മോസ്കോ: ആഗോള ആരോഗ്യ മേഖലയ്ക്ക് ആശ്വാസകരമാകുന്ന സുപ്രധാന പ്രഖ്യാപനവുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്. കാന്‍സര്‍ വാക്സിനുകളെന്നോ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്ന പുതിയ തലമുറ മരുന്നെന്നോ വിളിക്കപ്പെടുന്നവയുടെ നിര്‍മാണത്തോട് ഞങ്ങള്‍ അടുത്തിരിക്കുന്നു. വൈകാതെ അത് രോഗികളില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പുടിന് കൂട്ടിച്ചേര്‍ത്തു. ആധുനിക സാങ്കേതികവിദ്യകള്‍ സംബന്ധിച്ച ഒരു ഫോറത്തില്‍ സംസാരിക്കുകയായിരുന്നു പുടിന്.
ഏത് തരത്തിലുള്ള കാന്സറിനുള്ളതാണ് വാക്സിനെന്നും, അതിന്റെ മറ്റുവിവരങ്ങളും പുടിന് വെളിപ്പെടുത്തിയിട്ടില്ല. ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം, സെര്‍വിക്കല്‍ കാന്‍സറിന് ഉള്‍പ്പെടെ കാരണമായേക്കാവുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസിനെ (എച്ച്പിവി) പ്രതിരോധക്കാന്‍ ആറ് വാക്സിനുകള്‍ നിലവിലുണ്ട്. കൂടാതെ ലിവര്‍ കാന്‍സറിലേക്ക് നയിക്കുന്ന ഹെപ്പറ്റൈറ്റിസ് ബിക്കും പ്രതിരോധ കുത്തിവയ്പുകളുണ്ട്.
കാന്‍സര്‍ വാക്സിന് വികസിപ്പിക്കുന്നതിനായി നിരവധി രാജ്യങ്ങളും കമ്പനികളും പരീക്ഷണങ്ങള്‍ തുടരുകയാണ്. കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ടുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് ജര്‍മനി ആസ്ഥാനമായുള്ള ബയോഎന്‍ടെക്കുമായി യുകെ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കരാറില്‍ ഒപ്പുവച്ചിരുന്നു.
മാറിവരുന്ന ജീവിതശൈലി കാരണം ലോകത്ത് അഞ്ചില്‍ ഒരാള്‍ കാന്‍സര്‍ ബാധിതനാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാന്‍സര്‍ ബാധിക്കുന്ന ഒന്‍പത് പുരുഷന്മാരില് ഒരാളും 12 സ്ത്രീകളില്‍ ഒരാളും മരിക്കുന്നു. 2022ല്‍ 97 പേര് കാന്‍സര്‍ മൂലം മരിച്ചു. രണ്ട് കോടി പേര്‍ക്കാണ് ഇതേ വര്‍ഷം കാന്‍സര്‍ സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: