ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സീരിയൽ താരം ഗൗരി കൃഷ്ണൻ. പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം സോഷ്യൽ മീഡിയയിലും ആക്റ്റീവാണ്. വളരെ കുറച്ച് പരമ്പരകളുടെ മാച്രമെ ഭാഗമായിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. തന്റെ യുട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെയ്‌ക്കാറുമുണ്ട് ഗൗരി. രണ്ട് വർഷം മുമ്പാണ് താരം യുട്യൂബ് ചാനൽ ആരംഭിച്ചത്.
വിവാഹശേഷം സീരിയലിൽ നിന്നൊക്കെ വിട്ടുനിൽക്കുകയാണ് ഗൗരി. പിഎസ്സി പരീക്ഷയ്‌ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലും മറ്റുമാണ് താരം. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമെല്ലാം പഠനത്തിനിടെ സമയം കണ്ടെത്തി വീഡിയോകൾ പങ്കുവെയ്‌ക്കാറുണ്ട്. അടുത്തിടെയായിരുന്നു ഗൗരിയുടെ പുതിയ വീടിന്റെ പാലു കാച്ചൽ. വലിയ ആഘോഷമായിട്ടൊന്നുമല്ല പാലുകാച്ചൽ ഗൗരി നടത്തിയത്.
എങ്കിലും തന്റെ യുട്യൂബ് ചാനൽ സബ്സ്ക്രൈബേഴ്സിന് വേണ്ടി ചടങ്ങിന്റെ ഒരു ചെറിയ വീഡിയോ താരം പങ്കുവെച്ചു. തനിക്കും ഭർത്താവിനുമായി മറ്റൊരു വീട് കൂടി പണികഴിപ്പിക്കുന്ന തിരക്കിലുമാണ് ഗൗരി. അതേസമയം കഴിഞ്ഞ ദിവസം ഗൗരിയും ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി ഇട്ടിരുന്നു. ഇത്തവണ ക്ഷേത്രത്തിന് സമീപമിരുന്നല്ല ഗൗരി പൊങ്കാല ഇട്ടത്. പുതിയ വീടിന്റെ മുറ്റത്താണ്. അമ്മയും മറ്റ് ബന്ധുക്കളും ഗൗരിക്കൊപ്പം പൊങ്കാല ഇട്ടിരുന്നു. ആറ്റുകാൽ പൊങ്കാല ഇട്ടതിന്റെ വീഡിയോ പകർത്തി ഗൗരി യുട്യൂബിൽ പങ്കുവെച്ചിരുന്നു. അതിനടിയിൽ വന്ന ചില കമന്റുകൾ ഗൗരി നൽകിയ കുറിക്കുകൊള്ളുന്ന മറുപടിയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. പൊങ്കാല ചടങ്ങുകൾക്കിടയിൽ ഗൗരിയുടെ അമ്മ ചെരുപ്പ് ധരിച്ചിരുന്നു.
അതിനെ കുറ്റപ്പെടുത്തിയും മറ്റുമാണ് കമന്റുകൾ ഏറെയും വന്നത്. അത്തരത്തിൽ വന്ന എല്ലാ കമന്റുകൾക്കുമുള്ള മറുപടിയാണ് ഗൗരി പുതിയ വീഡിയോയിലൂടെ നൽകിയിരിക്കുന്നത്. ‘കല്യാണം കഴിഞ്ഞ് ചെന്ന് കേറിയ വീട്ടിലല്ലേ ആദ്യത്തെ പൊങ്കാലയിടേണ്ടതെന്ന് കമന്റ് കണ്ടിരുന്നു. കല്യാണം കഴിഞ്ഞത് എന്നതുകൊണ്ട് ഉദ്ദേശിച്ചത് ആറ്റുകാൽ അമ്മയുടെ ഭർത്താവിന്റെ വീടാണോ അതോ എന്റെ ഭർത്താവിന്റെ വീടാണോ?.’
‘കല്യാണം കഴിഞ്ഞ വീട്ടിലാണ് പൊങ്കാല ഇടേണ്ടതെങ്കിൽ നമ്മൾ മധുരയിൽ പോയി പൊങ്കാല ഇടണം. ആറ്റുകാലമ്മയുടെ ഭർത്താവ് മധുരയിലല്ലേ?. ഇനി അവിടെ പോയി ഇടണോ?. കല്യാണം കഴിഞ്ഞ വീട്ടിൽ പൊങ്കാല ഇടണം എന്നൊക്കെ ആരാണ് പറഞ്ഞത്. നിങ്ങൾക്ക് ഈ ആചാരം ആരാണ് പറഞ്ഞ് തന്നതെന്ന് ഒന്ന് പറഞ്ഞ് തന്നാൽ സന്തോഷമായേനെ.’
‘അപ്പോൾ ഈ വഴിയിൽ പൊങ്കാല ഇടുന്ന ആളുകൾ എന്താണ് ശശികളാണോ. നമ്മൾ 21 ആം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. മാറി ചിന്തിക്കേണ്ട സമയമായി. മനസ് നന്നായിരുന്നാൽ ഇതൊന്നും വിഷയമല്ല. നമ്മുടെ ഏതവസ്ഥയിലും ഭഗവാൻ പ്രാർത്ഥന കേൾക്കും എന്നതാണ് എന്റെ ഭക്തി. നല്ല മനസോട് കൂടി നമ്മൾ പ്രാർത്ഥിച്ചാൽ മാത്രം മതി. ആറ്റുകാൽ പൊങ്കാല എന്നതുകൊണ്ട് എന്താണ് ആളുകൾ ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല.’
‘ഞാൻ മനസിലാക്കിയത് നമ്മൾ പൂർണ്ണ മനസോടെ ദേവിക്ക് നേദ്യം സമർപ്പിക്കുക എന്നതാണ്. അവിടെ ഒരു നിബന്ധനയോ കണ്ടീഷൻസോ ഞാൻ വെച്ചിട്ടല്ല പൊങ്കാല സമർപ്പിക്കുന്നത്. ചെരുപ്പ് ഇട്ടതുകൊണ്ട് എന്റെ അമ്മയെ ഭഗവതി അടിച്ചിറക്കില്ല. നമ്മുടെ മനസിന്റെ ശുദ്ധി അത് മാത്രമാണ് വേണ്ടത്. കുളിക്കാതെ പൊങ്കാലയിട്ടാലും ദേവി അനുഗ്രഹിക്കും.’
‘തൂണിലും തുരുമ്പിലും ഭഗവാനുണ്ടെന്നല്ലേ വിശ്വസിക്കപ്പെടുന്നത്. എന്റെ വിശ്വാസവും അത് തന്നെയാണ്. ഒരുപാട് സന്തോഷത്തോടെയും നിറഞ്ഞ മനസോടെയുമാണ് ഞങ്ങൾ ഇപ്രാവശ്യം പൊങ്കാല ഇട്ടത്. അത് ദേവി സ്വീകരിച്ചുവെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.’മനുഷ്യരുടെ വൃത്തികെട്ട ചിന്താഗതികൾ വെച്ച് ഭഗവാനെ വിലയിരുത്താതിരിക്കുക. ആരെയും വേദനിപ്പിക്കണമെന്ന് കരുതി പറഞ്ഞതല്ല. വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക. കാരണം എന്നെ വേദനിപ്പിച്ചതുകൊണ്ടാണ് എനിക്ക് ഇത്രയും പറയേണ്ടി വന്നത്’, എന്നാണ് ഗൗരി തന്നെയും കുടുംബത്തെയും വിമർശിച്ചവർക്കുള്ള മറുപടി നൽകികൊണ്ട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: