ന്യൂദല്‍ഹി : പാക് അനുകൂല മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസ് നേതാവ് സെയ്ദ് നസീര്‍ ഹുസൈയിനിനെ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന് കത്ത്. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സത്യപ്രതിജ്ഞ തടയണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച ഇരുപത്തിനാല് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ് കത്തയച്ചത്.
ഫെബ്രുവരി 27ന് കര്‍ണാടക നിയമസഭയില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സെയ്ദ് നസീര്‍ വിജയിച്ചതിന് പിന്നാലെ അനുയായികള്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ച് ആഹ്ലാദം പ്രകടിപ്പിക്കുകയായിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച മാധ്യമങ്ങളെ സെയ്ദ് നസീര്‍ തടയുകയും മോശമായി പെരുമാറുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേര് അറസ്റ്റിലായിട്ടുണ്ട്. ദല്‍ഹി സ്വദേശി ഇതാസ്, ബെഗളൂരു ആര്‍ടി നഗറില്‍ നിന്നുള്ള മുനവര്‍, ഹവേരി ബ്യാദഗി സ്വദേശി മുഹമ്മദ് ഷാഹി എന്നിവരാണ് അറസ്റ്റിലായത്.
നിയമസഭയില്‍ അംഗങ്ങള്‍ അല്ലാത്തവര്‍ കര്‍ണാടക വിധാന്‍ സൗധയില്‍ എത്തിയത് ഏതെങ്കിലും നേതാവിന്റെ അറിവിലും സമ്മതത്താലും ആയിരിക്കും. ഇതുസംബന്ധിച്ചും വിശദമായ അന്വേഷണം വേണം. ഇത് കണ്ടെത്തുന്നത് വരെ സെയ്ദ് നസീറിന്റെ സത്യപ്രതിജ്ഞ നടത്താന്‍ അനുവദിക്കരുത്. സംഭവത്തില്‍ വിധാന്‍ സൗദ പോലീസ് കേസെടുത്തിട്ടുണ്ട്. സാഹചര്യത്തെളിവും ഫോറന്‍സിക് റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സത്യപ്രതിജ്ഞ താത്കാലികമായി നിര്‍ത്തിവെക്കണമെന്നും ഉപരാഷ്ട്രപതിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കര്‍ണാടക കോണ്‍ഗ്രസ് നേതാക്കള്‍ ഈ ആരോപണം തള്ളിയിട്ടുണ്ട്. നസീര്‍ സാബ് സിന്ദാബാദ് എന്നാണ് അനുയായികള്‍ മുദ്രാവാക്യം വിളിച്ചതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: