ഗസലുകളുടെ ചക്രവര്‍ത്തി, മനംനിറയ്‌ക്കുന്ന മാസ്മരിക ഗായകന്‍… അങ്ങനെ ഏതു വിശേഷണവും ഇണങ്ങുന്നയാളായിരുന്നു പങ്കജ് ഉധാസ്. 50 ലേറെ ആല്‍ബങ്ങള്‍, അനവധി ചലച്ചിത്രങ്ങള്‍, നൂറുകണക്കിന് വേദികള്‍ എന്നിവയെ ധന്യമാക്കിയ ഗാനങ്ങള്‍… ഭാരതത്തിന്റെ ഹൃദയഭൂമിയിലെ ഗാനഗന്ധര്‍വനായിരുന്നു അദ്ദേഹം.
സ്വതസിദ്ധമായ ശൈലിയിലൂടെ ആസ്വാദകരുടെ മനംകവര്‍ന്ന അദ്ദേഹം 80ല്‍ ആഹത് എന്ന ആല്‍ബത്തിലൂടെയാണ് ജനശ്രദ്ധയാകര്‍ഷിക്കുന്നത്. ഗസല്‍ ഗായകന്‍ എന്ന നിലയില്‍ പേരെടുത്തു കഴിഞ്ഞശേഷമാണ്, മഹേഷ് ഭട്ട് അദ്ദേഹത്തെ ചലച്ചിത്രലോകത്തേക്ക് ക്ഷണിക്കുന്നത്. 86ല്‍ നാം എന്ന ചിത്രത്തില്‍ പാടി. ചിട്ഠി ആയീ ഹെ എന്ന ഗാനം വമ്പന്‍ ഹിറ്റായി.
നിര്‍മല്‍ ഉധാസ്, മന്‍ഹര്‍ ഉധാസ് എന്നിവരുടെ ഇളയ സഹോദരനായി ഗുജറാത്തിലെ ജേത്പൂരിലാണ് ജനനം. അച്ഛന്‍ കേശുഭായ് ഉധാസ്. അമ്മ ജിതു ബെന്‍. കുടുംബം മുബൈക്ക് താമസം മാറ്റിയതോടെ പങ്കജ് ഉധാസ് മുംബൈ സെ. സേവ്യേഴ്‌സ് േകാളജിലാണ് പഠിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ വീണ വിദ്വാനായിരുന്നു. മൂന്നു സഹോദരന്മാരുടെയും സംഗീതത്തിലുള്ള താല്പര്യം കണ്ട് അച്ഛന്‍ അവരെ രാജ്‌കോട്ടിലെ സംഗീത അക്കാദമിയില്‍ ചേര്‍ത്തു. അച്ഛില്‍ നിന്ന് ദില്‍രൂപയും അക്കാദമിയില്‍ നിന്ന് തബലയും പഠിച്ച പങ്കജ്, ഗുലാം ഖാദിര്‍ ഖാന്‍ സാഹിബില്‍ നിന്ന് ഹിന്ദുസ്ഥാനിയും പഠിച്ചു. പിന്നീട് മുംബൈയില്‍ നവരംഗ് നാഗപ്പുര്‍ക്കറില്‍ നിന്ന് ഗ്വാളിയോര്‍ ഖരാനയും സ്വായത്തമാക്കി. മുംബൈയില്‍ എത്തിയ അദ്ദേഹം ഉഷ ഖന്ന സംഗീത സംവിധാനം നിര്‍വഹിച്ച, കാമ്‌ന എന്ന ചിത്രത്തില്‍ പാടിയെങ്കിലും പടം പൊളിഞ്ഞു. തുടര്‍ന്നാണ് ഗസലിലേക്ക് തിരിഞ്ഞത്.
പിന്നീട് കാനഡയിലും അമേരിക്കയിലും ഗസല്‍സന്ധ്യകള്‍ നടത്തി. പിന്നെ ഭാരതത്തിലേക്ക് മടങ്ങി. അങ്ങനെയിരിക്കുമ്പോഴാണ് 80ല്‍ ആഹത് പുറത്തിറക്കിയത്. പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. സംഗീത ലോകത്ത് വച്ചടി വച്ചടി കയറ്റമായിരുന്നു. 2011 വരെയായി, 50ലേറെ ആല്‍ബങ്ങള്‍ ചെയ്തു. 90ല്‍ ലതാ മങ്കേഷ്‌ക്കറിനൊപ്പം പാടിയ ഘായല്‍ എന്ന ചിത്രത്തിലെ മഹിയാ തേരീ കസം എന്ന ഗാനം വമ്പന്‍ ഹിറ്റായി. നാ ഖജ്‌രേ കി ധര്‍, (ചിത്രം മൊഹ്റ) എന്ന ഗാനവും ജനകീയമായി. ചിത്രങ്ങളില്‍ പാടുന്നതിനൊപ്പം, സാജന്‍, യേ ദില്ലഗി, നാം, ഫിര്‍ തേരി കഹാനി യാദ് ആയേ തുടങ്ങിയ ചിത്രങ്ങളില്‍ വേഷവുമിട്ടു.
പ്രേമം, ലഹരി, മദ്യം എന്നിവയെപ്പറ്റിയായിരുന്നു അദ്ദേഹത്തിന്റെ മിക്ക ഗസലുകളും. 2006ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു. നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ചിട്ഠി ആയീ ഹെ, ചാന്ദി ജൈസാ രംഗ് ഹേ, യാദ് ആയി, ഫൂല്‍ ഫുലയ്യ, ജിയോ തൊ ജിയേ കൈസേ ദില്‍ ആപ് കി തുടങ്ങിയവ അദ്ദേഹം ഹിറ്റാക്കിയ പാട്ടുകളില്‍ ചിലത് മാത്രം. ദീര്‍ഘകാലമായി രോഗഗ്രസ്ഥനായിരുന്ന അദ്ദേഹം നാദബ്രഹ്മത്തില്‍ ലയിക്കുമ്പോള്‍, കടന്നുപോകുന്നത് ഒരു യുഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: