ന്യൂദല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂന്നി, രാജ്യസുരക്ഷ ശക്തമാക്കാന്‍ 84,560 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാന്‍ കേന്ദ്രമന്ത്രിസഭയുടെ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
നാവികസേനയ്ക്കു വേണ്ടി, ഒന്‍പത് സമുദ്ര നിരീക്ഷണ വിമാനങ്ങളും തീരരക്ഷാ സേനയ്ക്കു വേണ്ടി, ആറ് പട്രോള്‍ വിമാനങ്ങളും വാങ്ങും. അവ 29,000 കോടി രൂപയ്ക്ക് ഭാരതത്തില്‍ത്തന്നെ നിര്‍മിക്കാനാണ് പദ്ധതി. സി 295 വിമാനങ്ങളാകും നിര്‍മിക്കുക.
ടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള, ഭാരതത്തില്‍ തന്നെ നിര്‍മിച്ച, കുഴിബോംബുകളും (മൈനുകള്‍) കവചിത വാഹനങ്ങള്‍ തകര്‍ക്കാന്‍ കരുത്തുള്ള ആയുധങ്ങളും (ആയുധങ്ങളും ക്യാമറകളും പിടിപ്പിച്ച ഡ്രോണുകളാണ് ഈ സംവിധാനത്തിലെ പ്രധാന ഇനം) താഴ്ന്നുപറക്കുന്ന, ശത്രുക്കളുടെ വിമാനങ്ങളും ഡ്രോണുകളും മിസൈലുകളും കണ്ടെത്താന്‍ ശേഷിയുള്ള വ്യോമ പ്രതിരോധ റഡാറുകളും ശത്രുക്കളുടെ മുങ്ങിക്കപ്പലുകളും മറ്റും വളരെ ദൂരെ തന്നെ കണ്ടെത്താന്‍ സഹായിക്കുന്ന സോണാറുകളും ഭാരതത്തിന്റെ കമ്പനികളില്‍ നിന്നു തന്നെ വാങ്ങും. ഇത്തരം സോണാറുകള്‍ യുദ്ധ, നിരീക്ഷണ കപ്പലുകളിലാണ് ഘടിപ്പിക്കുക. ശത്രുലക്ഷ്യങ്ങള്‍ തകര്‍ക്കുന്ന, മുങ്ങിക്കപ്പലുകളില്‍ പിടിപ്പിക്കുന്ന, ഭാരം കൂടിയ ടോര്‍പിഡോകളും വാങ്ങുന്നുണ്ട്. ഇവ കാല്‍വരി ക്ലാസ് മുങ്ങിക്കപ്പലുകളില്‍ ഘടിപ്പിക്കാം. വ്യോമ സേനയ്ക്കുവേണ്ടി, അന്തരീക്ഷത്തില്‍ തന്നെ യുദ്ധവിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കാനുള്ള റിഫ്യൂവലര് എയര്‍ക്രാഫ്റ്റും വാങ്ങുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: