കോഴിക്കോട്: ആയിരം കാതങ്ങൾ അകലെയാണെങ്കിലും കട്ടുമുട്ടാൻ വിധിയുണ്ടെങ്കിൽ ലോകം വഴിയൊരുക്കും. മലയാളികളായ നാലു പേർക്ക് ജീവിത സഖിയായി എത്തിയത് വിദേശത്തു നിന്ന്. അവരുടെ അനുഭവങ്ങൾ ഇന്നലെ ചാവറ കൾച്ചറൽ സെന്ററിൽ പങ്കുവച്ചു.
36 വർഷം മുൻപ് ബെൽജിയത്തിൽ നിന്ന് ഡോ.ഗോവിന്ദരാജിന്റെ ഭാര്യായായി ആൻ മരിയയും സിവിൽ സ്റ്റേഷനിൽ ഉദ്യോഗസ്ഥനായ കെ.ജെ.ഷിബുവിന്റെ ഭാര്യയായി ഫിലിപ്പിൻസിൽ നിന്ന് മെലനി മാർകസും ഡോ.ഹാരിസിന്റെ ഭാര്യയായി റഷ്യയിൽ നിന്ന് ഓൾഗ പർഡോയും അബ്ദുൾ റഫീഖിന്റെ ഭാര്യയായി ചൈനയിൽ നിന്ന് ലി ടെയിങ്ങും കൈരളിയുടെ മരുമക്കളായി. മൂന്നര പതിറ്റാണ്ടുമുൻപാണ് ആൻമരിയ കേരളത്തിലെത്തുന്നത്. മെലനി ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂളിൽ അധ്യാപികയായി പ്രവർത്തിച്ചു. ഓൾഗ വക്കീലാണ്. ചൈനയിൽ നിന്നെത്തിയ ലി ഇന്ന് ആമിനയായി മതം മാറി.
പഠനത്തിനും മറ്റുമായി വിദേശത്ത് എത്തിയപ്പോഴാണ് പലരുടെയും ബന്ധങ്ങൾ രൂപപ്പെുന്നത്. ഇന്ന് കൈരളിയുടെ മരുമക്കളായി ഇവർ സന്തോഷത്തിലാണ്. മക്കൾ നഗരത്തിലെ സ്‌കൂളിൽ പഠിച്ചു. ഈ നാടും ഭക്ഷണവും വസ്ത്രവും നാട്ടുകാരുമെല്ലാം ഇവർക്ക് പ്രിയങ്കരമായി. സാരിയുടുക്കാനും ചൂരിദാറും എല്ലാം ഇവർക്ക് പ്രിയം. ചോറും സാമ്പാറും ചിക്കനുമെല്ലാം പഥ്യം.
ആകാശവാണി കോഴിക്കോട് നിലയവും ചാവറ കൾച്ചറൽ സെന്ററുമാണ് വിദേശത്തു നിന്നെത്തി കോഴിക്കോടിന്റെ മരുമക്കളായവരുടെ അനുഭവം പങ്കുവയ്‌ക്കാൻ വഴിയൊരുക്കിയത്. ആകാശവാണിയിലെ പി.സരിതയും തേജസ്വിനിയും അവതാരകരായി. വിദേശവനിതകളുടെ നൃത്തവും കവിതയുടെ നൃത്താവിഷ്‌കാരവും അവതരിപ്പിച്ചു. കെ.വി.ശരത്ചന്ദ്രൻ, ബോബി സി മാത്യു,:ഫാ.ജോൺ മണ്ണാറത്തറ തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: