കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ അതിക്രമങ്ങളെ തുടര്‍ന്ന് ബംഗാളിലെ ഹിന്ദുക്കള്‍ക്ക് പരസ്യമായി പ്രാര്‍ത്ഥന നടത്താന്‍ പോലും സാധിക്കുന്നില്ലെന്ന് ബിജെപി. തൃണമൂല്‍ കോണ്‍ഗ്രസ് അക്രമികളെ ഭയന്ന് ബസിര്‍ഹട്ടിലെ ഹിന്ദുക്കള്‍ അതീവ രഹസ്യമായാണ് പ്രാര്‍ത്ഥന നടത്തുന്നതെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ സുകന്ത മജുംദാര്‍ പറഞ്ഞു.
ദുര്‍ഗാ പൂജയ്ക്കിടെ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിന് മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. മുഖ്യമന്ത്രി മമത കുറ്റകരമായ മൗനം പാലിക്കുകയാണ്. ജനങ്ങളുടെ വികസനത്തിനല്ല, രാഷ്ട്രീയ വളര്‍ച്ചയ്ക്ക് മാത്രമാണ് മമതയുടെ ശ്രമം. സംസ്ഥാന സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പ്രതികരിക്കും, മജുംദാര്‍ പറഞ്ഞു.
സന്ദേശ് ഖാലിയില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളില്‍ ബംഗാള്‍ സര്‍ക്കാരിനെ ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ രൂക്ഷമായി വിമര്‍ശിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മൗനം പാലിക്കുകയാണ്. ഹിന്ദു യുവതികളെ ടിഎംസി നേതാവ് ഷാജഹാന്റെ നേതൃത്വത്തില്‍ മാനഭംഗപ്പെടുത്തി എന്ന് വ്യക്തമായിട്ടും മമത നടപടിയെടുക്കുന്നില്ല. ബലാത്സംഗംചെയ്യുന്നവരുടെ സര്‍ക്കാരാണ് ബംഗാളിലേതെന്നും ഭാട്ടിയ കുറ്റപ്പെടുത്തി.
അതേസമയം ഷാജഹാനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സന്ദേശ് ഖാലിയില്‍ ദിവസങ്ങളായി സ്ത്രീകളുടെ പ്രതിഷേധം തുടരുകയാണ്. പ്രദേശത്ത് വീണ്ടും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 144 പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയതാണ്. എന്നാല്‍ സംഘര്‍ഷാവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: