മുംബൈ ഫോര്‍ട്ടിനു സമീപമുള്ള സെന്റ് സേവിയേഴ്സ് കോളജില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തിന് ഗസല്‍ ഗായകന് എത്തിച്ചേരുമെന്ന പരസ്യം കണ്ടാണ് അവിടേക്ക് ഓടിക്കേറിയത്. അസാമാന്യമായ ജനത്തിരക്ക്. പങ്കജ് ഉദാസിന് അവിടെ പ്രത്യേക സ്വീകരണം സംഘടിപ്പിച്ചിരുന്നു. ശേഷം ഒരു ഗസല്‍ അവതരണവും സ്റ്റേജിലുണ്ടെന്ന് കേട്ടറിഞ്ഞു. അതിനാലാണ് അനിയന്ത്രിതമായ ആള്‍ക്കൂട്ടമെന്ന് ഊഹിച്ചു.
സെലിബ്രിറ്റിയെ ഇവിടെവച്ച് കണ്ടുമുട്ടുക പ്രയാസം. വെപ്രാളവും വേവലാതിയും തിരതല്ലി. മുഖംകാണിക്കാന്‍ കുന്നുകൂടുന്നവരുടെ കൂട്ടംകൂടി. ഇപ്പോള്‍ മേക്കപ്പ്മാന് പര്‍ദ്ദ നീക്കി അകത്തുപ്രവേശിക്കുന്നു. തന്ത്രപൂര്‍വ്വം സൂത്രശാലി ചമഞ്ഞ് അനുവാദമില്ലാതെ അകത്തുകയറിയതിന് ശകാരമാണ് പ്രതീക്ഷിച്ചത്. സാരമില്ല. ലോകപ്രശസ്തനായ ഗസല്സാമ്രാട്ടിനെ മുഖാമുഖം കണ്ടിട്ടുതന്നെ കാര്യം. പ്രകാശംപരത്തിയ ആമുഖം ഒരുനോക്കു കണ്ടു.
ആഗതനോട് കൂടെയുള്ളത് ആരെന്ന കണ്ണാംഗ്യ കുശലാന്വേഷണം. നിസ്സംശയം തട്ടിവിട്ടു, പത്രക്കാരനാണ് ഉസ്താദ്. ഓഹോ! ഉടന്‍ ഭാഷാ ഏതെന്ന് ആരാഞ്ഞു. മലയാളമെന്നുകേട്ടതും കട്ടമീശ പൂവ്വാകൃതി വിരിഞ്ഞു. കുങ്കുമകുസൃതിച്ചുണ്ടുകള് നറുതേന്‍ ചിതറും നാവിനു ഈണമിടാന്‍ ഇതളടര്‍ന്നു. തല്‍ക്ഷണം ശബ്ദമാധുരി പൂമ്പൊടി ശലഭമായി പാടി. ‘എന്നുമീസ്വരം’ വീണകമ്പിയിടറി മൂളി. മലയാളം ആല്‍ബത്തില്‍ അനൂപ് ജലോട്ടക്കൊപ്പം പാടിയ അതേ താളലയം ആസ്വദിച്ചു.
ഒരു ജന്മം മറക്കാത്ത ആലാപന ശൈലി. അതും എനിക്കുവേണ്ടി മാത്രം! പരമാനന്ദം കൊള്ളവേ മൂളല്‍ നിര്‍ത്തി. സന്ദേശദൂതറിയിച്ചു. ഗാനഗന്ധര്വ്വന് യേശുദാസിനോട് എന്റെ സ്നേഹം പറയാന്‍ മറക്കരുത്. ഓയെസ് പറയാന്‍ ഞാനും ഒട്ടും താമസിച്ചില്ല. ചിറ്റ്ചോര്‍ എന്ന ഹിന്ദി ചിത്രത്തില്‍ രവീന്ദ്രജയിന്‍ ഈണംപകര്‍ന്ന ഗാനം റെഡിമണിയായി അധരങ്ങളില്‍ രാഗംതല്ലി. പങ്കജ് ഉദാസിനെ ഉറുദു ഗസലിന്റെ ഉസ്താദാക്കിയ ജാലവിദ്യ മീട്ടി. പ്രണയവും വിരഹവും ഇഴചേര്ന്നഅസുലഭ ശ്രുതി. ഗിത്താര്‍ കമ്പിമുഴങ്ങിയ സംഗീതനിര്വൃതി ലഹരി പകര്‍ന്നു. ചങ്കിനോ ചുണ്ടിനോനാവിനോ അതിമധുരമെന്ന് നിര്വ്വചിക്കാനാവാത്തമാസ്മര വീചികള്‍. പദങ്ങള്‍ പാട്ടായും ഗസലായുംസംഗീത സ്വര്ഗ്ഗീയസ്വരമാധുരിയില് ലയിച്ചു. മനസ്ശംഖുധ്വനി കീര്‍ത്തനമായി. കവിയരങ്ങിലെ ‘വാവ്വാ’ മൊഴിഞ്ഞുപോയി. സന്തുഷ്ടിയില്‍ തംപ്സപ് ഉയര്‍ത്തി. ചോദ്യോത്തരവേദി തുറന്നു.
താങ്കള്‍ക്ക് ഏറ്റം ആനന്ദം പകര്‍ന്ന വേള?
അതിനുമുന്‍പ് തീരാപരാജയം നേരിട്ട അനുഭവംപറയാം. വാക് ചാതുരിയില്‍ ഉഷാറു പ്രകടിപ്പിക്കാന്കൈത്തലം നാലഞ്ചാവര്‍ത്തി തിരുമ്മികാട്ടി. സംഗീതതലമുറയിലെ പകല്നിലാവെന്ന് സ്വയം വിശേഷിപ്പിക്കാം. കാരണം തബലിസ്റ്റായ ഞാന്‍ ഗായകനുംഗസല്വാദിയുമായത് പ്രേക്ഷക ജാലവിദ്യയാണ്. സന്ദര്‍ഭവും സംഗീതജ്ഞരുമങ്ങനെ കാലഗതിയില്‍ വാര്‍ത്തെടുത്തു. ദീര്‍ഘിപ്പിക്കാതെ പഴങ്കാല കണ്ണീര്കഥയിലെ താരാട്ടുപാടി. സിനിമയില്‍ ആദ്യ അരങ്ങേറ്റംകുറിക്കുക ആര്‍ക്കും സുഖതര സ്മരണയാണ്.
1970- കളില്‍ ഹിന്ദിചിത്രം ‘കാംമ്ന’ക്കുവേണ്ടി പിന്നണി പാടി. സംഗീതസംവിധാനം ഉഷ ഖന്ന. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബോളിവുഡ് ചിത്രം റിലീസായില്ല. പരാജയപാരവശ്യം ഒരു പതിറ്റാണ്ട് എന്നെ വായിലാപ്പുകേറ്റി നിശബ്ദനാക്കി. എന്നാല്‍ വിധി സിഗ്നല്‍ പറയുന്ന പരമേശ്വരന് പരമദയാലുവായി. എന്നെ മൗനമ്ലാനതയില് നിന്നും തട്ടിയുണര്‍ത്തി. പരിശീലനം പാടിവളര്‍ത്തി. 1986-ല്‍ ഇറങ്ങിയ ബോളിവുഡ് ചിത്രമായ ‘നാം’ വിശ്വപ്രശസ്തനാക്കി ഉയര്‍ത്തി. ഗാനരചന ആനന്ദ് ബക്ഷി. സംഗീതജോഡി ലക്ഷ്മീകാന്ത് പ്യാരീലാല്. ഗസല്‍ ആവാഹന ഈരടിയില്‍ ‘ചിട്ടി ആയീ ഹേവതന്’ നീട്ടിയാലപിച്ചഭിനയിച്ചു. പിന്നങ്ങോട്ട് ശ്രോതാക്കളുടെ കണ്ണുംകരളുംകവര്ന്ന മുന്നേറ്റം കുറിച്ചു.
ചാന്ദിനി ജൈസാ രംഗ് ഹേ തേരാ. ഔര്‍ ആഹിസ്ത് കീ ജീബതേം ഹേം സൂപ്പര്‍ഹിറ്റുകളായി ന്യൂജന്‍ പ്രേമികളില്‍ സ്വരലയമോടെ തത്തിക്കളിച്ചു. സിനിമാഗാനശേഖരത്തിന് ഗസലിന്റെ നൂതനശൈലി തുറന്നു. ആദ്യസംഗീത ആല്‍ബം ആഹട്. ജീയേതോജീയേ കൈസേ(സാജന്), ചുപാന ഭീ നഹീ ആതാ (ബാസിഗര്‍), നാക ജരേ കീ ദാര്‍ (മെഹ്റ), ഹോത്താപെതേരാനാം (മേ ഖിലാഡി തു അനാരി) അങ്ങനെയങ്ങനെ നിരവധി സിനിമ ഗസല്‍ ട്യൂണുകള്‍ സംഗീതപ്രേമികളെ ഇടവേളയിടാതെ ആകര്‍ഷിച്ചുപോന്നു. മികച്ച പിന്നണിഗായകനുള്ള ഫിലംഫെയര്‍ അവാര്‍ഡ് അംഗീകാരം ആരാധകരെ പതിന്മടങ്ങുമാക്കി.
ചുപ്കേ ചുപ്കേ… യുന്‍ മേര ഖത്ക… തുജ രാഹഹൈതോ… ചൂഗയീ… മുജ്സേ ദോസ്തീ കരേഗെ… ആന്പീനേവാലേ സുനോ… ആന്‍സു… തുടങ്ങിയ കണ്ണീരില്‍ കുതിര്‍ന്ന ഗസലുകള്‍ വൈകാരിക പ്രഭാവം നേര്‍ന്നു. മനുഷ്യരിലെ മൃദുവികാരമായ പ്രണയവിരഹകലോത്ഭവ മത്സരശ്രേണി ചടുന്നനേ കീഴടക്കി.
എനിക്ക് സംഗീതപ്രേമികള്‍ നിരവധി ബഹുമതികള്‍ തന്നിട്ടുണ്ട്. കേന്ദ്ര സംഗീത നാടക അക്കാദമിഅവാര്‍ഡ് ലഭിച്ചു. 2006-ല്‍ രാജ്യം പദ്മശ്രീ നല്കി. വിദേശനാടുകള്‍ സന്ദര്‍ശിച്ചു. ഏഷ്യയിലും യൂറോപ്പിലും ധാരാളം സംഗീത ഗസല്‍ പ്രോഗ്രാമുകള്‍ ചെയ്തു. കരഘോഷങ്ങളില്‍ മതിമറന്നു. ഇനി ചോദിക്കൂ, കാലമേകിയ എന്റെ വിജയ ആശംസകളേതെന്ന്?
പങ്കജ് ഉദാസ് മിന്നായംമറഞ്ഞ ഉല്ലാസവാനായി. ജീവിതത്തിലേക്ക് ഭാര്യ ഫരീദയുടെ പരിമള ആഗമനം. മക്കള്‍ നയാബ്, രേവ എന്നിവരുടെ പിറവി. സംഗീതപ്രേമിയായ ഒരാള്‍ കുടുംബ സ്വാര്ത്ഥനാകുന്നതില് തെല്ലും ആശ്ചര്യമില്ലെന്നും വേഗം കൂട്ടിച്ചേര്‍ത്തു. സ്വയസം തൃപ്തി കൈവരിച്ചു. ജീവിതം നിര്മ്മലമെങ്കിലേ തൊണ്ടശുദ്ധിക്ക് ആളും അര്ത്ഥവുംഅലങ്കാരവും വരൂന്ന് സര്ഗ്ഗാഭിമതം!
ഗസലാണോ സിനിമാ ഗാനമാണോ ഏറ്റം ഇഷ്ടം?
ഇതൊരു കുസൃതി ചോദ്യമാണല്ലോ. എങ്കിലും കലാകാരന്റെ ഭാവനയില്‍ ഉറച്ചുനിന്ന് ഉത്തരം തരാം. ഏതുവിഭാഗ കലാകാരനായാലും ഫസ്റ്റ് ഇംപ്രഷന്‍ ബെസ്റ്റ് ഇംപ്രഷന്‍. വിശദീകരണമില്ലാതെ പറയാം. കല ലക്ഷ്മീ വരപ്രസാദമാണ്. നാം ഈശ്വരപൂജയ്ക്കൊരുങ്ങുമ്പോള് ആവതുംവൃത്തിയും വെടുപ്പും ശുചിത്വവും പാലിക്കുന്നു. ഒന്നും നിഷേധമാക്കി തിരസ്കരിക്കരുത്. അതേവിധം കലയെന്നാല്‍ സരസ്വതീസമര്പ്പണമായി കരുതണം. മുഖം വിലക്ഷണമാകരുത്. സരസ്വതി കടന്നുവരാന്‍ മെയ്യും മനസും ഒരുങ്ങി അനുവദിക്കുക. സെന്റ് പൂശി റെക്കോഡിങ്ങിന് ചെല്ലണ്ണമെന്നല്ല വിവക്ഷ. മുടി നന്നായി ചീകുക. മുഖകാന്തി ആവതും സ്റ്റൈലനാക്കുക. ഉള്ളതില്‍ നല്ല വസ്ത്രം ധരിക്കുക. ഒന്നിലും അവഗണന പ്രതിഫലിക്കരുത്.
സ്വന്തം രീതിയും അനുഭവുമാണിതെല്ലാം. എളുപ്പം ചുളുവില്‍ റെസ്പ്പോണ്സും ലൈക്കും നേടാം. ചുരുക്കത്തില്‍ ബോളിവുഡ് താരങ്ങളുടെ ബ്യൂട്ടിക്യൂട്ടി ശ്രമിച്ചാല്‍ ഒരുപരിധിവരെ ആര്‍ക്കും വരുതിക്ക് വരുത്താം. സംഗീത അന്തരീക്ഷത്തിനോട് കലാകാരന് പൂര്‍ണ്ണ അനുയോജ്യനായി. സുന്ദരന്‍ മനോഹരി എന്നു മറ്റുള്ളവര്‍ പ്രകീര്‍ത്തിക്കുന്നത് കേട്ട് ത്രില്ലടിക്കാം. മുഖംമിനുക്കാന്‍ കണ്ണാടിനോക്കല് ഇമ്പംവരും. കസ്തൂരിമോഹം അതിലും ഭ്രമം. ഉത്തമകലയോട് നൂറുശതമാനം ഇണങ്ങി. ചൈതന്യ ഉഷാറില്‍ പാടുന്ന സ്വരത്തിന്
പാതിജീവനായി. വാക്കുവരികളുടെ അര്ത്ഥനാനാര്ത്ഥങ്ങള് മനസും താനെ ആവഹിച്ച മട്ടാണ്. പഠിച്ച പ്രാസസംഗീതം ഉണ്മയുന്മാദമോടെ തൊണ്ടകീറി കാട്ടരുവിപോലെ ഇളംകാറ്റും തൂവിവരും.
സ്റ്റുഡിയോ റെക്കോഡിങ് എത്ര ഈസി. സ്റ്റേജിലായാലും ഇതുതന്നെ ജയം. ഉള്ബലമുണ്ടേല് സ്വരം തെല്ലും പതറില്ല. മാത്രവുമല്ല ശ്രോതാവിന്റെ ഫീലിങ് അസാരം. ന്യൂജനറേഷന് രാരീരംപാടി എന്നെ പുകഴ്ത്തുന്നത് ഈ കൊച്ചുകൊച്ചു സൂക്ഷ്മതകളിലാണ്. പ്രത്യേകിച്ച് ഗസല്‍ ആലാപനം സൂക്ഷിക്കണം. തമ്പുരുപോലെ മൃദുലമാകണം പാകത്തിനുള്ള നീട്ടലും ചുരുക്കലും. ബോഡി ലാംഗ്വേജുമത് അതേപടി അനുകരിച്ചാല്‍ നക്ഷത്രം നന്ന്. പല്ലവി, അനുപല്ലവി പാടിക്കേറുമ്പോഴും താഴുമ്പോഴും ഒരുപോലെ ആംഗ്യമൊത്തിണങ്ങണം.
സംഗീത ശില്‍പ്പികള്‍ രാഗം പഠിപ്പിക്കുന്നതും അത്ര ക്ഷമയോടെയാണ്. അവരുടെ ഭഗീരഥ സാധകപ്രയത്ന തയ്യാറെടുപ്പൊന്നും ആലാപകര്ക്കില്ല. അവരങ്ങനെ കടിച്ചാല്‍ പൊട്ടാത്ത പദങ്ങളുടെ നോട്ടുതെറ്റാതെ സിമ്പിളായി പാടിപ്പോകും. എല്ലാവരുമല്ല. സംഗീത രംഗവും ഏറെക്കുറെ ധൃതിപ്പിടിച്ച കമ്മേഴ്സ്യലാണ്. ഡിമാന്റുകാര് ഒന്നുപാടിതീര്ന്നാല് അടുത്ത സ്റ്റുഡിയോ ലക്ഷ്യംവച്ചോടുന്നു. ചിലപ്പോള്‍ പാളിച്ചകള്‍ വരാം. ആധുനിക കമ്പോസിങ് സൂത്രം ഒട്ടുമുക്കാലും ലൈവ്പേസ്റ്റിങ് ടൂള്‍സിന് വിടുന്നു. ശാസ്ത്രീയരീതികളത്ര പുരോഗമിച്ചു. പാട്ടിന്റെ വെറൈറ്റി ഇഷ്ട ഇംഗിതത്തിലാണ്.
ഗസല്‍ തപസ്യയുടെ പന്ഥാവിലോടുന്ന മുഴങ്ങുന്ന ഹൈപിഞ്ച് ശ്രദ്ധിക്കുക. ചിട്ടി ആയീ ഹേ മെലഡിയുടെ അവിഭാജ്യഘടകമായി. ശ്രോതാക്കളത് ഹൃദയം വിങ്ങി സീനിലെ കണ്ണീര്‍വീഴ്ത്തി വാത്സല്യാദരം സ്വീകരിച്ചു. സോങ് ജനറേഷനുകള്‍ കടന്നും പോപ്പുലറായി. വിഷമസന്ധികളിലും അല്ലാതെയും ജനകോടികളുടെ ചുണ്ടിലെ റിങ് ട്യൂണായി. കാലം റീചാര്‍ജ്ജ് നേടി. അതാണെന്റെ സിനിമയിലെ രാഗ ഉയര്‍ച്ചാ വഴിയെന്ന് സംഗീതജ്ഞരും ഞാനും ഒരുപോലെ യഥാസമയം അംഗീകരിച്ചു. അങ്ങനെ ജനപ്രീതിക്കൊത്തു പാടി പ്രശസ്തനായി. പങ്കജ് ഉദാസിന് ജനഹൃദയങ്ങളില്‍ അലക്കിതേച്ച രാജകീയ പട്ടിന്റെ ഇമേജുണ്ടായി.
ഇപ്പോള്‍ സംഘാടകരും കോളജ് അധികൃതരുംഇടയില്കയറി അലോസരപ്പെടുത്തി. അഭിമുഖ സംഭാഷണവേള കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞു. ഗസല്‍ താന്ത്രികനെ അരങ്ങിലോട്ട് ക്ഷണിച്ചു. അമളിപറ്റി ഇടംമാറിനിന്ന ഇന്റര്വ്യൂകാരന്റെ തോള്തട്ടി ഉപസംസഹരിച്ചു. പപ്പുംതൂവ്വലും വച്ച് എഴുതാന്‍ മറക്കരുത്. ഗസലിന്റെ ജീവനാഡിയിലെ രക്തത്തിളപ്പ് ഭാഷയാണ്. ഉന്നത്തില്‍ കൊള്ളുന്ന ലിപികള്‍. ഗദ്യപദ്യ സമ്മിശ്രമാണ് സാക്ഷാല്‍ കലര്‍പ്പില്ലാത്ത അമൃതസാഹിത്യം! അതിന്റെ നിര്‍വ്വീര്യമാകാത്ത ഒഴുക്കാണ് കവിയരങ്ങിലെ വാവ്വ്! പ്രശംസ ശ്രുതി. ഗസല്‍ പ്രഭാവി ഷാളു ശരിപ്പെടുത്തി. പാല്‍നിലാ പളപളാ തിളങ്ങുന്ന ഓജസുറ്റ സില്ക്കുവസ്ത്രങ്ങളില് വജ്രശോഭ മിന്നി. സമീപത്തെ മേക്കപ്പ്മാന് ഒടുവിലെ മിനുക്കുപണിയേകി. ഗസല്രാജാവിജയ ചിഹ്നം തംപസ്പ്പു നേര്‍ന്നു. കലോത്സവ വേദിയിലോട്ട് ചുറുചുറുക്കോടെ പാഞ്ഞു.
പങ്കജ് ഉദാസെന്ന ഉസ്താദിന് ആനന്ദാശ്രു അര്‍പ്പിക്കാനെ ഇനി നിര്‍വ്വാഹമുള്ളൂ. ആ പരിപാവന ലാളനസ്വരം അവസാന അവകാശികളായ സ്വര്ഗ്ഗദൂതരേറ്റു വാങ്ങി. ഓര്‍മ്മയുടെ പ്രണാമം കൈക്കൂപ്പി അര്‍പ്പിക്കട്ടെ!
(മുംബൈയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ സംഗീതാസ്വാദകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: