ജയ്പൂര്‍: രാജസ്ഥാന് കോണ്‍ഗ്രസില്‍ വീണ്ടും തിരിച്ചടി. പ്രമുഖ കോണ്‍ഗ്രസ് നേതാവും എംഎല്‍എയും മുന്‍ മന്ത്രിയുമായ മഹേന്ദ്രജീത് സിങ് മാളവ്യ ബിജെപിയില്‍. രാജസ്ഥാന് ബിജെപി അധ്യക്ഷന്‍ സി.പി. ജോഷി, സംസ്ഥാന ചുമതലയുള്ള നേതാവ് അരുണ്‍ സിങ് എന്നിവരാണ് മാളവ്യയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. നാല് തവണ എംഎല്‍എയായ വ്യക്തിയാണ് മാളവ്യ. മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തിന്റെ വിശ്വസ്തന് കൂടിയായിരുന്നു ഇദ്ദേഹം.
വഗഡില് വികസനം കൊണ്ടുവന്നത് ബിജെപിയാണ്. അതാണ് തന്നെ ബിജെപിയിലേക്ക് അടുപ്പിച്ചത്. രാജ്യത്ത് വികസനം കൊണ്ടുവരാന്‍ ബിജെപിക്ക് മാത്രമേ സാധിക്കൂ. കോണ്‍ഗ്രസിന് പ്രത്യേകിച്ചൊരു കാഴ്ചപ്പാടില്ല. പിന്നെ എങ്ങിനെ എംഎല്‍എയായി ആ പാര്‍ട്ടിക്കുള്ളില്‍ തനിക്ക് തുടരാന്‍ സാധിക്കും. വികസനം എന്നത് ഒരു കടമ്പയാണ്. ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യം വികസനമാണ്. ഇരട്ട എന്ജിന് സര്‍ക്കാരാണ് രാജസ്ഥാന്റേത്. രാജ്യവും സംസ്ഥാനവും വികസനക്കുതിപ്പിലാണ്, മാളവ്യ പറഞ്ഞു.
ബിജെപിയില്‍ അംഗത്വമെടുത്തശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസം മുമ്പാണ് മാളവ്യ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജസ്ഥാന് മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ എന്നിവരുമായി ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: