കോഴിക്കോട്: എഴുത്തിലും അഭിഭാഷക വൃത്തിയിലും രാഷ്ട്രീയത്തിലും ആന്തരികമായ നന്മ പ്രകാശിപ്പിച്ച വ്യക്തിയാണ് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ളയെന്നും ആന്തരികമായ നന്മയുണ്ടെങ്കിലേ എഴുതാനാകൂയെന്നും എഴുത്തുകാരന് സി. രാധാകൃഷ്ണന്.
ശ്രീധരന് പിള്ളയുടെ എഴുത്തിന്റെ അമ്പതാം വര്‍ഷത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച പുസ്തകപ്രദര്ശനം അക്ഷരയാത്ര@ 50 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റെന്ത ുണ്ടെങ്കിലും ആന്തരികമായ നന്മ എന്ന മൂല്യം ഇല്ലെങ്കില്‍ അക്ഷരം കൂട്ടിയെഴുതാന്‍ സാധ്യമല്ല. ആന്തരികനന്മയില്ലെങ്കില് അക്ഷരം കൂട്ടിയെഴുതുമ്പോള്‍ കരിയും പുകയും ചൂടും കടന്നുവരും.
ഏത് വ്യവസ്ഥിതിയായാലും അത് കൈകാര്യം ചെയ്യുന്നയാള്‍ക്ക് ആന്തരിക നന്മയുണ്ടായാല്‍ മാറ്റമുണ്ടാകും. ആന്തരികനന്മ പുറത്തേക്ക് പ്രകടിപ്പിക്കാന്‍ കഴിയാത്ത മേഖലയാണ് രാഷ്ട്രീയം. നന്മയുണ്ടാവണമെന്നത് രാഷ്ട്രീയത്തില്‍ നിര്‍ബന്ധമല്ല. മനസ്സിലുള്ളത് പുറത്തറിയാന്‍ കഴിയുന്ന സാഹചര്യത്തില്‍ രാഷ്ട്രീയക്കരുടെ നില പരുങ്ങലിലാണ്. ആന്തരിക നന്മയുണ്ടെങ്കില് നല്ല അഭിഭാഷകനും എഴുത്തുകാരനും നല്ല രാഷ്ട്രീയക്കാരനും ആവാമെന്ന് ശ്രീധരന്‍പിള്ള തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.
ശ്രീധരന് പിള്ളയെഴുതിയ 210 പുസ്തകങ്ങളില്‍ ഒന്നോ രണ്ടോ പുസ്കത്തിന് അവതാരിക എഴുതി. പുസ്തകമെഴുതുക എളുപ്പമുള്ള പണിയല്ല. ഒന്നില്‍ കൂടുതല്‍ എഴുതുമ്പോള്‍ അതില്‍ ആവര്‍ത്തനങ്ങള്‍ പെരുകിവരും. എന്നാല്‍ ആവര്‍ത്തനങ്ങള്‍ ഇല്ലെന്നുള്ളതാണ് ശ്രീധരന്‍പിള്ളയുടെ പുസ്തകങ്ങളെ വേറിട്ടതാക്കുന്നതെന്നും അദ്ദേഹം വിലയിരുത്തി.
ഐക്കണ്‍സ് ഓണ്‍ മൈ ലിറ്ററേച്ചര്‍, സ്ത്രീരത്നങ്ങള്‍ എന്നീ പുസ്തകങ്ങള്‍ സി. രാധാകൃഷ്ണന് പ്രകാശനം ചെയ്തു. ശ്രീധരന് പിള്ളയുടെ ഭാര്യ അഡ്വ. റീത്തയുടെ ചിത്രപ്രദര്‍ശനവും ഉണ്ടായിരുന്നു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന് അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന് എംപി മുഖ്യാതിഥി ആയിരുന്നു. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ. ജോഷ്വ, അഡ്വ. ജോസഫ് തോമസ്, ആറ്റക്കോയ പള്ളിക്കണ്ടി, എം.പി. അഹമ്മദ്, ടി.എച്ച്. വത്സരാജ് പ്രസംഗിച്ചു.
ശ്രീധരന്‍പിള്ള മറുപടി പ്രസംഗം നടത്തി. പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഗോവ സര്‍ക്കാര്‍ അമ്പത് ലക്ഷം രൂപ രാജ്ഭവന്വേണ്ടി വകയിരുത്തിയെന്നും ഗോവയിലെ പുതിയ എഴുത്തുകാരുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും കേരളത്തിലെ എഴുത്തുകാര്‍ക്ക് വേണ്ടി ഈ പദ്ധതി ഉപയോഗപ്പെടുത്താന്‍ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിജില്‍ ഹ്യൂമണ്‍ റൈറ്റ്സ്, സുഹൃദ്സംഘം എന്നിവ സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: