മാഞ്ചസ്റ്റര്‍: സ്വന്തം തട്ടകത്തില്‍ ഡച്ച് ക്ലബ്ബ് കോപ്പന് ഹേഗനെ തകര്‍ത്തുകൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റി യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നു. അതേസമയം റയല്‍ മാഡ്രിഡ് സ്വന്തം മൈതാനത്ത് വിരസമായ കളി കാഴ്ച്ചവച്ച് യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ആര്.ബി. ലെയ്പ്സിഗിനോട് സമനില പാലിച്ചുകൊണ്ട് ക്വാര്‍ട്ടറിലേക്ക് കടന്നുകൂടി. ആദ്യ പാദ മത്സരത്തില്‍ 1-0ന്റെ വിജയം നേടിയത് ടീമിന് തുണയായി. ഇന്നലത്തെ രണ്ടാം പാദ മത്സരം 1-1 സമനിലയിലാണ് പിരിഞ്ഞത്.
സിറ്റി-കോപ്പന്‍ഹേഗന്‍ പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ തന്നെ ഗോളുകളെല്ലാം വീണു. ആദ്യ പത്ത് മിനിറ്റിനകം സിറ്റി രണ്ട് ഗോളുകളടിച്ച് മുന്നിലെത്തി. അഞ്ചാം മിനിറ്റില്‍ കോര്‍ണര്‍ കിക്ക് ഗോളാക്കി പ്രതിരോധ താരം മാനുവേല്‍ അകാഞ്ചി ആണ് സിറ്റിയെ മുന്നിലെത്തിച്ചത്. ഒമ്പതാം മിനിറ്റില്‍ മറ്റൊരു കോര്‍ണര്‍ കിക്ക് തൊടുത്ത അര്‍ജന്റീന താരം ഹൂലിയന്‍ അല്‍വാരസിന്റെ കാല്ക്കലേക്ക് പന്ത് റീബൗണ്ട് ചെയ്തെത്തി. ഇടത് വശത്ത് നിന്ന് നല്ലൊരു ലോങ് റേഞ്ചറിലൂടെ അല്‍വാരസ് പന്ത് വലയിലെത്തിച്ചു.
കളിക്ക് 29 മിനിറ്റെത്തിയപ്പോള്‍ മുഹമ്മദ് എല്യോനൂസിയിലൂടെ കോപ്പന്‍ഹേഗന്‍ ഒരു ഗോള്‍ തിരിച്ചിടിച്ചു. മത്സരം ആദ്യപകുതി പിരിയും മുമ്പേ സൂപ്പര്‍ താരം എര്‍ളിങ് ഹാളണ്ട് സിറ്റിക്കായി മൂന്നാം ഗോളും നേടിക്കൊടുത്തു.
കോപ്പന്‍ഹേഗന്റെ തട്ടകത്തില്‍ നടന്ന ആദ്യപാദ പോരാട്ടത്തിലും സിറ്റി 3-1ന്റെ വിജയം നേടിയിരുന്നു. രണ്ട് പാദങ്ങളിലുമായി രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് സിറ്റി ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.
റയല്‍ മാഡ്രിഡിനായി വനിഷ്യസ് ജൂനിയര്‍ നേടിയ കൗണ്ടര്‍ അറ്റാക്ക് ഗോള്‍ ആണ് രക്ഷയായത്. കളിയുടെ 65-ാം മിനിറ്റിലാണ് റയല്‍ ഈ ഗോള്‍ നേടിയത്. മൂന്ന് മിനിറ്റിനകം റയലിന്റെ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ലെയ്പ്സിഗ് മറുപടി നല്കി. വില്ലി ഓര്ബന് ഗോള്‍ നേടി. ആദ്യപാദ മത്സരത്തില്‍ 1-0ന് പരാജയപ്പെട്ടത് ലെയ്പ്സിഗ്ഗിന് തിരിച്ചടിയാകുകയായിരുന്നു.
ഇതോടെ ഇത്തവണത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്കുള്ള നാല് ടീമുകളായി. വരുന്ന ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നാല് രണ്ടാംപാദ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ കൂടി നടക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: