വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥി അതി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ വൈസ് ചാന്‍സലര്‍ എം.ആര്‍. ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡു ചെയ്തതുള്‍പ്പെടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ച നടപടികളെ മനസ്സാക്ഷിയുള്ള ഓരോ മലയാളിയും ശരിവയ്‌ക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. പൈശാചികമായ സംഭവത്തിന്റെ നടുക്കംവിട്ടുമാറാതെ കഴിയുന്ന ഓരോ മനുഷ്യനും ഇങ്ങനെയൊരു നടപടിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. പൂക്കോട് കാമ്പസില്‍ എന്തൊക്കെയാണ് നടന്നതെന്ന് അറിയാന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് ഗവര്‍ണര്‍ കത്തെഴുതുകയും ചെയ്തിരിക്കുന്നു. കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി ആക്ട് പ്രകാരം ഹൈക്കോടതി സിറ്റിങ് ജഡ്ജിയോ സുപ്രീംകോടതി ജഡ്ജിയോ ആണ് അന്വേഷിക്കേണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മണ്ണുത്തി സര്‍വകലാശാല വിസിയെ സസ്‌പെന്‍ഡ് ചെയ്തതിനു പുറമെ അവിടുത്തെ റിട്ട. പ്രൊഫസര്‍ ഡോ. പി.സി. ശശീന്ദ്രന് വിസിയുടെ അധിക ചുമതല നല്‍കിയതും, മണിക്കൂറുകള്‍ക്കകം ചുമതലയേറ്റതും സ്വാഗതാര്‍ഹമായ നടപടിയാണ്. സംസ്ഥാന സര്‍ക്കാരിന്റെയും സര്‍വകലാശാലയുടെയും അനങ്ങാപ്പാറ നയത്തിനെതിരെ ഗവര്‍ണര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുത്തതോടെ പ്രതിക്കൂട്ടിലായ വകുപ്പ് മന്ത്രി ചിഞ്ചുറാണി ചില കാര്യങ്ങള്‍ ചെയ്‌തെന്നു വരുത്തിയിരിക്കുന്നു. വിദ്യാര്‍ത്ഥിയുടെ മരണം ബന്ധപ്പെട്ടവരെ സമയബന്ധിതമായി അറിയിക്കാതിരുന്ന കോളജ് ഡീനിനെ മാറ്റിനിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുയാണത്രേ. ഇതേ മന്ത്രി പക്ഷേ വിസിയെ സസ്‌പെന്‍ഡു ചെയ്ത ഗവര്‍ണറുടെ നടപടി അംഗീകരിക്കാത്തതില്‍ നിന്ന് ആത്മാര്‍ത്ഥതയില്ലായ്മ വ്യക്തമാകുന്നുണ്ട്.
വളരെ ഗുരുതരമായ വീഴ്ചകളാണ് വെറ്ററിനറി സര്‍വകലാശാല വിസിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് വ്യക്തമാണ്. സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥി മരിക്കുമ്പോള്‍ പൂക്കോട് കാമ്പസിലുണ്ടായിരുന്ന വിസി അതിനെക്കുറിച്ച് യാതൊന്നും അന്വേഷിക്കാന്‍ തയ്യാറായില്ലെന്നത് അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്. മൂന്നു ദിവസമാണ് വിസി ഈ കാമ്പസിലുണ്ടായിരുന്നത്. അപ്പോള്‍ വിദ്യാര്‍ത്ഥിയുടെ മരണത്തെക്കുറിച്ച് അറിഞ്ഞിരുന്നുവെന്ന് ഉറപ്പാണ്. എന്നിട്ടാണ് തിരിഞ്ഞുനോക്കാതിരുന്നത്. ആള്‍ക്കൂട്ട വിചാരണയില്‍ കൊലചെയ്യപ്പെട്ട വിദ്യാര്‍ത്ഥിയുടെ ജഡം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ കിടക്കുമ്പോള്‍ മാനേജ്‌മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് വോട്ടുപിടിക്കാന്‍ നടക്കുകയായിരുന്നുവത്രേ ഈ വിസി. ഇതിനുവേണ്ടി നൂറിലധികം അധ്യാപകരുടെ അഭിമുഖം നടത്തിയശേഷം സ്ഥലംവിട്ട വിസി പിന്നീട് പൂക്കോടേക്ക് വന്നതുമില്ല. മനുഷ്യത്വം തൊട്ടുതീണ്ടാത്ത നടപടിയാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല. ഗവര്‍ണര്‍ അച്ചടക്ക നടപടിയെടുത്തപ്പോള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്ന് സ്വയം ന്യായീകരിക്കാനും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് വിസി ശ്രമിച്ചത്. ഡീനിനെയും മറ്റും താന്‍ സസ്‌പെന്‍ഡ് ചെയ്യാനിരിക്കെയാണ് തനിക്കെതിരെ ഗവര്‍ണര്‍ നടപടിയെടുത്തതത്രേ. രാഷ്‌ട്രീയ യജമാനന്മാരുടെ നിര്‍ദേശപ്രകാരം രണ്ടാഴ്ചയോളം യാതൊരു നടപടിയും സ്വീകരിക്കാതിരുന്നയാളാണ് ഇങ്ങനെ പരാതിയുമായി രംഗത്തെത്തിയത്. ഗവര്‍ണര്‍ക്കെതിരെ ഇത്തരമൊരു നിലപാടെടുത്താല്‍ സര്‍ക്കാരിന്റെ പിന്തുണ തനിക്കു ലഭിക്കുമെന്നതാവാം ഈ മുന്‍ വിസിയുടെ മനസ്സിലിരിപ്പ്.
അത്യന്തം പൈശാചികമായ കൊലപാതകമാണ് പൂക്കോട് ക്യാമ്പസില്‍ നടന്നതെന്ന് ഇതുസംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ആവര്‍ത്തിച്ച് സ്ഥിരീകരിക്കുകയാണ്. കൊലയാളികള്‍ മുഴുവന്‍ സിപിഎമ്മിന്റെ സംഘടനയായ എസ്എഫ്‌ഐയില്‍പ്പെട്ടവരാണ്. രാഷ്‌ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമായി പോലീസ് ആദ്യം പ്രതികളെ കണ്ടെത്തി പിടികൂടാന്‍ ആത്മാര്‍ത്ഥമായ യാതൊരു ശ്രമവും നടത്തിയില്ല. ഒടുവില്‍ ജനങ്ങളില്‍നിന്ന് കടുത്ത പ്രതിഷേധം ഉയരാന്‍ തുടങ്ങിയതോടെയാണ് പോലീസ് ചലിച്ചത്. അപ്പോഴും കൊടുംക്രൂരത കാണിച്ച പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്ന തരത്തിലുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സിദ്ധാര്‍ത്ഥ് എന്ന മിടുക്കനായ വിദ്യാര്‍ത്ഥിയെ ചിത്രവധം ചെയ്ത് കൊലപ്പെടുത്തിയവരെ കഴിയാവുന്നവിധമൊക്കെ സംരക്ഷിച്ച കോളജ് അധികൃതര്‍ക്കെതിരെയും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ശക്തമായ നടപടി ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്ന ജുഡീഷ്യല്‍ അന്വേഷണം എത്രയും വേഗം നടക്കണം. അതോടൊപ്പം ഇക്കാര്യത്തില്‍ സിബിഐ അന്വേഷണവും ആവശ്യമാണ്. മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബവും അത് ആവശ്യപ്പെട്ടിരിക്കുകയാണ്. സിബിഐ അന്വേഷണത്തിലൂടെ മാത്രമേ ഈ പൈശാചിക സംഭവത്തിന്റെ പൂര്‍ണവിവരങ്ങള്‍ പുറത്തുവരികയുള്ളൂ. ആരൊക്കെയാണ് പ്രതികളെന്നും ആര്‍ക്കൊക്കെയാണ് ഇതിന്റെ ഉത്തരവാദിത്വമെന്നും സിബിഐക്ക് കണ്ടെത്താനാവും. അക്രമികളെ രക്ഷകരായി കാണുന്ന ഒരു മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഭരിക്കുമ്പോള്‍ പോലീസിന്റെ അന്വേഷണം പ്രഹസനമായി കലാശിക്കും. കുറ്റവാളികളെ വിദഗ്ധമായി രക്ഷപ്പെടുത്തും. ഇങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ കാലതാമസം കൂടാതെ സിബിഐ അന്വേഷിക്കുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: