ഛണ്ഡിഗഡ് : ദൽഹി ചലോ സമരത്തിൽ ഹരിയാനയിലെ അംബാലയ്‌ക്ക് സമീപമുള്ള ശംഭു അതിർത്തിയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രകോപിപ്പിക്കാനായി അവർക്ക് നേരെ കല്ലെറിയുന്ന നിരവധി കർഷകരുടെ വീഡിയോകൾ പുറത്ത് വിട്ട് ഹരിയാന പോലീസ്. ഇത്തരത്തിലുള്ള ക്ലിപ്പുകളുടെ ഒരു പരമ്പര വീഡിയോ തന്നെയാണ് എക്‌സിൽ ഹരിയാന പോലീസ് വെള്ളിയാഴ്ച പുറത്തുവിട്ടത്.
ഹരിയാന പോലീസ് എക്‌സിൽ പങ്കിട്ട വീഡിയോകളിലൊന്നിൽ, മുഖം മറച്ച നിരവധി യുവ പ്രതിഷേധക്കാർ ശംഭു അതിർത്തിയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുന്നത് കാണാം. മറ്റൊരു വീഡിയോയിൽ, പ്രതിഷേധിക്കുന്ന കർഷകർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ എറിയാൻ കല്ലുകൾ ശേഖരിക്കുന്നതും കാണാനാകും.
കർഷകർ നടത്തിയ ഈ ആക്രമണത്തിൽ 25 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരിൽ 18 ഹരിയാന പോലീസിനും ഏഴ് അർദ്ധസൈനിക സേനാംഗങ്ങളും ഉൾപ്പെടുന്നതായി പോലീസ് പറഞ്ഞു. ശംഭു അതിർത്തിയിൽ സമാധാനപരമായ പ്രതിഷേധം നടത്തുമെന്ന് ഉറപ്പുനൽകിയിട്ടും പോലീസുകാരെ പ്രകോപിപ്പിക്കാൻ പ്രതിഷേധക്കാർ നിരന്തരമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മറ്റൊരു ഒരു വീഡിയോയിൽ, പ്രതിഷേധക്കാരിൽ ഒരാളായ ഒരു യുവാവ് സിമൻ്റ് ബാരിക്കേഡിന് മുകളിൽ ഇരുന്നു വാൾ വീശുന്നത് കാണാം. പ്രതിഷേധക്കാരിൽ ചിലർ വടികളുമായി നിൽക്കുന്നതും അവരിൽ ഒരാൾ പോലീസുകാരെ വെല്ലുവിളിക്കുന്നതും കാണാനാകും.
അതേ സമയം കർഷക പ്രസ്ഥാനത്തിന്റെ മറവിൽ പ്രതിഷേധം പടരുന്നത് അനുവദിക്കാനാവില്ല. പ്രതിഷേധക്കാർ ക്രമസമാധാനപാലനം തകർക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടു.
സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും തങ്ങളുടെ മിനിമം താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് ദൽഹി ചലോയ്‌ക്ക് ആഹ്വാനം നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: