ അസമത്വം ഇല്ലാതാക്കാനും ആരോഗ്യപരിരക്ഷയ്ക്കും വിദ്യാഭ്യാസത്തിനുമുള്ള അവകാശങ്ങള്‍ സംരക്ഷിക്കുവാനും രാഷ്ട്രീയത്തിലും നേതൃത്വപരമായ സ്ഥാനങ്ങളിലും സ്ത്രീകളുടെ പ്രാതിനിധ്യ കുറവ് പരിഹരിക്കാനും വേണ്ട നടപടികള്‍ ഉറപ്പാക്കാന്‍ ഈ ദിനാചാരണത്തിലൂടെ നമുക്ക് കഴിയണം. ലോകത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകള്‍ മുന്നേറുന്ന ഈ കാലഘട്ടത്തില്‍ സ്ത്രീ സമൂഹം ഏറെ വെല്ലുവിളികളും ആശങ്കകളും നേരിടുന്നു എന്നത് ഒരു യാഥാര്‍ഥ്യം തന്നെയാണ്. ലിംഗനീതിയും ലിംഗ സമത്വവും ഉറപ്പാക്കിയാല്‍ മാത്രമേ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം കാണാന്‍ കഴിയൂ. ഇതിലൂടെ മാത്രമേ സ്ത്രീ ശാക്തീകണം സാധ്യമാകൂ.
വെല്ലുവിളികള്‍
ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൂടിവരുന്നു. 2020-ല്‍ 3,71,503 കേസുകളാണ് സ്ത്രീകള്‍ക്ക് എതിരായിട്ടുള്ള അതിക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കില് 2021ല്‍ ഇത് 4,28,278 കേസുകള്‍ ആയി ഉയര്‍ന്നു. 2021ല്‍ 15.3 ശതമാനം വര്‍ധിച്ചതായി കാണാം. ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 2020-ല്‍ 56.5ശതമാനത്തില്‍ നിന്ന് 2021-ല്‍ 64.5 ശതമാനമായി ഉയര്‍ന്നു എന്നതാണ്. അതിക്രമങ്ങളില്‍ ഭൂരിഭാഗവും സ്വന്തം ഭര്‍ത്താവില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ഉള്ള ക്രൂരത എന്ന വിഭാഗത്തിലാണ്. കൂടാതെ തട്ടിക്കൊണ്ടുപോകലും, ലൈംഗിക അതിക്രമങ്ങളും ഉള്‍പ്പെടുന്നു. എന്നാല്‍ ദേശീയ വനിതാകമ്മീഷന് പുറത്തുവിട്ട കണക്കുകള്‍ വ്യത്യസ്തമാണ്. കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 2010-11 വര്‍ഷങ്ങളില്‍ ദേശീയ വനിതാ കമ്മീഷനില്‍ ലഭിച്ച പരാതികള്‍ 15165 ആണ്. ഇതില്‍ ഗാര്‍ഹിക പീഡനം, ലൈംഗിക അതിക്രമങ്ങള്‍, തൊഴില്‍ ഇടങ്ങളിലുള്ള പീഡങ്ങള്‍, പോലീസ് അതിക്രമങ്ങള്‍, സ്ത്രീധനത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ തുടങ്ങി നിരവധി പരാതികള്‍ ഉള്‍പ്പെടുന്നു. 2010 ല്‍ 3970 കേസുകളാണ് ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്(വാര്‍ഷിക റിപ്പോര്‍ട്ട് 2010-11:27). 2015-16 ആയപ്പോഴേക്കും ദേശീയ വനിതാ കമ്മീഷനുലഭിച്ച പരാതികളുടെ എണ്ണം 19088 ആയി ഉയര്‍ന്നു. ഇതില്‍ സ്ത്രീകള്‍ക്കെതിരായുള്ള സൈബര്‍ കുറ്റകൃത്യങ്ങളും ഉള്‍പ്പെടുന്നു.
സൈബര്‍ ആക്രമണം
സൈബര്‍ കുറ്റങ്ങളില്‍ നിന്നുമുള്ള സംരക്ഷണം പുതു തലമുറ മനുഷ്യാവകാശങ്ങളില്‍പ്പെടുന്നു. സ്ത്രീകള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ അതിവേഗം വര്‍ധിച്ചുവരികയാണ്. ട്രോളിംഗ്, ലൈംഗികമായുള്ള ഭീഷണി തുടങ്ങിയ പുതിയ കുറ്റകൃത്യങ്ങള്‍ സൈബര്‍ കുറ്റകൃത്യത്തിന്റെ പുതിയ മേഖലയായി ഉയര്‍ന്നുവരുന്നു. ഐടി ആക്ട് 2000 നിലനില്‍ക്കേ ആണ് അത്തരം കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുന്നത്. സ്ത്രീകള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കേണ്ടതായിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ രാജ്യത്തിനു കഴിഞ്ഞില്ലെങ്കില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇത് ഇടയാക്കും. ഏറ്റവും സാധാരണമായ, സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍, സൈബര്‍ ബ്ലാക്ക്മെയില്‍, ഭീഷണികള്‍, സൈബര്‍ അശ്ലീലം, അശ്ലീല ലൈംഗിക ഉള്ളടക്കം പോസ്റ്റുചെയ്യല്‍, പ്രസിദ്ധപ്പെടുത്തല്‍, വേട്ടയാടല്‍, ഭീഷണിപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍, മോര്‍ഫിംഗ്, വ്യാജ പ്രൊഫൈലുകള്‍ സ്ഥാപിക്കല്‍ എന്നിവയാണ്. നാഷണല്‍ ക്രൈം റെക്കോര്ഡ്ബ്യൂറോ കാണിക്കുന്നതുപോലെ സ്ത്രീകള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം 28% വര്‍ദ്ധിച്ചു.
മനുഷ്യാവകാശ ലംഘനങ്ങള്‍
ഭരണഘടനാപരമായി അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇവര്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഏറി വരുന്നു എന്നത് ഏറെ ആശങ്ക ഉളവാക്കുന്നു. സ്ത്രീ-പുരുഷ അനുപാതം, ആരോഗ്യ നില, സാക്ഷരതാനിരക്ക്, തൊഴില്‍ പങ്കാളിത്ത നിരക്ക്, സ്ത്രീകള്‍ക്കിടയിലെ രാഷ്ട്രീയ പങ്കാളിത്തം എന്നിവ കുറയുന്നതായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്ത്രീധന മരണങ്ങള്, സ്ത്രീധന പീഡനങ്ങള്‍, ശൈശവ വിവാഹം, ഗാര്‍ഹിക പീഡനങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍, സ്ത്രീ തൊഴിലാളികളെ ചൂഷണം ചെയ്യല്‍ തുടങ്ങിയ സാമൂഹിക തിന്മകളുടെ വ്യാപനം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു എന്നത് ആശങ്കയുളവാക്കുന്ന ഒന്നാണ്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീധന പീഡനങ്ങള്‍ തുടങ്ങിയവ വര്‍ഷങ്ങളായി നിലനില്ക്കുന്നു.
ഗാര്‍ഹിക പീഡനങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005-ല്‍ നിലവില്‍ വന്നിട്ടും സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനം വര്‍ദ്ധിച്ചുവരികയാണ്. ഗാര്‍ഹിക പീഡനം ഒരു സാധാരണ കുടുംബകാര്യം പോലെ കാണാനാകില്ല. നിയമം മൂലം നിരോധിച്ചിട്ടും സ്ത്രീകള്‍ക്ക് വീടുകളില്‍ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവരുന്നത് മനുഷ്യാവകാശ ലംഘനം ആയിട്ടാണ് കാണുന്നത്. അത് സ്ത്രീകളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നം തന്നെയാണ്. അതുകൊണ്ട് സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ പൊതു സമൂഹം പ്രതികരിക്കാന്‍ തയ്യാറാകേണ്ടിയിരിക്കുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്നതില്‍ നിന്ന്, പുരുഷാധിപത്യ മനോഭാവം ഇല്ലാതാക്കാന്‍ അക്കാദമിക് വിദ്യാഭ്യാസം മതിയാകില്ലെന്ന് നമുക്ക് അനുമാനിക്കാം. വിദ്യാഭ്യാസത്തിലൂടെയും തൊഴിലിലൂടെയും മാത്രമല്ല, ആന്തരികവല്ക്കരിക്കപ്പെട്ട പുരുഷാധിപത്യത്തില്‍ നിന്ന് മോചനം നേടുന്നതിലൂടെയും സ്ത്രീകള്‍ ശാക്തീകരിക്കപ്പെടണം. മനോഭാവത്തില്‍ ആന്തരികമായ മാറ്റം ഉണ്ടാകാത്തിടത്തോളം വിദ്യാഭ്യാസമുള്ളതുകൊണ്ട് ഒരു മാറ്റവും ഉണ്ടാകില്ല. തനിക്കും അടുത്തുളള സഹോദരിക്കും വേണ്ടിയുള്ള അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ട്.
കുറ്റകൃത്യങ്ങളില്‍ കേരളം മുന്നില്‍
കേരളത്തില്‍ 2015 സെപ്തംബര്‍ വരെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ 9344 ആണ്. ഇത് സംസ്ഥാന ക്രൈംറെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2014-ലെ 10690ല്‍ നിന്ന് കുറഞ്ഞു. ആശ്ചര്യകരമെന്നു പറയട്ടെ, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കുറ്റകൃത്യങ്ങളുടെ നിരക്ക് ഉയര്‍ന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഉള്‍പ്പെടുന്നു. (സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ, 2015). ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് അനുകൂലമായ സ്ത്രീപുരുഷ അനുപാതം ഏറ്റവും ഉയര്‍ന്ന സംസ്ഥാനമാണ് കേരളം. 2006ലെ കണക്കു വച്ച് പരിശോധിച്ചാല്‍ ആയിരം പുരുഷന്മാര്ക്ക് 1058 സ്ത്രീകളാണ്. പെണ്‍കുട്ടികളുടെ പോഷകാഹാരക്കുറവ് അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും വിദ്യാഭ്യാസത്തിനും വളര്‍ച്ചയ്ക്കുമുള്ള അവസരങ്ങള്‍ പരിമിതപ്പെടുത്തുകയും ലിംഗസമത്വത്തിലേക്കും സ്ത്രീ ശാക്തീകരണത്തിലേക്കുമുള്ള പുരോഗതിയുടെ പാതയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. 1929-ലെ ശൈശവ വിവാഹ നിയന്ത്രണ നിയമം കുട്ടികളുടെ വിവാഹം നിരോധിക്കുന്നു. ശൈശവ വിവാഹം പെണ്‍കുട്ടികളുടെ മനുഷ്യാവകാശങ്ങളെ മാത്രമല്ല. അവര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരമില്ലായ്മ, ലൈംഗിക ചൂഷണം, അക്രമം, നേരത്തെയുള്ള ഗര്‍ഭധാരണം തുടങ്ങി നിരവധി ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് പെണ്‍കുട്ടികളുടെ ബാല്യകാലം നഷ്ടപ്പെടുത്തുകയും അവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ലിംഗാടിസ്ഥാനത്തിലുള്ള വിവേചനം തികച്ചും ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ ലംഘനവും ആണ്. സ്ത്രീ ശാക്തീകരണം മുന്നില്‍ കണ്ടുള്ള വികസനത്തിലൂടെ മാത്രമേ രാഷ്ട്ര പുരോഗതി നേടാനാകു. സ്വന്തം ഭവനങ്ങളിലും പൊതു ഇടങ്ങളിലും, വിദ്യാലയത്തിലും, ജോലി സ്ഥലങ്ങളിലും, യാത്രാ വേളകളിലും സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നമുക്ക് കഴിയണം. മനുഷ്യാവകാശ ലംഘനങ്ങള്‍ തടയാന്‍ മതിയായ ബോധവല്‍ക്കരണം ആവശ്യമാണ്.
(എന്‍എസ്എസ് ഹിന്ദുകോളജിലെ അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: